പണം വാരി ഇക്കോ ടൂറിസം; മൂന്ന് വർഷം 3.64 കോടി
text_fieldsമലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിലൂടെ വരുമാനം വാരികൂട്ടുകയാണ് നിലമ്പൂർ സൗത്ത്, നോർത്ത് ഫോറസ്റ്റ് ഡിവിഷനുകൾ. രണ്ട് ഡിവിഷനുകളിലായി മൂന്ന് വർഷത്തിനിടെ 3,64,70,840 രൂപയാണ് നേടിയത്. ഇതിൽ നോർത്ത് ഡിവിഷന് കീഴിൽ വരുന്ന കനോലി പ്ലോട്ട്, കോഴിപ്പാറ, ചാലിയാർ വ്യു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ വരുമാനം നേടിയത്. 2021 മുതൽ 2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം നോർത്ത് ഡിവിഷനിൽനിന്ന് മാത്രം 2,59,86,665 രൂപ വരുമാനമെത്തി.
2021ൽ 53,83,231, 2022ൽ 82,89,026, 2023ൽ 1,23,14,408 എന്നിങ്ങനെയാണ് വരുമാനം വന്നത്. 2021-22ൽ കോവിഡ് നിയന്ത്രണങ്ങളാണ് വരുമാനത്തിൽ കുറവ് വരുത്തിയതെങ്കിൽ 2023ൽ മാത്രം 1.23 കോടി നേടി മുന്നേറ്റമുണ്ടാക്കി. ഇതിനിടെ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ഇക്കോ ടൂറിസം സർക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും യാഥാർഥ്യമായിരുന്നില്ല. ഇക്കോ ടൂറിസം സർക്യൂട്ട് പദ്ധതി കൂടി വന്നിരുന്നെങ്കിൽ വരുമാനം ഇരട്ടിയാകുമായിരുന്നു. നിലമ്പൂർ സൗത്ത് ഡിവിഷനിൽ ഉൾപ്പെട്ട നെടുങ്കയം, കൊടികുത്തി മല എന്നിവയിൽ നിന്നായി മൂന്ന് വർഷത്തിനിടെ 1,04,84,175 രൂപ ലഭിച്ചു.
2021ൽ 5,74,130, 2022ൽ 25,11,660, 2023ൽ 73,98,385 എന്നിങ്ങനെയാണ് വരുമാനമെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവാങ്ങിയതോടെ ജില്ലയിലെ അഞ്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനെ സംസ്ഥാനത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വഴി 114.20 കോടിയാണ് വരുമാനം വന്നത്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനാണ് കൂടുതൽ തുക ലഭിച്ചത്. 18.32 കോടിയാണ് മൂന്നാറിൽ കിട്ടിയത്. രണ്ടാമത് പാലക്കാട് പറമ്പിക്കുളം ഡിവിഷനാണ്. 15.49 കോടി പറമ്പിക്കുളത്ത് ലഭിച്ചു. വയനാട് വൈൽഡ് ലൈഫ് ഡിവിഷനാണ് മൂന്നാമത്.
11.95 കോടിയാണ് ലഭിച്ചത്. ഈസ്റ്റേൺ സർക്കിളിലെ മണ്ണാർക്കാട് ഡിവിഷനാണ് ഏറ്റവും കുറവ് വരുമാനമെത്തിയത്. 10.15 ലക്ഷമാണ് മൂന്ന് വർഷത്തിനിടെ ആകെ കിട്ടിയത്. നിലമ്പൂർ സൗത്ത് ഡിവിഷനിലെ കൊടികുത്തിമല, മണ്ണാർക്കാട് ഡിവിഷനിലെ തൊടുകാപ്പ് കുന്ന് എന്നിവ ഉൾപ്പെടുത്തി ഇക്കോ ടൂറിസം സർക്യൂട്ട് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാർഥ്യമായാൽ മണ്ണാർക്കാടിന്റെ വരുമാനം ഉയർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.