Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightഭീഷണിയായി 'ഹൗസ്...

ഭീഷണിയായി 'ഹൗസ് ക്രോ'; 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാന്‍ കെനിയ

text_fields
bookmark_border
Indian crows,
cancel

2024 അവസാനത്തോടെ രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള ഒരുക്കത്തിലാണ് കെനിയന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ കാക്കകള്‍ കടന്നുകയറ്റക്കാരാണെന്നും അവ തങ്ങളുടെ രാജ്യത്തെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് കാക്കകളുടെ കൂട്ടക്കുരുതിക്ക് കെനിയ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ക്ക് ഭീഷണിയാണെന്നും കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് (കെ.ഡബ്യു.എസ്.) ഉദ്യോഗസ്ഥര്‍ അറിയിച്ചു. കര്‍ഷകരുടെയും ഹോട്ടലുടമകളുടെയും പ്രതിഷേധത്തെത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കെഡബ്ല്യുഎസ് ഡയറക്ടർ ജനറലിനെ പ്രതിനിധീകരിച്ച് വൈൽഡ് ലൈഫ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ചാൾസ് മുസ്യോക്കി പറഞ്ഞു.

പൊതുവെ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന കാക്കകളെയാണ് ഹൗസ് ക്രോ (കോര്‍വസ് സ്‌പ്ലെന്‍ഡെന്‍സ്) എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന കാവതിക്കാക്കയൊക്കെ ഈ ഗണത്തില്‍പെടുന്നവയാണ്. ഇവ കെനിയയിലെ പ്രാദേശിക ആവാസവ്യവസ്ഥയില്‍പെട്ട പക്ഷിവര്‍ഗമല്ലെന്നും ഈ കാക്കകള്‍ രാജ്യത്തിന് ഭീഷണിയാണെന്നും കെ.ഡബ്യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നു. കെനിയൻ തീരപ്രദേശങ്ങളിലാണ് ഇന്ത്യന്‍ കാക്കകള്‍ കൂടുതലായും കാണപ്പെടുന്നത്. തീരപ്രദേശത്തെ ടൂറിസത്തിനും കൃഷിക്കുമാണ് ഇവ പ്രധാന വെല്ലുവിളിയാകുന്നത്. ഇവിടുത്തെ ജനങ്ങളുടെ അഭ്യര്‍ഥന സര്‍ക്കാരിന് കേള്‍ക്കാതിരിക്കാനാവില്ലെന്ന് ചാള്‍സ് മുസ്യോകി വ്യക്തമാക്കി.

'കെനിയയിലെ പ്രാദേശിക പക്ഷിവര്‍ഗങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ കാക്കകള്‍ക്ക് അക്രമസ്വഭാവം കൂടുതലാണ്. അവ പ്രാദേശിക പക്ഷികളുടെ കൂടുകള്‍ തകര്‍ക്കുകയും മുട്ടകള്‍ നശിപ്പിക്കുകയും പക്ഷിക്കുഞ്ഞുങ്ങളെ കഴിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രാദേശിക പക്ഷികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നത് പ്രദേശത്തെ കീടങ്ങളും പ്രാണികളും പെരുകുന്നതിന് കാരണമാകും. ഇത് രാജ്യത്തിന്റെ ആവാസവ്യവസ്ഥയെ മുഴുവന്‍ ദോഷകരമായി ബാധിക്കും' - കെനിയയിലെ പ്രശസ്ത പക്ഷിനിരീക്ഷകനും പക്ഷിസംരക്ഷകനുമായ കോളിന്‍ ജാക്‌സണ്‍ വ്യക്തമാക്കി.

ഒരു പ്രദേശത്തെ ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവര്‍ഗങ്ങള്‍ അവിടെ കടന്നുകയറി പ്രത്യുല്‍പാദനം നടത്തുന്നതിനെ ജൈവാധിനിവേശം (ഇന്‍വെസീവ് ഏലിയന്‍ സ്പീഷീസ്) എന്ന് പറയുന്നു. ഇത് പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ പ്രാദേശിക പക്ഷിവര്‍ഗങ്ങളായ സ്കെലി ബാബ്ലറുകൾ ( ടർഡോയിഡ്സ് സ്ക്വാമുലറ്റ ), പൈഡ് കാക്കകൾ ( കോർവസ് ആൽബസ് ), സയനോമിത്ര വെറോക്സി , നെയ്ത്തുകാരൻ പക്ഷികൾ ( പ്ലോസീഡേ ), സാധാരണ വാക്സ്ബില്ലുകൾ ( എസ്ട്രിൾഡ ആസ്ട്രിൾഡ് ) കടൽത്തീരത്തുള്ള വിവിധയിനം കടൽ പക്ഷികൾ എന്നീ ജീവജാലങ്ങളുടെ നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. വിളകൾ നശിപ്പിക്കുകയും വിനോദ സഞ്ചാരികളുടെ ഭക്ഷണങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹോട്ടല്‍ ഉടമകളും കര്‍ഷകരും ആശങ്കയിലാണ്.

ഇതാദ്യമായല്ല കെനിയന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ഇന്ത്യന്‍ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്. 20 വര്‍ഷം മുമ്പ് ഇതുപോലെ വലിയ തോതില്‍ ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കിയിരുന്നു. എന്നാല്‍ അവ വീണ്ടും പെറ്റുപെരുകുകയായിരുന്നു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ കാക്കകളെ കൊന്നൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ഹോട്ടലുടമകള്‍ക്കും കര്‍ഷകര്‍ക്കും ഇവയെ വിഷം നല്‍കി കൊല്ലാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KenyaHouse CrowIndian crows
News Summary - 'House Crow' as threat; Kenya to kill 1 million Indian crows
Next Story