കേരളത്തിലുള്ളത് 1793 കാട്ടാനകൾ; എണ്ണം കുറഞ്ഞെന്ന് കാട്ടാനകളുടെ കണക്കെടുപ്പിലെ കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: കേരളത്തിൽ 1793 കാട്ടാനകളുണ്ടെന്ന് വനംവകുപ്പ്. മേയ് 23, 24, 25 തീയതികളിൽ നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പിലാണ് ആനകളുടെ എണ്ണം ലഭിച്ചത്. 2023ലെടുത്ത കണക്കെടുപ്പ് പ്രകാരം 1920 കാട്ടാനകളുണ്ടായിരുന്നെന്നും ഇത്തവണ എണ്ണത്തിൽ കുറവുണ്ടായെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
സംസ്ഥാനത്തെ 9622.708 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ ആനകളുള്ളതായി കണ്ടെത്തിയ 3499.52 ചതുരശ്ര കിലോമീറ്ററിലെ നാലുമുതൽ 7.09 ചതുരശ്ര കിലോമീറ്റർ വരെയുള്ള 608 സാമ്പിൾ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുത്തത്. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും ഇതേദിവസം കണക്കെടുത്തു. ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ആനകളെ കാണാനിടയുള്ള വാട്ടർഹോൾ-അരുവികൾ കേന്ദ്രീകരിച്ചുള്ള ഓപൺ ഏരിയ കൗണ്ട് എന്നീ രീതിയിലായിരുന്നു സെൻസസ്.
ബ്ലോക്ക് കൗണ്ടിൽ ഒറ്റയാൻ ഉൾപ്പെടെ 384 ഗ്രൂപ്പുകളിലായി 1073 ആനകളെയാണ് നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയത്. ബാക്കിയുള്ളവ ഡംഗ് കൗണ്ട്, ഓപൺ ഏരിയ കൗണ്ട് എന്നീ രീതികളിലൂടെ കണ്ടെത്തുകയായിരുന്നു. നേരിട്ടെണ്ണിയതിൽ 81 എണ്ണത്തിനെ തരംതിരിക്കാനായിട്ടില്ല. ബാക്കിയുള്ള 992 ആനകളിൽ മുതിർന്ന ആനകൾ 61 ശതമാനവും അതിൽ താഴെയുള്ളവ 18 ശതമാനവും കുട്ടിയാനകൾ 20 ശതമാനവുമുണ്ട്. എണ്ണം കുറയാനുള്ള കാരണങ്ങൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വിവിധ മേഖലകളിൽ കണ്ടെത്തിയ ആനകൾ
(ബ്രായ്ക്കറ്റിൽ 2023ലെ കണക്ക്)
ആനമുടി -696 (615)
നിലമ്പൂർ -171 (198)
പെരിയാർ -811 (813)
വയനാട് -249 (178)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.