ജലം ലോക സമാധാനത്തിന്; ഇന്ന് ലോക ജല ദിനം
text_fields2024ലെ ലോക ജല ദിനത്തിന്‍റെ തീം ലോക സമാധാനത്തിനായി ജലത്തെ പ്രയോജനപ്പെടുത്തുക (leveraging water for peace) എന്നതാണ്. എല്ലാ വർഷവും മാർച്ച് 22നാണു ലോക ജല ദിനമായി ആചരിക്കുന്നത്. ജലഉപയോഗത്തിലെ സൂക്ഷ്മതയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്‌ഷ്യം.
ലോക ജല ദിനമെന്ന നിർദേശം ആദ്യമായി ഉയർന്നു വന്നത് 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ചേർന്ന യു.എൻ കോൺഫറൻസ് ഓൺ എൻവയോൺമെന്‍റ് ആൻഡ് ഡെവലപ്മെന്‍റിൽ (UNCED) ആണ്. ഇതേ തുടർന്ന് യു.എൻ ജനറൽ അസംബ്‌ളി 1993 മാർച്ച് 22 മുതൽ എല്ലാവർഷവും ലോക ജലദിനം ആചരിക്കുവാൻ തുടങ്ങി.
ജലക്ഷാമവും ജലമലിനീകരണവും വ്യാപകമായിരിക്കെ തന്നെ ജലം പങ്കിടുന്നതിലുള്ള അസമത്വവും വർധിച്ചു വരുന്ന സാഹചര്യവും ലോകത്ത് നിലനിൽക്കുന്നു. ഫലസ്തീൻ ജനതയ്ക്ക് മഴവെള്ളം സംഭരിക്കാൻ പോലുമുള്ള അവകാശത്തെ ഇസ്രായേൽ നിഷേധിക്കുന്ന റിപ്പോർട്ടുകളും നാം വായിച്ചു.
ലോകത്ത് 300 ഓളം കോടി വരുന്ന ജനങ്ങൾ ഏകദേശം രാജ്യാന്തര അതിർത്തികൾ പങ്കിടുന്ന ജല വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്നു. ഇതിൽ തന്നെ 153 ഓളം രാജ്യങ്ങൾ മാത്രമേ നദികൾ, തടാകങ്ങൾ, ജലാശയങ്ങൾ അതിർത്തി രാജ്യങ്ങളുമായി പങ്കിടുന്നുള്ളു. 24 രാജ്യങ്ങൾ മാത്രമാണ് ഇത്തരത്തിലുള്ള സഹകരണ കരാറുകളിൽ നിയമം മൂലം ഉൾപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും , ജന സംഖ്യാ വർധനവും കണക്കിലെടുത്താൽ ജലാശയങ്ങൾക്കു വളരെ അധികം ശോഷണം സംഭവിച്ചിട്ടുണ്ട്. കൂടാതെ പ്രകൃതി ദുരന്തങ്ങളിൽ വലിയൊരു പങ്കും ജലസംബന്ധിയാണ് (വാട്ടർ റിലേറ്റഡ്) . വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ്, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീ, അതിശൈത്യം, വരൾച്ച, ജല ജന്യ രോഗങ്ങൾ എന്നിവ തുടർച്ചയായി ഉണ്ടാകുന്നതിനോടൊപ്പം ദുരന്ത തീവ്രതയും കൂടി വരുന്നു. അതി ദുർബല വിഭാഗങ്ങളെ (Most Vulnerable ) അവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന സാഹചര്യത്തിലേക്ക് എത്തിക്കുന്നതിന് ദുരന്ത പ്രത്യാഘതങ്ങൾ കാരണമാകുന്നു. ഇത്തരം അസമത്വങ്ങൾ വികസിത- അവികസിത രാജ്യങ്ങളുടെ കാര്യത്തിൽ വളരെ പ്രത്യക്ഷമാണ്.
