കർഷകരെ ദ്രോഹിക്കുകയാണ് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് :കർഷകരെ ദ്രോഹിക്കുകയാണ് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. ആലപ്പുഴ കളർകോട് കൃഷി അസിസ്റ്റൻറ് ഓഫിസിൽ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ നടത്തുന്ന കർഷകദ്രോഹം വ്യക്തമായത്. വിവിധ കാർഷിക യന്ത്രോപകരണങ്ങൾ കർഷകർ നേരിട്ട് ഓഫീസിൽ എത്തി എഗ്രിമെന്റ് വച്ച് കൊണ്ടുപോകുകയാണ് പതിവ്. ഓഫീസിൽ ആറ് ട്രാക്ടർ ഡ്രൈവർമാർ ഉണ്ടെങ്കിലും ഇവരാരും മെഷീൻ പ്രവർത്തിപ്പിച്ച് നൽകുന്നതിന് പോകുന്നില്ല.
കർഷകർ സ്വന്തം ചെലവിൽ മറ്റ് ഡ്രൈവർമാരെ നിയോഗിച്ചാണ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നത്. ഡ്രൈവർമാരും ക്ലീനർമാരും യന്ത്രോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഫീൽഡിൽ പോകുന്നില്ലെന്ന് ഹാജർ പുസ്തകം, മൂവ്മെന്റ് രജിസ്റ്റർ എന്നിവ പരിശോധിച്ചതിൽനിന്ന് വ്യക്തമായി.
കർഷകർക്ക് യാന്തോപകരണങ്ങൾ നൽകുമ്പോൾ അവർ 200 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റ് വെക്കണെന്ന വ്യവസ്ഥയുണ്ട്. യന്ത്രം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഡീസൽ, യന്ത്ര കൊണ്ടു പോകുക, തിരി കൊണ്ടുവരിക എന്നിവയുടെ ചാർജ് കർഷകർ വഹിക്കണം. യന്ത്രം തിരികെ എൽപ്പിക്കുന്നതുവരെ സ്വന്തം ഉത്തരവാദിതത്തിൽ ആയിരിക്കുമെന്നും തുടങ്ങി അനേകം നിബന്ധനകൾ എഗ്രിമെന്റിൽ ചേർത്തിട്ടുണ്ട്.
എന്നാൽ ഓഫീസിൽ മുമ്പ് സൂക്ഷിച്ചിട്ടുള്ള എഗ്രിമെന്റുകൾ പരിശോധിച്ചതിൽ ഏത് കാർഷിക ഉപകരണമാണ് നൽകിയതെന്നോ എത്ര ദിവസത്തേക്കാണോ നൽകിയതെന്നോ ഉള്ള പൂർണ വിവരങ്ങൾ ചേർക്കാമെയാണ് ഉപകരണങ്ങൾ നൽകിയിട്ടുള്ളതെന്ന പരിശോധനയിൽ കണ്ടെത്തി. കർഷകരിൽ നിന്ന് 10,000 രൂപ അഡ്വാൻസായി സ്വീകരിക്കുന്നു. ആ തുകയ്ക്ക് രസീത് നൽകുകയോ സ്വീകരിച്ച തുക ക്യാഷ് ബുക്കിൽ ചേർക്കുകയോ ചെയ്യുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
ഫോർമാൻ, വർക്ക് സുപ്രണ്ട്, മെക്കാനിക് ഇലക്ട്രീഷൻ, വെൽഡർ, ഫിറ്റർ തുടങ്ങിയ നിരവധി തസ്തികകളും ജീവനക്കാരും ഉണ്ടെങ്കിലും ഉപകരണങ്ങളുടെ ചെറിയ കേടുപാടുകൾ കണ്ടെത്തി റിപ്പയർ ചെയ്യുന്നതിന് ആർക്കും താൽപര്യമില്ല. ആവശ്യക്കാർ എത്തുമ്പോൾ മാത്രമാണ് ഉപകരണം റിപ്പയറിംഗ് നടത്താൻ ശ്രമിക്കുന്നത്.
സാങ്കേതിക വിഭാഗം ജീവനക്കാർക്ക് 2020 മെയ് 11ന് ചുമതകൾ വീതിച്ച് ഉത്തരവ് നൽകിയിരുന്നു. ഓരോ ഉപകരണത്തിന്റെയും പ്രവർത്തന ക്ഷമത, ആവശ്യമായ അറ്റകുറ്റപണികൾ തുടങ്ങിയ വിവരങ്ങൾ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനിയറെ അറിയിക്കേണ്ടതാണ്. എന്നാൽ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് എന്തൊക്കെ വിവരങ്ങൾ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ധരിപ്പിച്ചുവെന്നോ ഇതിൽ എന്തൊക്കെ ഇനം ജോലികൾ ആര് എന്ന് നിർവഹിച്ചുവെന്നോ തുടങ്ങിയുള്ള വിവരങ്ങൾ രേഖപ്പെടിത്തിയിട്ടില്ല.
സാങ്കേതിക വിഭാഗം ജീവനക്കാർ എന്തൊക്കെ ജോലി ചെയ്യുന്നുവെന്നോ ഇവരുടെ തസ്തികകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ജോലികൾ ഈ ഓഫീസിൽ ഉണ്ടെന്ന് ഉറപ്പുവന്നതിനോ സാധിച്ചിട്ടില്ല.
മിക്ക കാർഷിക യന്തോപകരണങ്ങളുടെ വിലയും അവ സംബന്ധിച്ച വിവരങ്ങളും രജിസ്റ്ററുകളിൽ യഥാസമയം ചേർക്കാതിരുന്നത് അക്കാലയളവിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇതുവഴി എത്ര രൂപ വിലവരുന്ന ഉപകരണങ്ങളാണ് പ്രവർത്തനക്ഷമമായിട്ടുള്ളതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താവുന്ന നിരവധി കാർഷികയന്ത്രോപകരണങ്ങൾ ഉണ്ടെങ്കിലും കട്ടനാടൻ പാടശേഖരങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ ഉപകരണങ്ങളല്ല വിവിധ ഘട്ടങ്ങളിലായി വാങ്ങി യത്. കുട്ടനാടൻ പാടശേഖരങ്ങളിൽ ഈ യന്ത്രങ്ങൾ നിരവധി തവണ താഴ്ന്നുപോകുന്ന അവസ്ഥയുണ്ടായി. ഓരോ യന്ത്രോപകരണങ്ങൾ വാങ്ങുമ്പോഴും അവ ജില്ലയുടെ ഭൂപ്രകൃതിക്ക് അനുസരിച്ച് ഉപയോഗപ്പെടുത്താവുന്നതാണോ എന്ന പ്രായോഗിക പഠനം നടത്താതെ വാങ്ങിയതിനാലും കാലക്രമേണ ആധുനിക രീതിയിലുള്ള യന്ത്രാപകരണങ്ങളുടെ വരവും ഈ ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിന് കാരണമായെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.