പുഴയോരത്ത് കുട്ടിയാനയുടെ സുഖനിദ്ര; അകമ്പടിയായി കാട്ടാനക്കൂട്ടം
text_fieldsഅടിമാലി: ഓരിലെ വെള്ളം നുകര്‍ന്ന ശേഷം കരയില്‍ കുട്ടിയാനയുടെ സുഖനിദ്ര. അകമ്പടിയായി കാട്ടാനക്കൂട്ടവും. മാങ്കുളം ആനക്കുളം പുഴയോരത്താണ് കാട്ടാനക്കൂട്ടത്തിന്റെ ഈ കൗതുക ഒത്തുചേരൽ.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് പുഴക്കരികിൽ ഓരിലെ വെള്ളം നുകരാന്‍ ഇരുപതിലേറെ കാട്ടാനകള്‍ എത്തിയത്. വെള്ളം കുടിച്ച് കുളിയും നടത്തി കാട്ടാനക്കൂട്ടം തിരിച്ച് പോകാനൊരുങ്ങുമ്പോൾ കൂട്ടത്തിലെ ആനക്കുട്ടി പുഴയോരത്ത് പുല്പടര്പ്പില് കിടക്കുകയും ഉറങ്ങിപ്പോകുകയും ചെയ്തു. ഇതോടെ അമ്മയാന സമീപത്ത് നിലയുറപ്പിച്ചു. മടങ്ങാൻ തുടങ്ങിയ ആനക്കൂട്ടം ഇതോടെ ഇവർക്കരികിലേക്ക് എത്തുകയായിരുന്നു. ഒരുമണിക്കൂറിലേറെ കുട്ടിയാനയുടെ ഉറക്കം നീണ്ടു. ഈ സമയമത്രയും ഇവരുടെ അടുക്കല്‍നിന്ന് മാറാതെ മറ്റാനകളും നിലയുറപ്പിച്ചു. അതേസമയം, പുഴക്കിപ്പുറം ഈ അപൂര്‍വ കാഴ്ചകാണാന്‍ നാട്ടുകാരും സഞ്ചാരികളുമടക്കം നിരവധി പേർ തടിച്ചുകൂടി.
ആനക്കൂട്ടം വെള്ളം കുടിച്ച ശേഷം തിരികെ മടങ്ങാത്തതെന്തെന്ന് ആദ്യം കാഴ്ചക്കാര്‍ക്ക് മനസ്സിലായില്ല. പരിസരം വീക്ഷിച്ചവരാണ് കുട്ടിയാനയും അമ്മയും പുല്പരപ്പില് കിടന്നുറങ്ങുന്നത് കണ്ടത്. ഇതോടെ മാങ്കുളം റേഞ്ചിലെ വനപാലകരെത്തി ആളുകളെ നിയന്ത്രിക്കുകയായിരുന്നു. 8.30ഓടെ കുട്ടിയാന ഉറക്കമുണർന്നശേഷമാണ് കാട്ടാനക്കൂട്ടം വനത്തിലേക്ക് കയറിപ്പോയത്.
വേനല്‍ കടുത്തതോടെ ആനക്കുളത്തേക്കെത്തുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്. ആനക്കുളം പുഴയില്‍ ഒരു പ്രത്യേക സ്ഥലത്ത് (ഓര്) ഉപ്പുരസമുള്ള വെള്ളം കുടിക്കാനാണ് കാട്ടാനകള്‍ കൂട്ടത്തോടെ എത്തുന്നത്.
ആനക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസിനുനേരെ എതിര്‍ദിശയിലുള്ള ഈ കയത്തില്‍ കടുത്തവേനലിലും വെള്ളമുണ്ട്. ജില്ലയിലെ അവികസിത ഗ്രാമമാണ് മാങ്കുളം പഞ്ചായത്തിലെ ആനക്കുളം. മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇവിടത്തെ കാലാവസ്ഥയും പ്രകൃതിയും.
കാലവര്ഷത്തിലൊഴികെ ആനക്കുളത്തെത്തിയാല്‍ കാട്ടാനകൾ വെള്ളം കുടിക്കാനെത്തുന്നത് കാണാം. മറ്റിടങ്ങളില്‍ കാട്ടാനകള്‍ അക്രമകാരികളാണെങ്കില്‍ ആനക്കുളംകാർക്ക് കാട്ടാനകള്‍ ഉപദ്രവകാരികളല്ല. ചില ദിവസങ്ങളില്‍ 30 എണ്ണംവരെ കൂട്ടമായി വെള്ളം കുടിക്കാൻ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.