Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightബ്ലീച്ചിങ് പൗഡർ കലക്കി...

ബ്ലീച്ചിങ് പൗഡർ കലക്കി അനധികൃത മീൻപിടിത്തം: മുന്നറിയിപ്പുമായി പരിസ്ഥിതി പ്രവർത്തകർ

text_fields
bookmark_border
ബ്ലീച്ചിങ് പൗഡർ കലക്കി അനധികൃത മീൻപിടിത്തം:  മുന്നറിയിപ്പുമായി പരിസ്ഥിതി പ്രവർത്തകർ
cancel
camera_altബ്ലീച്ചിങ് പൗഡർ വിതറിയതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ

മ്മു കശ്മീരിൽ ബ്ലീച്ചിങ് പൗഡർ വിതറിയുള്ള അനധികൃത മീൻപിടിത്തം വ്യാപകമാകുന്നത് മേഖലയിലെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. ജലമലിനീകരണത്തിനൊപ്പം മനുഷ്യൻ ഉൾപ്പെടെ ജീവജാലങ്ങളെ ഗുരുതരമായി ബാധിക്കുന്ന രീതിയിലേക്ക് നിയമലംഘനം വ്യാപിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകരും ആരോഗ്യപ്രവർത്തകരും ആശങ്ക അറിയിച്ചിട്ടുണ്ട്. ഝലം നദിയുടെ പോഷകനദിയായ സിന്ധിന്റെ ഉത്ഭവ സ്ഥാനമായ ഗന്ദർബലിലെ കാൻഗാനിൽ സ്ഥിതി അതീവ ഗുരുതരമാണ്. ട്രൗട്ട് മത്സ്യത്തെ പിടിക്കാനായാണ് ഇവിടെ വ്യാപകമായി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നത്.

“മത്സ്യ സമ്പത്ത് നശിക്കുന്ന കാഴ്ച വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. ബ്ലീച്ചിങ് പൗഡറിന്റെ നിയമവിരുദ്ധ ഉപയോഗം പ്രകൃതിയെ നിന്ദിക്കുന്നതിനു തുല്യമാണ്. വെള്ളത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ ജലശക്തി വകുപ്പിൽ മാത്രമേ ബ്ലീച്ചിങ് പൗഡർ ലഭിക്കുകയുള്ളൂ. സാധാരണക്കാർക്ക് എങ്ങനെയാണ് ഇത് ലഭിക്കുന്നത് എന്നതാണ് ആശങ്ക. ഇത്തരം സംഭവങ്ങൾ വർഷം തോറും സംഭവിക്കുന്നു, ഇലക്ട്രിക്ക് ഷോക്ക് ഉപയോഗിച്ച് മീൻപിടിക്കുന്നതും സാധാരണമാണ്.” -പരിസ്ഥിതി പ്രവർത്തകനായ രാജ പർവേസ് പറയുന്നു. ഗന്ദർബലിന് പുറമെ ബാരാമുള്ള, പുൽവാമ എന്നിവിടങ്ങളിലും വ്യാപകമായി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നുണ്ട്.


ഡോ. മുദസ്സിർ ബാൻഡി 2012ൽ ഇന്റർനാഷണൽ ജേണൽ ഓഫ് ഫാർമ സയൻസസ് ആൻഡ് റിസർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ദാൽ തടാകത്തിൽ ശുദ്ധജല മത്സ്യമായ അൽഗഡ് സ്നോ ട്രൗട്ടിനെ പിടിക്കാനായി ക്ലോർപൈറിഫോസ് എന്ന കീടനാശിനി ഉപയോഗിക്കുന്നതായി പറയുന്നുണ്ട്. കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ദാൽ തടാകത്തിൽ ബ്ലീച്ചിങ് പൗഡറിന്റെ ഉപയോഗം ട്രൗട്ട് മത്സ്യത്തിന്റെ എണ്ണം ഗണ്യമായി കുറക്കുകയും ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

ബ്ലീച്ചിങ് പൗഡർ നേരിട്ട് വെള്ളത്തിൽ പ്രയോഗിക്കുന്നത് ഹാനികരമാണ്. എന്നാൽ കശ്മീരിന്റെ പല ഭാഗങ്ങളിലും ഇത് സാധാരണമാണ്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി പല ജലവിതരണ പ്ലാന്റുകളിലും ഉപയോഗിക്കുന്ന ക്ലോറിൻ വാതകവും അപകടകരമായ രീതിയായി കണക്കാക്കപ്പെടുന്നു.

ഫിഷറീസ് വകുപ്പിൽ ആളില്ല, ഫലപ്രദമല്ലാത്ത പിഴയും ശിക്ഷയും

ഗവേഷക പണ്ഡിതനായ തജാമുൽ നടത്തിയ ഗവേഷണമനുസരിച്ച്, കശ്മീരിൽ നിന്നുള്ള മത്സ്യോൽപാദനം 2000ൽ 84.18 ശതമാനം ആയിരുന്നത് 2018ൽ 73.21 ശതമാനമായി കുറഞ്ഞു. പഠനമനുസരിച്ച് , ഈ കുറവ് സൂചിപ്പിക്കുന്നത്, സർക്കാർ നിക്ഷേപത്തിൻ്റെ അപര്യാപ്തതയും മത്സ്യമേഖലയിലെ മാന്ദ്യവുമാണ്. 1960ലെ കശ്മീർ ഫിഷറീസ് ആക്ട് പ്രകാരം കുറ്റകരമാണെങ്കിലും, മത്സ്യത്തെ കൊല്ലാൻ ബ്ലീച്ചിങ് പൗഡർ, ഡൈനാമിറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് ലൈസൻസ് ഉടമകൾ ഫിഷറീസ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു.

