ജോഷിമഠ്: വിനോദസഞ്ചാരികളുടെ വരവ് പാരിസ്ഥിതിക ആഘാതം വർധിപ്പിച്ചുവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡെൽഹി: വിനോദസഞ്ചാരികളുടെ വരവ് ജോഷിമഠ് മേഖലയിൽ പാരിസ്ഥിതിക ആഘാതം വർധിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഹിന്ദുകുഷ് ഹിമാലയൻ മേഖലയിലെ ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യം മോശമായിട്ടാണ് ആസൂത്രണം ചെയ്തതെന്നും 2019 ൽ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ജോഷിമഠ് ദുരന്തം ഹിന്ദുകുഷ് ഹിമാലയൻ (എച്ച്.കെ.എച്ച്) മേഖലയിലെ വലിയ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരിസ്ഥിതി ലോലമായ ഈ പ്രദേശത്തെ തടസമില്ലാത്ത ടൂറിസവും പരിസ്ഥിതിക്ക്മേൽ വലിയ സമ്മർദം ചെലുത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് ഏകദേശം 240 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. 190 കോടി (1.9 ബില്യൺ ) ജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ പ്രയോജനപ്പെടുന്ന പത്ത് നദീതടങ്ങളുടെ ജന്മസ്ഥലമാണ് ഈ പ്രദേശം.
എച്ച്.കെ.എച്ച് മേഖലയിലെ പ്രതിസന്ധി ആ പ്രദേശത്തുള്ളവരെ മാത്രമല്ല, അതിന്റെ വിഭവങ്ങളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെയും ബാധിക്കും. പരിസ്ഥിതി ലോല പ്രദേശമായ ഈ പ്രദേശത്തെ അനിയന്ത്രിതമായ ടൂറിസം പ്രാദേശിക പരിസ്ഥിതിക്ക് പ്രശ്‌നമുണ്ടാക്കുന്നു. പ്രദേശത്തിന്റെ സ്വാഭാവിക രൂപം നഷ്‌ടപ്പെടുകയും തുടർച്ചയായ വാണിജ്യ പ്രവർത്തനങ്ങളാൽ വികലമാവുകയും ചെയ്യുന്നു. ഇന്ത്യയിൽ ഹിമാലയൻ പ്രദേശത്തിന് 2,500 കിലോമീറ്റർ നീളവും 220-330 കിലോമീറ്റർ വീതിയുമുണ്ട്.
ഇത് 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നു. രാജ്യത്തിന്റെ ഈ പ്രദേശത്ത് ഏകദേശം 50 ദശലക്ഷം ആളുകൾ താമസിക്കുന്നു. വിനോദ സൗകര്യങ്ങൾ, അതിഥി മന്ദിരങ്ങൾ, ക്യാമ്പിങ് സൈറ്റുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പലപ്പോഴും പർവത പരിസ്ഥിതിയെ സാരമായി ബാധിക്കുന്നു. മിക്ക എച്ച്.കെ.എച്ച് മേഖലയിലെയും ടൂറിസം പദ്ധതികൾ മോശമായിട്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിനോദസഞ്ചാരവും ആവാസവ്യവസ്ഥയുടെ തകർച്ചക്ക് കാരണമായെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.