കാലാവസ്ഥ പ്രതിസന്ധിയിൽ കോഴിക്കോട് ജില്ല; കർമപദ്ധതി വേണം
text_fieldsകോഴിക്കോട്: ജില്ലയിൽ ചൂട് ക്രമാതീതമായി കൂടുകയും ജലക്ഷാമം രൂക്ഷമാകുകയും കാർഷിക മേഖല ഒന്നടങ്കം പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സാഹചര്യമാണ് മഴ ലഭ്യതയിലെ താളപ്പിഴ മൂലം ഉണ്ടായിട്ടുള്ളതെന്ന് ‘കാലാവസ്ഥ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും കാർഷിക മേഖലയിൽ’ ജില്ലതല ശിൽപശാലയിൽ അഭിപ്രായമുയർന്നു.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ജില്ല നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും കാർഷിക മേഖലയിൽ രൂപപ്പെടുത്തേണ്ട പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി സംസ്ഥാന ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററും കാർഷിക വികസന കർഷകക്ഷേമ വകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസർ, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
പ്രകൃതിയുടെ സ്വാഭാവിക സന്തുലനാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ സർക്കാർ വകുപ്പുകളും പ്രാദേശിക സർക്കാറുകളും ചേർന്ന് നടപ്പാക്കിയാൽ വെല്ലുവിളികളെ ഒരളവുവരെ പ്രതിരോധിക്കാനാകുമെന്ന് കാർഷിക വിദഗ്ധ ഉഷ ശൂലപാണി ചൂണ്ടിക്കാട്ടി.
ജില്ലയുടെ പ്രധാന ജലസ്രോതസ്സുകളായ നദികളുടെ ഉത്ഭവ പ്രദേശങ്ങളിൽ മണ്ണും വിഭവങ്ങളും സംരക്ഷിക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആവശ്യമാണ്. വനവും കൃഷിയും നശിച്ചാൽ അതിജീവനം എളുപ്പമല്ല. ഭൂപ്രകൃതി സംരക്ഷിക്കുന്നതും കാലാവസ്ഥ കെടുതികൾ അതിജീവിക്കുന്നതുമായ വിത്തുകളും കാർഷിക രീതികളും ഉറപ്പാക്കണം. കാർബൺ ന്യൂട്രൽ പദ്ധതി ജില്ലയിൽ വ്യാപകമാക്കണമെന്നും അവർ പറഞ്ഞു.
ജില്ലയിലെ കർഷകർക്ക് കൃത്യമായ നഷ്ടപരിഹാരം, വിള ഇൻഷുറൻസ്, പരിസ്ഥിതി പുനഃസ്ഥാപനത്തിൽ ഊന്നിയ പുനരുദ്ധാരണം എന്നിവ ഉറപ്പാക്കുന്ന കർമപദ്ധതി ഉണ്ടാകണമെന്ന് കാലാവസ്ഥ വിദഗ്ധനായ സി.ജി. മധുസൂദനൻ രാജേഷ് കൃഷ്ണൻ ചൂണ്ടിക്കാട്ടി. അടിയന്തര ആശ്വാസം, വിമുക്തി, പുനരുജ്ജീവനം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. ജില്ലയിൽ വരൾച്ചയും വെള്ളപ്പൊക്കവും ഇടവിട്ടുവരുന്ന അവസ്ഥയുണ്ട്.
രണ്ടും വ്യത്യസ്ത സംഗതികളല്ലെന്നും അതിജീവനം ദുഷ്കരമാക്കുന്ന സമാനമായ കാലാവസ്ഥാ പ്രതിഭാസങ്ങളാണെന്നും മനസ്സിലാക്കിയുള്ള പരിഹാര നടപടികളാണ് വേണ്ടത്. ഇടനാടൻ കുന്നുകളും ചെങ്കൽ കുന്നുകളും ഇടിച്ചു നിരത്തപ്പെട്ടത് ജലസംരക്ഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ കാലവർഷം കേരളത്തിലെ വടക്കൻ ജില്ലകളിൽ ദുർബലമായിരുന്നുവെന്നതിനാൽ വരൾച്ചക്ക് സമാനമായ അവസ്ഥ വരും നാളുകളിൽ ഉണ്ടായേക്കാമെന്നും ചൂട് ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിൽപശാല ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ല ഗുരുതരമായ കാലാവസ്ഥ അതിജീവന പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി. കാലാവസ്ഥ മാറ്റം എല്ലാവരെയും ബാധിക്കുന്നുണ്ടെന്നും ആക്ഷൻ പ്ലാൻ ഉണ്ടാകണമെന്നും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കാലാവസ്ഥ മാറ്റത്തെ തടുക്കുന്ന പ്രവർത്തനങ്ങൾക്ക് അനിവാര്യമാണെന്നും അവർ പറഞ്ഞു.
കൃഷി, മണ്ണ് സംരക്ഷണം, മൃഗപരിപാലനം, മത്സ്യബന്ധനം, മത്സ്യകൃഷി, ഊർജ സംരക്ഷണം, വനം എന്നീ വകുപ്പുകളിൽ നിന്നുമായി ശിൽപശാലയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരിൽ പലരും ഇതര വകുപ്പുകൾ നടപ്പാക്കുന്ന സമാന പദ്ധതികളെക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചു. വകുപ്പുകൾക്കിടയിൽ ഏകോപനം ഉണ്ടാക്കാനും കൂട്ടായ പ്രവർത്തന പരിപാടികൾ രൂപവത്കരിക്കാനും ശ്രമങ്ങളുണ്ടാകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വെല്ലുവിളികളെ നേരിടുന്നതിനുള്ള വിവിധ ധനസമാഹരണ മാർഗങ്ങൾ, അവക്കായി ബന്ധപ്പെടേണ്ട ഏജൻസികൾ എന്നിവ പരിചയപ്പെടുത്തുന്ന സെഷനും കാലാവസ്ഥ അതിജീവനം സംബന്ധിച്ച മാതൃക പദ്ധതികൾ പരിചയപ്പെടുത്തലുകളുമുണ്ടായിരുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ ശിൽപശാലകൾ സംഘടിപ്പിക്കുകയും ഇതിൽനിന്ന് ഉരുത്തിരിയുന്ന നിർദേശങ്ങളും പരിഹാരങ്ങളും ക്രോഡീകരിച്ചു സംസ്ഥാന സർക്കാറിന് സമർപ്പിക്കുകയും ചെയ്യും. പരിസ്ഥിതി ഗവേഷകൻ സി. ജയരാമൻ, പ്രിൻസിപ്പൽ അഗ്രികൾചർ ഓഫിസർ കെ. ലിസി ആന്റണി, ഊർജ കാര്യക്ഷമത വിദഗ്ധൻ ജോൺസൺ ഡാനിയേൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.