ജമ്മു കശ്മീരിലെ ഫിഷറീസ് വകുപ്പിൽ ജീവനക്കാർ വളരെ കുറവാണ്. ഇത് നിയമലംഘനത്തിന് കാരണമാകുന്ന വലിയ ഘടകമാണ്. എല്ലാ ജില്ലകൾക്കും പ്രോജക്ടുകൾക്കുമായി ഏകദേശം 1800 ജീവനക്കാരാണ് വകുപ്പിലുള്ളത്, അവരിൽ പലരും വിരമിക്കാറായി. നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയാലും ഫിഷറീസ് ആക്ട് പ്രകാരം ചെറിയ പിഴയടച്ച് കേസിൽനിന്ന് ഒഴിവാകാം. നിരോധിത മേഖലകളിൽ മത്സ്യബന്ധനം നടത്തിയാൽ 100 ​​രൂപ പിഴയോ രണ്ട് മാസം തടവോ ആണ് ശിക്ഷ. ഡൈനാമിറ്റ് ഉപയോഗിച്ചാൽ 50 രൂപയോ ഒരു മാസത്തെ ജയിൽ ശിക്ഷയോ ലഭിക്കും.


ആരോഗ്യ പ്രശ്നങ്ങൾ നിരവധി

മത്സ്യങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡർ കഴിക്കുന്നത് ശ്വസന, ചർമ, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്ന് കെമിസ്ട്രി പ്രഫസറായ ലത്തീഫ് അഹമ്മദ് മുന്നറിയിപ്പ് നൽകുന്നു. ചെറിയ അളവിൽ ബ്ലീച്ചിങ് പൗഡർ ശരീരത്തിനകത്ത് എത്തുന്നത് വായ, തൊണ്ട, ദഹനനാളം എന്നിവിടങ്ങളിൽ അസ്വസ്ഥതയുണ്ടാക്കും. മനംപിരട്ടൽ, ഛർദ്ദി, വയറുവേദന എന്നിവക്കും കാരണമാകും. സാന്ദ്രീകൃത ബ്ലീച്ച് ദഹനനാളത്തെ നശിപ്പിക്കുമെന്നും മാരക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.

പ്രശ്നം പരിഹരിക്കുന്നതിന് കർശന നിയന്ത്രണങ്ങളും പൊതുജന ബോധവൽക്കരണ കാമ്പെയ്‌നുകളും ആവശ്യമാണ്. കശ്മീരിലെ നദികളുടെയും ആവാസവ്യവസ്ഥയുടെയും ആരോഗ്യകരമായ നിലനിൽപ്പിന് ഭീഷണിയാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഏജൻസികൾ, പരിസ്ഥിതി സംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവ തമ്മിലുള്ള സഹകരണം നിർണായകമാണ്. പാരിസ്ഥിക ആഘാതത്തോടൊപ്പം ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാനും സർക്കാർ തയാറാകണം.

ബ്രിട്ടീഷുകാർ കശ്മീരിൽ എത്തിച്ച ട്രൗട്ട് മത്സ്യങ്ങൾ

മഹാരാജ പ്രതാപ് സിങ്ങിന്റെ ഭരണകാലത്ത്, 18-ാം നൂറ്റാണ്ടിന്റെ അവസാനവും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് ട്രൗട്ട് മത്സ്യങ്ങളെ കശ്മീരിൽ എത്തിച്ചത്. ബ്രിട്ടീഷുകാർ തങ്ങളുടെ നാട്ടിലെ വിനോദമായ ‘ചൂണ്ടയിടലി’നായി ഈ മത്സ്യത്തെ താഴ്‌വരയിലെ ജലാശയങ്ങളിലേക്ക് കൊണ്ടുവരികയായിരുന്നു. 1899-ൽ ബെഡ്ഫോർഡ് ഡ്യൂക്ക് 10,000 ട്രൗട്ട് മത്സ്യ കുഞ്ഞുങ്ങളെ കശ്മീരിലേക്ക് അയച്ചെങ്കിലും അവ വഴിയിൽ വച്ച് നശിച്ചു. 1900ൽ സ്‌കോട്ട്‌ലൻഡിൽനിന്ന് വീണ്ടും ട്രോട്ട് മത്സ്യമുട്ടകൾ കൊണ്ടുവന്നു. ഇത് വിരിയിച്ച് കശ്മീർ താഴ്‌വരയിലെ വിവിധ നദികളിൽ ഒഴുക്കിവിടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and KashmirIllegal Fishing
News Summary - Illegal bleaching powder fishing devastates Kashmir’s rivers and ecosystems
Next Story