ദുരന്തമുഖങ്ങളിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്നതോടൊപ്പം പൈപ്പ് ലൈനുകൾ, കിണറുകൾ, ടോയ്ലറ്റുകൾ, ഓടകൾ, എന്നിങ്ങനെ എല്ലാ വാട്ടർ പോയിന്റ്സും ഇല്ലാതാകുന്നു. മലിന ജലവും വൃത്തിഹീനമായ സാഹചര്യങ്ങളും ജലജന്യ രോഗങ്ങൾക്കും കാരണമാകുന്നു.
കാലാവസ്ഥ വ്യതിയാനം തന്നെ പ്രധാനമായും ഒരു ജല പ്രതിസന്ധി ആണ്. തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം, സമുദ്ര നിരപ്പിലെ ഉയർച്ചയും കരഭാഗങ്ങൾ മലിനപ്പെടുന്നതിനും ഉപ്പു വെള്ളത്തിന്റെ അംശം കൂടുന്നതിനും കാരണമാകുന്നു. അതുപോലെ മഞ്ഞുരുക്കം മഞ്ഞുപാളികൾ അപ്രത്യക്ഷമാകുന്നതിനും ശുദ്ധജല വിഭവ ലഭ്യതയേയും ബാധിക്കുന്നു. ഇന്ത്യയിലെ പ്രധാന നദികളുടെയെല്ലാം ഉത്ഭവങ്ങൾ ഇത്തരത്തിൽ ഉള്ളതാണ്.
ദക്ഷിണേഷ്യയിൽ മാത്രം 20 ദശലക്ഷത്തോളം കാലാവസ്ഥ അഭയാർത്ഥികൾ ഉള്ളതായി UNCHR റിപ്പോർട്ടിൽ പറയുന്നു. ജലക്ഷാമം ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. 2023 ലെ യു.എൻ വാട്ടർ റിപ്പോർട് പറയുന്നത് പ്രകാരം 2050ഓട് കൂടി ലോകത്തു വെള്ളപ്പൊക്ക ബാധിതരുടെ എണ്ണം 1.6 ബില്യൺ ആകും. അത് പോലെ ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ എണ്ണം 3.2 ബില്യൺ ആകും. ലോക ഭൂപടത്തിലെ 5ഇൽ ഒരു ഭാഗം ഇതിനകം തന്നെ ജലദൗർലഭ്യം അനുഭവിച്ചവരാണ് .
WASH (Water, Sanitation and Hygiene) എന്ന ശീർഷകം കണക്കിലെടുക്കുമ്പോൾ സ്ത്രീകളും പെൺകുട്ടികളും അതി ദുർബല വിഭാഗമായി കണക്കാക്കപ്പെടുന്നു. വീട്ടിലെ എല്ലാവർക്കും ഉപയോഗത്തിനാവശ്യമായ അത്രയും വെള്ളം ദൂരെ സ്ഥലങ്ങളിൽ പോയി സംഭരിക്കുന്നത് സ്ത്രീകളുടെ ചുമതലയായി കാണക്കപ്പെടുന്നു. ഗ്രാമ പ്രദേശങ്ങളിൽ സ്ത്രീകളും പുരുഷന്നമാരും ഒരേ പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് പോലും സ്ത്രീകൾക്ക് ഹാനികരമായ കാര്യമായി മനസ്സിലാക്കുന്നു. ആർത്തവ സമയങ്ങളിൽ ശുചിത്വം പാലിക്കാൻ കഴിയാതിരിക്കുക, ആർത്തവ തുണികൾ കഴുകാനോ, സംസ്ക്കരിക്കാനോ കഴിയാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്.
WHO-UNICEF 2023ൽ പുറത്തിറക്കിയ ഒരു കണക്കു പ്രകാരം, ലോകത്തു 1.8 ബില്യൺ ആളുകൾക്ക് കുടിവെള്ളത്തിനായി ദൂരപ്രദേശങ്ങളെ ആശ്രയിക്കേണ്ടി ഇരിക്കുന്നു. ഇതിൽ മൂന്നിൽ രണ്ടു വിഭാഗവും സ്ത്രീകളാണ്. ജല വിഭവ പരിപാലനത്തിലും, ഗ്രാമീണ ശുചിത്വത്തിലും നിയമനിർമാണത്തിലോ പോളിസികളിലോ സ്ത്രീകളെ പങ്കാളികളാകുന്ന രാജ്യങ്ങളുടെ എണ്ണം 50ൽ താഴെ മാത്രം ആണ്.
