വനിതാ ദിനത്തിൽ പുഴ വൃത്തിയാക്കി കഥക് നർത്തകി ഡോ. പാലി ചന്ദ്രയും ശിഷ്യരും
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുതിയ മാതൃകയുമായി കഥക് നർത്തകി ഡോ. പാലി ചന്ദ്രയും ശിഷ്യരും. കേരളത്തിൻ്റെ മനോഹാരിതയിൽ മയങ്ങി, കേരളത്തിൽ നൃത്ത ചിത്രീകരണം നടത്താൻ വർഷങ്ങളായി വരുന്നവരാണ് ഇവർ. എന്നാൽ പുളിയറക്കോണത്തിനടുത്ത് മൈലമൂട് പ്രദേശത്ത് കരമനയാറിന്റെ തുടക്കത്തിൽ ചിത്രീകരണത്തിനിറങ്ങിയപ്പോൾ ചുറ്റും കണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ അവരെ നിരാശപ്പെടുത്തി.
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഒരു പ്രചാരണമാവാം എന്ന് നർത്തക സംഘം തീരുമാനിച്ചു. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി മോഹനും അംഗമായ സൂസി ബീനയും തീരുമാനത്തെ സ്വാഗതം ചെയ്തു.
രാവിലെ എട്ടു മുതൽ ഗുരു പാലി ചന്ദ്രയും ശിഷ്യരായ മൈഥിലി പട്ടേൽ, ജാനകി തോറാട്ട്, ജൂലിയ, വൃന്ദ ഭാൻഡുല, സ്വരശ്രീ ശ്രീധർ എന്നിവരും പഞ്ചായത്തിലെ വനിത നേതാക്കൾക്കും സമീപവാസികൾക്കും ഗീതാഗോവിന്ദം ചിത്രീകരണം സംഘടിപ്പിച്ച നാട്യസൂത്ര ഓൺലൈൻ ഡോട്ട് കോം പ്രവർത്തകർക്കുമൊപ്പം പുഴ ശുചീകരണം ആരംഭിച്ചു. ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ പുഴയുടെ ഇരുഭാഗവും പ്ലാസ്റ്റിക് മുക്തമാക്കി.
സ്വിറ്റ്സർലൻഡിൽ സ്ഥിരതാമസക്കാരിയായ ഡോ. പാലി ചന്ദ്ര ഏതാണ്ട് അഞ്ച് വർഷമായി ഗീതഗോവിന്ദം പൂർണമായും നൃത്തരൂപത്തിൽ ആവിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. ചരിത്രത്തിലാദ്യമായാണ് ഗീതഗോവിന്ദത്തിന് എല്ലാ പദങ്ങളും നൃത്തരൂപത്തിൽ ആലേഖനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.