ദേശാടനപ്പക്ഷികൾ കേരളത്തെ കൈയൊഴിയുന്നു
text_fieldsമലപ്പുറം: സംസ്ഥാനത്ത് തണ്ണീർത്തടങ്ങൾ കുറയുന്നതും കാലാവസ്ഥ വ്യതിയാനവുംമൂലം ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായി പഠനം. തിരുനാവായയിൽ വനം -വന്യജീവി വകുപ്പ് നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ദേശാടനപ്പക്ഷികളുടെ 'തങ്ങൽ' കേന്ദ്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്ര പരിസരം. ഈ ഭാഗങ്ങളിൽ കൂടുതലായി കണ്ടുവരുന്ന നിരവധി പക്ഷികളെ ഇപ്പോൾ കാണുന്നില്ല. കിഴക്ക് ഏഷ്യയിൽനിന്ന് വരുന്ന ചേരക്കോഴി, ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്ന് എത്തുന്ന വലിയ നീർക്കാക്ക എന്നിവയുടെ എണ്ണം കുറഞ്ഞു.
കന്യാസ്ത്രീ കൊക്ക്, വെള്ള അരിവാൾ കൊക്ക്, പുള്ളിക്കാടകൊക്ക് എന്നിവയുടെ എണ്ണത്തിലും കുറവുണ്ട്. ഇവയെല്ലാം വംശനാശ ഭീഷണി നേരിടുന്നവയാണ്. ചേരാകൊക്കന്‍റെ 200ലധികം കൂടുകൾ കണ്ടെത്തി. ഇവയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രജനന പ്രദേശമാണ് തിരുനാവായ. ഞൗഞ്ഞിക്കയാണ് ഇവയുടെ പ്രധാന ഭക്ഷണം.
മീൻകൊത്തി പൊന്മാൻ, വേലിത്തത്ത, കുട്ടുറവൻ എന്നിവയുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കാടുകൾ തീയിടുന്നതും തണ്ണീർത്തടങ്ങളുടെ വിസ്തൃതി കുറയുന്നതുമാണ് എണ്ണം കുറയാൻ കാരണമാകുന്നത്. കാടുകൾ തീയിടുന്നതിനാൽ പക്ഷികളുടെ പ്രധാന ഭക്ഷണമായ പ്രാണികളുടെ എണ്ണവും കുറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.