കോളിക്കടവിൽ പുഴ പുറമ്പോക്കിൽ നട്ട മാഞ്ചിയം മുറിച്ചുനീക്കാൻ കണക്കെടുപ്പ്
text_fieldsഇരിട്ടി: വനം വകുപ്പ് കണ്ണൂർ ഡിവിഷൻ കോളിക്കടവിൽ പുഴ പുറമ്പോക്കിൽ നട്ടുവളർത്തിയ മാഞ്ചിയം തോട്ടം മുറിച്ചുനീക്കുന്നതിന് മരങ്ങളുടെ കണപ്പെടുപ്പ് ആരംഭിച്ചു. കോളിക്കടവിൽ റോഡിന് ഇരുവശങ്ങളിലുമായി ആറ് ഹെക്ടറോളം സ്ഥലത്താണ് 12 വർഷം മുമ്പ് മാഞ്ചിയം നട്ടു വളർത്തിയത്. നേരത്തെ അക്കേഷ്യ മരങ്ങൾ വളർത്തിയ പ്രദേശം അക്കേഷ്യ മരങ്ങൾ മുറിച്ചശേഷമാണ് മാഞ്ചിയം നട്ടത്.
പൂർണ വളർച്ചക്കാലം പിന്നിട്ടതോടെയാണ് മരങ്ങൾ മുറിക്കുന്നതിന് മുന്നോടിയായി കണക്കെടുപ്പ് ആരംഭിച്ചത്. തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിയിച്ച് ഓരോ മരത്തിനും നമ്പർ പതിച്ച് നീളവും വണ്ണവും കണക്കാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. നേരത്തേ അക്കേഷ്യ മരങ്ങൾ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. ഇക്കുറി അവർ താൽപര്യം കാണിക്കാതിരുന്നതിനാൽ ടെൻഡർ ചെയ്യാനാണ് തീരുമാനം. ഓപൺ ടെൻഡറിലൂടെ കൂടുതൽ പണം രേഖപ്പെടുത്തുന്നവർക്ക് അനുവദിക്കുന്ന രീതിയാണ് പരിഗണിക്കുന്നത്.
പഴശ്ശി പദ്ധതിയുടെ പുറമ്പോക്ക് ഭൂമിയിൽ സാമൂഹ്യ വനവത്കരണ വിഭാഗവും വൻ തോതിൽ മാഞ്ചിയം നട്ടു വളർത്തിയിട്ടുണ്ട്. പടിയൂർ, നിടിയോടി, പെരുവംപറമ്പ്, പെരുമ്പറമ്പ്, വള്ള്യാട് ഭാഗങ്ങളിലും പൂർണ വളർച്ചയെത്തിയ മരങ്ങളുണ്ട്.
കഴിഞ്ഞ ദിവസം നിടിയോടിയിൽ നിന്നും മുറിച്ചു കടത്തിയ മരങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്. അക്കേഷ്യ, മാഞ്ചിയം മരങ്ങൾക്ക് പകരം ഫലവ്യക്ഷങ്ങളും മറ്റും നട്ടുവളർത്തണമെന്ന ആവശ്യം നേരത്തേ ശക്തമായിരുന്നു. ഇക്കുറി റീപ്ലാന്റേഷൻ ചെയ്യുന്നത് ഇത്തരത്തിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.