കുവൈത്ത്: പകൽ സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണം; ജൂലൈ കടന്നുപോകുക കനത്ത ചൂടിലൂടെ
text_fieldsകുവൈത്ത് സിറ്റി: ഈ വർഷം ജൂലൈ കടന്നുപോകുക കനത്തചൂടിലൂടെ ആകും. ലോകമെമ്പാടുമുള്ള ഏറ്റവും ചൂടേറിയ മാസങ്ങളിൽ ഒന്നായിരിക്കും ഈ മാസമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങളിൽ ഈ ആഴ്ച അവസാനത്തോടെ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കും.
കഴിഞ്ഞ വർഷം ജൂലൈ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന താപനില അടയാളപ്പെടുത്തിയ മാസമായി നാസയുടെ ഗൊദാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് സ്റ്റഡീസ് റിപ്പോർട്ട് ചെയ്തിരുന്നു. താപനില ഉയരുന്നത് തുടരുന്നതിനാൽ, ഈ വർഷം ജൂലൈ കഴിഞ്ഞ വർഷത്തെ റെക്കോഡിനെ മറികടക്കുമെന്ന് ശാസ്ത്രജ്ഞർ സൂചന നൽകി. താപനില മുൻ വർഷത്തെ മറികടന്നാൽ അത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചികയിലെത്തും.
കുവൈത്തിൽ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടും. താപനില 52 ഡിഗ്രി സെൽഷ്യസ് കവിയാൻ സാധ്യതയുണ്ട്. ഇന്ത്യൻ ന്യൂനമർദവുമായി ചേർന്ന് ഉയർന്ന മർദം കുവൈത്തിനെ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു.
ചൊവ്വാഴ്ച മുതൽ താപനില ക്രമാതീതമായി ഉയർന്നു തുടങ്ങി. ബുധനാഴ്ച 49 ഡിഗ്രി സെൽഷ്യസിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ 52 ഡിഗ്രി സെൽഷ്യസിലും ഉയരുമെന്നാണ് സൂചന.
പകൽ സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്താനും അൽ ഒതൈബി പൗരന്മാരോടും താമസക്കാരോടും നിർദേശിച്ചു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- പകല്‍ 11 മണി മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി
- സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
- പരമാവധി ശുദ്ധജലം കുടിക്കുക
- കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയവ ഒഴിവാക്കുക.
- അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
- പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
- യാത്രയിലേര്‍പ്പെടുന്നവര്‍ വെള്ളം കൈയിൽ കരുതുക
- കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക
- ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പു വരുത്തുക
- അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.