കേരളത്തിന് പൊള്ളുന്നു, ഇന്നും ഉയർന്ന ചൂട്: പിന്നിൽ നാല് ഘടകങ്ങൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നും കനത്ത ചൂട് തുടരുന്നു. പലയിടങ്ങളിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ (AWS) പലയിടങ്ങളിലും ഇന്നലെ നാല്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.
കണ്ണൂര്‍ ചേമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂര്‍, കൂത്താട്ടുകുളം, മണ്ണാര്‍ക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും 40ന് മുകളിലാണ് ഇന്നലെ ചൂട് അനുഭവപ്പെട്ടത്.
ചൂട് കൂടാൻ നാല് കാരണങ്ങൾ:
അന്തരീക്ഷത്തിൽ പ്രകടമാവുന്ന നാല് പ്രധാന ഘടകങ്ങളാണ് കനത്ത ചൂടിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
1. മാർച്ച് 21 മുതൽ സൂര്യൻ പ്രത്യക്ഷത്തിൽ ഭൂമധ്യരേഖയിൽനിന്ന് വടക്കോട്ട് നീങ്ങുന്ന സാഹചര്യത്തിൽ സൂര്യകിരണങ്ങൾ ലംബമായി ഭൂമിയിൽ പതിക്കുന്നു. ഇതുമൂലം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
2. അൾട്രാ വയലറ്റ് രശ്മികളുടെ ആധിക്യവും ചൂട് ക്രമാതീതമായി കൂടാനുള്ള സാഹചര്യം ഒരുക്കുന്നു.
3. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം അടുത്ത ദിവസങ്ങളിൽ വല്ലാതെ കനക്കും. ഇത് ചൂട് പരിധി വിടാൻ ഇടയാക്കും.
4. വേനൽമഴ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതും കാര്യങ്ങൾ കൈവിടുന്നതിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
ഈ നാല് ഘടകങ്ങൾ ഒന്നുചേർന്നതോടെ കേരളം ഇനിയും ഏറെ പൊള്ളും. മലപ്പുറത്തും പാലക്കാടും 43 ഡിഗ്രി സെൽഷ്യസിൽ തിളക്കാൻ ഇടയാക്കിയതും ഈ ഘടകങ്ങൾതന്നെയാണ്. അടുത്ത ദിവസങ്ങളിലും ഇതേ പ്രതിഭാസങ്ങൾക്ക് മാറ്റമില്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ കരുതലാണ് ഉചിതം.
പ്രതീക്ഷ വേനൽമഴയിൽ
ചൂട് ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ വേനൽമഴക്കായി കാത്തിരിക്കുകയല്ലാതെ നിർവാഹമില്ല. ഇടിയോടുകൂടിയ മഴ 2019 മുതൽ 2022 വരെ പരക്കെ അല്ലെങ്കിലും മാർച്ച് അവസാനം മുതൽ ഏപ്രിൽ മുഴുക്കെ ലഭിച്ചതാണ് കഴിഞ്ഞ വർഷങ്ങളിൽ വലിയ ചൂടിൽനിന്ന് കേരളം രക്ഷപ്പെടാൻ കാരണം. നിലവിൽ വേനൽമഴ കാര്യമായി ലഭിക്കാത്ത സാഹചര്യത്തിൽ മാർച്ചിനെ വെല്ലുന്ന ചൂട് ഏപ്രിലിൽ പ്രതീക്ഷിക്കാം.
മാർച്ച് ഒന്നുമുതൽ ഏപ്രിൽ 12 വരെ 28 ശതമാനം മഴക്കമ്മിയാണ് നിലവിലുള്ളത്. 71.2ന് പകരം 51.3 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചത്. മധ്യ -തെക്കൻ ജില്ലകളിലാണ് അൽപമെങ്കിലും മഴ ലഭിച്ചത്.
അതുതന്നെ ഒറ്റപ്പെട്ടതാണെങ്കിലും സമീപപ്രദേശങ്ങളിലേക്ക് ഈർപ്പ തോത് കൂട്ടാൻ ഇത് ഏറെ സഹായകമാണ്. അതേസമയം, അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാലാണ് ഈർപ്പ -താപ സൂചിക 58 കടക്കാനും ഇടയാക്കുന്നത്. കടലിൽനിന്നുള്ള ജലാംശത്തോടുകൂടിയ ചൂടുകാറ്റും ഒപ്പം അന്തരീക്ഷ ബാഷ്പീകരണവും ഈർപ്പം കൂടുന്നതിന് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.