ചുരുക്കി പറഞ്ഞാൽ നമുക്കിടയിൽ ജല സാക്ഷരത ഇല്ലാത്തിടത്തോളം കാലം ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥകൾ വർധിച്ചു കൊണ്ടിരിക്കും. ജലം എല്ലാ ജീവജാലങ്ങളുടെയും ആത്യന്തികമായ അവകാശമാണെന്ന തിരിച്ചറിവ് ആദ്യം ഉണ്ടാകണം.
2015ലെ സെൻഡായി രൂപ രേഖ -ജല ദുരന്ത ലഘൂകരണത്തിൽ ജല നിർവഹണത്തിനുള്ള പങ്ക് എത്രത്തോളം പ്രധാനമാണ് എന്ന് പറയുന്നുണ്ട്. അതുപോലെ 2030ഓടെ എല്ലാ യു.എൻ രാജ്യങ്ങളും കൈവരിക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ആറാമത്തേത് എല്ലാവർക്കും ജലത്തിന്‍റെയും ശുചിത്വത്തിന്‍റെയും ലഭ്യതയും സുസ്ഥിരമായ നിർവഹണവും ഉറപ്പാക്കുക എന്നതാണ്.
2030ഓടെ കൈവരിക്കേണ്ട ആറ് പ്രധാന ലക്ഷ്യങ്ങൾ
- എല്ലാവർക്കും സുരക്ഷിതവും താങ്ങാനാവുന്നതുമായ കുടിവെള്ളത്തിലേക്ക് സാർവത്രികവും തുല്യവുമായ പ്രവേശനം നേടുക.
- എല്ലാവർക്കും മതിയായതും തുല്യവുമായ ശുചീകരണത്തിലേക്കും ശുചിത്വത്തിലേക്കും പ്രവേശനം നേടുകയും തുറസ്സായ മലമൂത്രവിസർജ്ജനം അവസാനിപ്പിക്കുകയും, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദുർബലമായ സാഹചര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യുക.
- ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, മലിനീകരണം കുറയ്ക്കുക, മാലിന്യം തള്ളൽ ഒഴിവാക്കുക, അപകടകരമായ രാസവസ്തുക്കളുടെയും വസ്തുക്കളുടെയും പ്രകാശനം കുറയ്ക്കുക, സംസ്കരിക്കാത്ത മലിനജലത്തിൻ്റെ അനുപാതം (മലിനജല സംസ്കരണം) പകുതിയായി കുറയ്ക്കുക, ആഗോളതലത്തിൽ പുനരുപയോഗവും സുരക്ഷിതമായ പുനരുപയോഗവും ഗണ്യമായി വർധിപ്പിക്കുക.
- എല്ലാ മേഖലകളിലും ജല-ഉപയോഗ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കുകയും ജലക്ഷാമം പരിഹരിക്കുന്നതിനും ജലക്ഷാമം അനുഭവിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനും സുസ്ഥിരമായ പിൻവലിക്കലും ശുദ്ധജല ശുദ്ധജല വിതരണവും ഉറപ്പാക്കുക
- ഇൻ്റഗ്രേറ്റഡ് വാട്ടർ റിസോഴ്‌സ് മാനേജ്‌മെൻ്റ് ( ഐ.ഡബ്ല്യു.ആർ.എം) എല്ലാ തലങ്ങളിലും, അതിരുകടന്ന സഹകരണത്തിലൂടെയും ഉചിതമായ രീതിയിൽ നടപ്പിലാക്കുക
- പർവതങ്ങൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ, നദികൾ, ജലാശയങ്ങൾ, തടാകങ്ങൾ എന്നിവയുൾപ്പെടെ ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.
(സൊലേസിൽ പ്രൊജക്ട് മേധാവിയും ഡിസാസ്റ്റർ മാനേജ്മെന്‍റ് കൺസൾട്ടന്‍റുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.