180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 180ാം സ്ഥാനത്ത്; പരിസ്ഥിതി നിലവാര സൂചികയിൽ നില അതിദയനീയം
text_fieldsന്യൂഡൽഹി: ആഗോളതലത്തിലെ പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യയുടെ സ്ഥിതി അതിദയനീയമെന്ന് യു.എസ് സൂചിക. 180 രാജ്യങ്ങളുള്ള അന്തർദേശീയ പട്ടികയിൽ ഇന്ത്യ 180ാം സ്ഥാനത്താണ്. കൊളംബിയ, യേൽ സർവകലാശാലകൾ സംയുക്തമായി പുറത്തിറക്കിയ പരിസ്ഥിതി പ്രകടന സൂചിക (ഇ.പി.ഐ) 2022ൽ ഡെന്മാർക്കാണ് ഒന്നാമത്. ബ്രിട്ടൻ, ഫിൻലൻഡ് എന്നിവ തൊട്ടുപിന്നിൽ നിൽക്കുമ്പോൾ ബംഗ്ലാദേശിനും മ്യാന്മറിനുമെല്ലാം പിന്നിൽ ഏറ്റവും അവസാനമാണ് ഇന്ത്യയുള്ളത്. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതാണ് ഏറ്റവും മുന്നിലുള്ള രാജ്യങ്ങൾക്ക് നേട്ടമായത്.
''18.9 പോയന്റുമായി ഇന്ത്യയാണ് ഏറ്റവും പിന്നിൽ. മ്യാന്മർ 19.4, വിയറ്റ്നാം 20.1, ബംഗ്ലാദേശ് 23.1, പാകിസ്താൻ 24.6 എന്നിങ്ങനെയുമാണ്. 28.4 പോയന്റുമായി 161ാം സ്ഥാനത്താണ് ചൈന. സുസ്ഥിരതയെക്കാൾ സാമ്പത്തിക വളർച്ചക്ക് പ്രാധാന്യം നൽകിയതോ ആഭ്യന്തര പ്രശ്നങ്ങൾ പോലുള്ള പ്രതിസന്ധികളോ ആകാം ഈ രാജ്യങ്ങൾ പിന്നാക്കം പോകാൻ കാരണം'' -റിപ്പോർട്ട് പറയുന്നു. അപകടകരമാംവിധം മോശമാകുന്ന അന്തരീക്ഷവായുവും ഹരിതഗൃഹവാതകങ്ങൾ വമ്പിച്ച തോതിൽ പുറത്തുവിടുന്നതുമാണ് ഇന്ത്യയെ ഏറ്റവും പിന്നിലെത്തിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2050ഓടെ ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്ന ഒന്നും രണ്ടും രാജ്യങ്ങൾ ചൈനയും ഇന്ത്യയുമായിരിക്കുമെന്നും പറയുന്നു. 44ാം സ്ഥാനത്തുള്ള യു.എസ്, പടിഞ്ഞാറൻ സമ്പന്ന രാജ്യങ്ങളിൽ താരതമ്യേന പിന്നിലാണ്. ഇതേ നില തുടരുകയാണെങ്കിൽ ആകെയുള്ള ഹരിതഗൃഹവാതക ബഹിർഗമനത്തിന്റെ പകുതിയിലേറെയും ഇന്ത്യ, ചൈന, യു.എസ്, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.