ഗംഗ-യമുന ജല ഗുണനിലവാര പരിശോധനയിൽ പങ്കാളിയായി മലയാളി ഗവേഷകൻ
text_fieldsപാലക്കാട്: ഉത്തരാഖണ്ഡിലെ ഋഷികേശിൽനിന്നും പശ്ചിമ ബംഗാളിലെ ഗംഗാസാഗർ വരെ നടത്തിയ ഗംഗ-യമുന നദികളിലെ ജല ഗുണനിലവാര പരിശോധനയിൽ പങ്കാളിയായി മലയാളി ഗവേഷകൻ. നവാമി ഗംഗാ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ജല ഗുണനിലവാര പരിശോധനയിലാണ് പാലക്കാട് മുണ്ടൂർ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ ജിയോ സ്പെഷൽ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷനിലെ ഹെഡ് ആൻഡ് സീനിയർ സയന്റിസ്റ്റും ഡൽഹി ടെക്നോലോജിക്കൽ യൂനിവേഴ്സിറ്റിയിലെ ഗവേഷകനുമായ ആനന്ദ് സെബാസ്റ്റ്യൻ പട്ടകുന്നേൽ പങ്കാളിയായത്. ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ 17 ദിവസം നീണ്ടുനിന്ന യാത്ര 4800 കിലോമീറ്റർ സഞ്ചരിച്ചു. ഗംഗ-യമുന നദികളിലെ 59 ഹോട്ട്സ്പോട്ടുകളിൽ ജല ഗുണനിലവാര പരിശോധന നടത്തി. ഒക്ടോബർ 13ന് ആരംഭിച്ച യാത്ര 29നാണ് അവസാനിച്ചത്.
ഡൽഹി ടെക്നോലോജിക്കൽ യൂനിവേഴ്സിറ്റി, ഐ.ഐ.ടി രൂപർ, അതുല്യ ഗംഗാ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ 11 അംഗങ്ങളാണ് ഉദ്യമത്തിൽ ഉണ്ടായിരുന്നത്. നൂതന ടെക്നോളജിയായ റിമോട്ട് സെൻസിങ് ഉപയോഗിച്ച് ഗംഗ-യമുന നദികളിലെ ജല ഗുണനിലവാരം വിലയിരുത്താനും ഹോട്ട്സ്പോട്ടുകൾ തിരിച്ചറിയാനും സാധിക്കുമെന്ന് ആനന്ദ് അഭിപ്രായപ്പെട്ടു. നവാമി ഗംഗ പ്രോഗ്രാമിന്റെ ഭാഗമായുള്ള ആദ്യഘട്ട പരിശോധനയാണ് പൂർത്തിയായത്. സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു യാത്ര. നദിയുടെ മധ്യത്തിൽനിന്നും സാമ്പിൾ ശേഖരിക്കാനായി സൈന്യത്തിന്റെ ബോട്ടാണ് ഉപയോഗിച്ചത്.
കൃഷിസ്ഥലങ്ങളിൽ അശാസ്ത്രീയമായ വളപ്രയോഗംമൂലം നദികളിൽ അമോണിയയുടെ അളവ് കൂടുതലായി കണ്ടെത്തിയതായി ആനന്ദ് പറഞ്ഞു. യമുനയിലെ ചില സ്പോട്ടുകളിൽ ഓക്സിജന്റെ അളവ് കുറവാണെന്നും കണ്ടെത്തി. ഗംഗയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. ഡൽഹിയിൽ ചില ഭാഗങ്ങളിൽ നദികളിൽ പത നിറഞ്ഞുനിൽക്കുന്നുമുണ്ട്. പരിശോധനയുടെ ഭാഗമായി തയാറാക്കുന്ന റിപ്പോർട്ട് കേന്ദ്ര ജല വിഭവം, നദി വികസനം, ഗംഗ പുനരുജ്ജീവനം വകുപ്പിന് കൈമാറും. നദികളിൽ വർധിച്ച് വരുന്ന മലിനീകരണം കുറക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകുമെന്ന് ആനന്ദ് പറഞ്ഞു.
കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യന്റെയും കടപ്ലാമറ്റം സി.പി.എം ലോക്കൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോസഫിന്റെയും മകനായ ആനന്ദ് പാലക്കാട് ജില്ല ആസൂത്രണ സമിതി അംഗം കൂടിയാണ്. ഭാര്യ ഡോ. റ്റോസ്മി ടോമി പാലക്കാട് ജില്ല ആയുർവേദ ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.