സമുദ്രനിരപ്പ് ഉയർന്നാൽ പ്രധാന എണ്ണ തുറമുഖങ്ങളെ വിഴുങ്ങും; മുന്നറിയിപ്പുമായി ഗവേഷക സംഘം
text_fieldsലണ്ടൻ: കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി ഉയരുന്ന സമുദ്രനിരപ്പ്, ലോകത്തിലെ ഏറ്റവും വലിയ എണ്ണ തുറമുഖങ്ങളെ മുക്കിക്കളയുമെന്ന് ചൂണ്ടിക്കാണിച്ച് പഠനം. ഫോസിൽ ഇന്ധനമായ എണ്ണയുടെ അധികരിച്ച ഉപഭോഗം ആഗോളതാപനത്തിനും സമുദ്ര നിരപ്പുയരുന്നതിനും കാരണമാകുന്നതിനാൽ ഈ ഭീഷണിയെ ‘വൈരുദ്ധ്യാത്മകം’ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ‘ഇൻ്റർനാഷണൽ ക്രയോസ്ഫിയർ ക്ലൈമറ്റ് ഇനിഷ്യേറ്റീവ്’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
കേവലം 1 മീറ്റർ സമുദ്രനിരപ്പ് ഉയർന്നാൽ പോലും ഏറ്റവും കൂടുതൽ സൂപ്പർ ടാങ്കർ ഗതാഗതമുള്ള പതിമൂന്ന് തുറമുഖങ്ങളെ ഗുരുതരമായി നശിക്കുമെന്ന് വിശകലനം കണ്ടെത്തി. സൗദി അറേബ്യയിലെ താഴ്ന്ന വിതാനത്തിലുള്ള രണ്ട് തുറമുഖങ്ങളായ റാസ് തനൂറ, യാൻബു എന്നിവയെ പ്രത്യേകമായി ബാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു. ഇവ രണ്ടും നടത്തുന്നത് സൗദി സ്റ്റേറ്റ് ഓയിൽ സ്ഥാപനമായ അരാംകോയാണ്. കൂടാതെ രാജ്യത്തെ എണ്ണ കയറ്റുമതിയുടെ 98 ശതമാനവും ഈ തുറമുഖങ്ങൾ വഴിയാണ്.
യു.എ.ഇ, ചൈന, സിംഗപ്പൂർ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ തുറമുഖങ്ങളും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരായ യു.എസിലെ ഹൂസ്റ്റണിലെയും ഗാൽവെസ്റ്റണിലെയും എണ്ണ തുറമുഖങ്ങളും ഈ പട്ടികയിലുണ്ട്.
‘എണ്ണ ടാപ്പുകൾ ഓഫ് ചെയ്യാൻ വിസമ്മതിക്കുക എന്നതിനർത്ഥം സമുദ്ര നിരപ്പ് ഉയരാൻ ടാപ്പുകൾ തുറന്നിടുക എന്നാണ്. ഐസ് ഉരുകൽ കഴിഞ്ഞ 30 വർഷത്തിനിടെ സമുദ്രനിരപ്പ് ഇരട്ടിയാക്കിയിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മാറുന്നതിന് ലോക നേതാക്കൾ തയ്യാറായില്ലെങ്കിൽ ഇതിന്റെ ഭയാനകമായ ആഘാതം ഇനിയും വർധിക്കും’- ഐ.സി.സി.ഐയിലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ജെയിംസ് കിർഖാം പറയുന്നു.
ഒരു നൂറ്റാണ്ടിനുള്ളിൽ സമുദ്രനിരപ്പ് 1 മീറ്റർ ഉയരുമെന്നത് ഇപ്പോൾ ഉറപ്പാണെന്നും മഞ്ഞുപാളികൾ തകരുകയും കാർബൺ ബഹിർഗമനം നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ 2070ൽ തന്നെ ഇത് സംഭവിക്കാമെന്നുമാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അടുത്ത ഒന്നോ രണ്ടോ സഹസ്രാബ്ദങ്ങളിൽ 3 മീറ്റർ കൂടുതൽ വിനാശകരമായ ഉയർച്ച സംഭവിക്കും. അത് ചിലപ്പോൾ 2100 കളുടെ തുടക്കത്തിൽ തന്നെ സംഭവിച്ചേക്കാം.
കാലാവസ്ഥാ പ്രതിസന്ധിയുടെ ഏറ്റവും കടുത്ത ദീർഘകാല ആഘാതമാണ് സമുദ്രനിരപ്പ് ഉയരുന്നത്. ഇത് ലോകമെമ്പാടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തീരദേശത്തേക്ക് ഉപ്പുവെള്ളം നുഴഞ്ഞുകയറുന്നത് അടിത്തറയെ നശിപ്പിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത് ലോകത്തിന്റെ ഭൂപടം വീണ്ടും മാറ്റി വരക്കുകയും ന്യൂയോർക്ക് മുതൽ ഷാങ്ഹായ് വരെയുള്ള പല പ്രധാന നഗരങ്ങളെയും ബാധിക്കുകയും ചെയ്യും.
എന്നാൽ, സർക്കാറുകളുടെയും കോർപ്പറേറ്റുകളുടെയും ഹ്രസ്വകാല താൽപ്പര്യങ്ങൾമൂലം ഇക്കാര്യങ്ങൾ അവഗണിക്കപ്പെടുകയാണെന്നും സമുദ്രനിരപ്പ് ഉയരുന്നതിന്റെ ശാസ്ത്രീയ വിലയിരുത്തലുകളിൽ നിന്നുള്ള അടിസ്ഥാന വിവരങ്ങൾ സർക്കാറുകളുടെ ബോധത്തിൽ എത്തിയതായി തോന്നുന്നില്ലെന്നും ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.