ഒൽ പെജറ്റയിലെ സിംഹങ്ങളുടെ ഡിന്നർ മെനു മാറ്റിയ അധിനിവേശ ഉറുമ്പുകൾ; ജന്തുലോകത്തെ കൗതുകം കണ്ടെത്തി ഗവേഷകർ
text_fieldsനെയ്റോബി: മൃഗങ്ങളുടെ ലോകത്തെ പരസ്പര ബന്ധങ്ങൾ പലതും കൗതുകം നിറഞ്ഞതാണ്. ഭക്ഷണത്തിനും അതിജീവനത്തിനും വേട്ടയാടലിനുമൊക്കെ മൃഗങ്ങൾ തമ്മിൽ പലതരത്തിൽ ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. അത്തരത്തിൽ കൗതുകം നിറഞ്ഞ ഒരു കണ്ടെത്തലാണ് കെനിയയിലെ ഒൽ പെജറ്റ സംരക്ഷിതവനമേഖലയിൽ നിന്ന് ഗവേഷകർ നടത്തിയത്.
കാട്ടിലെ രാജാവെന്ന വിശേഷണമുള്ളവരാണല്ലോ സിംഹങ്ങൾ. ഒൽ പെജറ്റയിലെ സിംഹങ്ങളുടെ പ്രധാന ഭക്ഷണം സീബ്രകളായിരുന്നു. എന്നാൽ, സമീപകാലത്തായി സിംഹങ്ങൾ മെനുവിൽ മാറ്റം വരുത്തിയതായി ഗവേഷകർ കണ്ടെത്തി. സീബ്രകൾക്ക് പകരം കാട്ടുപോത്തുകളെയാണ് സിംഹങ്ങൾ വേട്ടയാടിക്കൊന്ന് ഭക്ഷിക്കാൻ തുടങ്ങിയത്. ഇതിന്‍റെ കാരണം അന്വേഷിച്ചപ്പോഴാണ് ഒരുകൂട്ടം ഉറുമ്പുകളാണ് സിംഹങ്ങളെ ഭക്ഷണം മാറ്റാൻ നിർബന്ധിതരാക്കിയതെന്ന് കണ്ടെത്തിയത്.
അധിനിവേശ സ്പീഷിസായ വലിയ തലയൻ ഉറുമ്പുകളാണ് ഒൽ പെജറ്റയിൽ കടന്നുകയറി സിംഹത്തിന്‍റെ ഭക്ഷണരീതി മാറ്റിയത്. ഒൽ പെജറ്റയിൽ ഇല്ലാത്തവയായിരുന്നു വലിയ തലയുള്ള ഉറുമ്പുകൾ. ഇത് വിനോദസഞ്ചാരികൾ വഴിയോ മറ്റോ ഒൽ പെജറ്റയിൽ എത്തിയതെന്നാണ് കരുതുന്നത്. ഇവ ഒൽ പെജറ്റയിൽ മുമ്പ് നിറയെ ഉണ്ടായിരുന്ന അകേഷ്യ ഉറുമ്പുകളെ കൊന്നൊടുക്കി മേധാവിത്വം നേടി.
വിസ്ലിങ് തോൺ എന്നറിയപ്പെടുന്ന മരങ്ങൾ നിറഞ്ഞതാണ് ഒൽ പെജറ്റ വനമേഖല. വിസ്ലിങ് തോൺ മരങ്ങളിലാണ് അകേഷ്യ ഉറുമ്പുകൾ പ്രധാനമായും കൂടുകൂട്ടിയിരുന്നത്. ഇതിന് പകരമായി അകേഷ്യ ഉറുമ്പുകൾ വിസ്ലിങ് തോൺ മരങ്ങളെ ആനകളിൽ നിന്ന് സംരക്ഷിച്ചുവന്നു. ഉറുമ്പുകളുടെ സാന്നിധ്യം കാരണം ആനകൾ ഈ മരങ്ങളെ തൊടുകയോ കായ്കളും ഇലകളും പറിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല.
വിസ്ലിങ് തോൺ മരങ്ങൾ തിങ്ങിനിറഞ്ഞ് ഇരുണ്ടുനിന്ന കാട്ടിൽ സിംഹങ്ങൾക്ക് സീബ്രകളെ വേട്ടയാടൽ എളുപ്പമായിരുന്നു. മറഞ്ഞ് നിന്ന് യഥേഷ്ടം സീബ്രകളെ സിംഹങ്ങൾ ആഹാരമാക്കി. എന്നാൽ, അകേഷ്യ ഉറുമ്പുകളെ വലിയ തലയൻ ഉറുമ്പുകൾ കൊന്നൊടുക്കിയതോടെ കാട്ടിൽ മാറ്റം സംഭവിച്ചു. വിസ്ലിങ് തോൺ മരങ്ങളെ ആനകളിൽ നിന്ന് സംരക്ഷിക്കാൻ അകേഷ്യ ഉറുമ്പുകളില്ലാതായി. ഇതോടെ ആനകൾ ഈ മരങ്ങളുടെ ഇലകളും കായ്കളും ധാരാളമായി അകത്താക്കാൻ തുടങ്ങി. മരങ്ങൾ കുത്തിമറിച്ചിടുകയും ചെയ്യും. ഇതോടെ, കാടിന്‍റെ ഇരുണ്ട സ്വഭാവം നഷ്ടമായി. കാട്ടിൽ കൂടുതൽ വെളിച്ചം വീണതും സിംഹങ്ങൾക്ക് ഒളിച്ചിരിക്കാനും പഴയതുപോലെ സീബ്രകളെ വേട്ടയാടിപ്പിടിക്കാനും പറ്റാതായി. ഇതോടെ, സിംഹങ്ങൾക്ക് സീബ്രകൾക്ക് പകരം കാട്ടുപോത്തുകളെ വേട്ടയാടേണ്ടിവന്നു. സീബ്രകളേക്കാൾ സാഹസികമാണ് കാട്ടുപോത്തുകളെ വേട്ടയാടാൻ. എന്നിട്ടും, കാടിന്‍റെ സാഹചര്യം മാറിയതോടെ കാട്ടുപോത്തുകളെ വേട്ടയാടാൻ സിംഹങ്ങൾ നിർബന്ധിതരായെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
'സയൻസ്' ജേണലിലാണ് ഗവേഷകർ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. വൈൽഡ് ലൈഫ് എക്കോളജിസ്റ്റ് ജെയ്ക് ഗോഹീനും സഹ ഗവേഷകരുമാണ് 15 വർഷത്തെ നിരീക്ഷണത്തിലൂടെ ഈ കണ്ടെത്തലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.