മുറ്റത്തൊരു പക്ഷി, പക്ഷേ പേരറിയില്ല; തിരിച്ചറിയാൻ ഇനി 'മെർലിൻ' സഹായിക്കും
text_fieldsസാധാരണക്കാര്‍ക്ക് പക്ഷികളെ തിരിച്ചറിയാനായി ന്യൂയോര്‍ക്കിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ പക്ഷിശാസ്ത്രവിഭാഗം വികസിപ്പിച്ചെടുത്ത എ.ഐ. സങ്കേതമാണ് മെര്‍ലിന്‍ ഫോട്ടോ ഐ.ഡി. ലോകത്തെങ്ങുമുള്ള പക്ഷിനിരീക്ഷകര്‍ എടുത്ത ഫോട്ടോകളാണ് മെര്‍ലിന്റെ ഡേറ്റയ്ക്ക് കരുത്തേകുന്നത്. കേരളത്തിലെയും പക്ഷികളെ ഈ സങ്കേതം വഴി തിരിച്ചറിയാനാകും.
മറ്റുപല ആപ്പുകളെയും അപേക്ഷിച്ച് കൃത്യതയുള്ള ഡേറ്റയുണ്ടെന്നുള്ളതാണ് മെര്‍ലിന്‍ ആപ്പിന്റെ സവിശേഷത. ലോകത്താകമാനം പതിനായിരത്തിലധികം തരം പക്ഷികളുണ്ടെന്നാണ് സ്ഥിരീകരണം. ഇതില്‍ 6090 സ്പീഷിസുകളെ തിരിച്ചറിയാനുള്ള ശേഷി മെര്‍ലിന്‍ ഫോട്ടോ ഐ.ഡി.ക്കുണ്ട്. വിവരങ്ങള്‍ ലഭിക്കേണ്ട പക്ഷിയുടെ ചിത്രമോ നിറമോ വലുപ്പമോ നല്‍കിയാല്‍ പൂര്‍ണവിവരങ്ങള്‍ ലഭിക്കും.
കോര്‍ണല്‍ സര്‍വകലാശാല 1915-ല്‍ തുടങ്ങിയ പക്ഷിശാസ്ത്രവിഭാഗം ഈ മേഖലയുമായി ബന്ധപ്പെട്ട അനേകം പഠനങ്ങള്‍ നടത്തുന്നുണ്ട്. ഇവരുടെതന്നെ വെബ്‌സൈറ്റായ ഇ-ബേഡിലേക്ക് ലോകത്തെവിടെയുമുള്ള പക്ഷിനിരീക്ഷകര്‍ക്ക് അവരുടെ നിരീക്ഷണങ്ങള്‍ ഫോട്ടോകളായും ശബ്ദങ്ങളായും നോട്ടുകളായും സമര്‍പ്പിക്കാം. ഇവയില്‍നിന്ന് പക്ഷികളെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നവ തിരഞ്ഞെടുത്താണ് ഡേറ്റ വികസിപ്പിക്കുന്നത്.
30 ശതമാനത്തോളം ഡേറ്റ വികസിപ്പിക്കാന്‍ കേരളത്തിലെ പക്ഷിനിരീക്ഷകര്‍ ഇ-ബേഡില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ തുണയായിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകന്‍ മനോജ് കരിങ്ങാമഠത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.