വംശനാശഭീഷണി മറികടന്ന് 'സൈഗ മാൻ'
text_fieldsപടിഞ്ഞാറൻ യൂറേഷ്യൻ പുൽമേടുകളിൽ കാണപ്പെടുന്ന വിചിത്ര രൂപമുള്ള മാനാണ് സൈഗ. കുറച്ചുകാലമായി സൈഗ മാൻ കടുത്ത വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഈ മാനിന്‍റെ വംശനാശഭീഷണിയുടെ നിലയിൽ മാറ്റം വന്നതായി അറിയിച്ചു. 'ക്രിട്ടിക്കലി എൻഡേഞ്ചേഡ്' എന്ന നിലയിൽ നിന്നും'നിയർ ത്രെറ്റൻഡ്'എന്ന കുറഞ്ഞ വിഭാഗത്തിലേക്കാണ് മാറിയിട്ടുള്ളത്.
ശക്തമായ സംരക്ഷണ പരിപാടികളാണ് സൈഗയെ വംശനാശ ഭീഷണിയിൽ നിന്നും രക്ഷിച്ചതെന്നും ഇതില്ലായിരുന്നെങ്കിൽ ഈ മൃഗം നശിച്ച് പോകാന്‍ ഇടയുണ്ടെന്നുമാണ് ഇന്‍റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നത്. എന്നാൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി കുറേ അസുഖങ്ങൾ ഈ മാൻവർഗത്തിന് സംഭവിച്ചത് പ്രതിസന്ധി സൃഷ്ടിച്ചു.
സൈഗയ്ക്ക് രണ്ട് വിഭാഗങ്ങളുണ്ട്. സൈഗ ടാറ്ററിക്ക ടാറ്ററിക്ക, സൈഗ ടാറ്ററിക്ക മംഗോളിക്ക. രണ്ടാമത്തെ വിഭാഗം പേര് സൂചിപ്പിക്കുന്നതു പോലെ മംഗോളിയയിൽ മാത്രമാണുള്ളത്. എന്നാൽ ഇന്ന് ഈ മാനുകളെ കസഖ്സ്ഥാൻ, മംഗോളിയ, റഷ്യ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിലും കാണാറുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ 10 ലക്ഷം സൈഗകൾ ഉണ്ടായിരുന്നു. എന്നാൽ 2003 ആയപ്പോഴേക്കും ഇവയുടെ എണ്ണം അറുപതിനായിരമായി ചുരുങ്ങി. ഇപ്പോൾ വീണ്ടും ഇവയുടെ എണ്ണം 19 ലക്ഷമായി ഉയർന്നു. 'ക്രിട്ടിക്കലി എൻഡേഞ്ചേഡ്' എന്ന ചുവന്ന പട്ടികയിൽ നിന്നും ഒരു മൃഗം തിരികെയെത്തുന്നത് അപൂർവമാണ്. മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ തിരിച്ചെത്തൽ. കസഖ്സ്ഥാൻ സർക്കാരാണ് ഈ പ്രവർത്തനത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.