കൂളാണ് ഈ കുട്ടിവനം...
text_fieldsതൊടുപുഴ: മനസ്സും ശരീരവും തണുപ്പിക്കാൻ ഒരിത്തിരി തണൽ തേടിയുള്ള യാത്രയിലാണ് പലരും... അത്തരമൊരു സ്ഥലം തൊടുപുഴക്കടുത്തുണ്ട്. ഇടവെട്ടി പഞ്ചായത്തിലെ കുട്ടിവനം എന്നറിയപ്പെടുന്ന സ്വാഭാവിക വനമാണത്. ഇടതൂർന്ന് വളരുന്ന വൻ മരങ്ങളും അപൂർവയിനം പക്ഷികളും ഔഷധസസ്യങ്ങളുംകൊണ്ട് സമ്പന്നമായ ഇടമാണ് ഇവിടം. മൂപ്പതേക്കറിൽ പരന്നുകിടക്കുന്ന ചെറുവനത്തിലെ കാഴ്ചകൾ ആരുടെയും മനസ്സിനെ കുളിർപ്പിക്കും. മരങ്ങൾ തിങ്ങിനിറഞ്ഞ കുട്ടിവനത്തിന് നടുവിലൂടെ കാഴ്ചകൾകണ്ട് നടക്കാം. തൊടുപുഴയിൽനിന്ന് നാല് കിലോമീറ്ററേയുള്ളൂ ഇടവെട്ടി നഗരവനത്തിലേക്ക്.
കനത്ത ചൂടിൽ തൊടുപുഴ നഗരം വെന്തുരുകുമ്പോഴും ഇടവെട്ടിയിലെ കുട്ടിവനത്തിൽ നല്ല തണുപ്പാണ്. തൊട്ടടുത്തുള്ള എം.വി.ഐ.പി കനാലാണ് പ്രധാന ആകർഷണം. കുട്ടിവനത്തിലെ മനോഹര കാഴ്ചകൾ കാണാൻ എല്ലാവർക്കും അവസരം ഒരുങ്ങുകയാണ്. കേന്ദ്ര സർക്കാറിന്റെ നഗരവനം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് കുട്ടിവനം കൂടുതൽ ശ്രദ്ധയകാർഷിച്ചു തുടങ്ങിയത്. എട്ട് ഘട്ടങ്ങളിലായാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. കഫേറ്റീരിയ, ടിക്കറ്റ് കൗണ്ടർ, ഇരിപ്പിടങ്ങൾ, 500 മീറ്റർ നടപ്പാത എന്നിവയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
ഇനിയുള്ള ഘട്ടങ്ങളിൽ 100 ബാംബൂ തൈകൾ, നക്ഷത്രവനം, ബട്ടർഫ്ലൈ പ്ലാന്റേഷൻ, ഔഷധസസ്യത്തോട്ടം, പുൽമേട് എന്നിവയും ഒരുങ്ങും. വനം വകുപ്പിന്റെ കോതമംഗലം ഡിവിഷൻ തൊടുപുഴ റേഞ്ചിന് കീഴിലാണ് ഇടവെട്ടി വനം സ്ഥിതിചെയ്യുന്നത്. എം.വി.ഐ.പി പദ്ധതിയുടെ ഭാഗമാണ് കനാൽ. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. തൊടുപുഴയിൽനിന്നു പന്നിമറ്റം-പൂമാല റോഡിൽ സഞ്ചരിച്ച് ഇടവെട്ടി ബാങ്ക് ജങ്ഷനിലെത്തി അവിടെനിന്നു ഇടവെട്ടി പഞ്ചായത്തിനു മുന്നിലുള്ള കനാൽ റോഡിലൂടെ 250 മീറ്റർ സഞ്ചരിച്ചാൽ കുട്ടിവനത്തിലെത്താം.നഗരത്തിൽ ഒരു വനം.
അതിന്റെ പ്രാധാന്യം ആളുകളെ ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. നൂറിലധികം വർഷം പഴക്കമുള്ള പടുകൂറ്റൻ മരങ്ങൾ, അപൂർവയിനം ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയുടെ സങ്കേതം കൂടിയാണിവിടം. നട്ടുച്ചക്കുപോലും നല്ല തണുപ്പാണ് ആരെയും ആകർഷിക്കുന്നത്. കൂടാതെ വനത്തിന്റെ വിശാലതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.