ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകൾ ചാകാനിടയായത് മങ്കി മലേറിയ ബാധിച്ചെന്ന്
text_fieldsകേളകം: ആറളം വന്യജീവി സങ്കേതത്തിൽ വളയംചാൽ ഭാഗത്ത് നാല് കുരങ്ങുകൾ ചാകാനിടയായത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജഡം കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് പരിശോധന ശക്തമാക്കുകയും,
സാമ്പിളുകൾ വയനാട്ടിലെ വന്യ ജീവി സങ്കേതം ലാബിലേക്ക് അയച്ച് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുരങ്ങു കൂട്ടത്തിന്റെ മരണം രോഗബാധയെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറളം - വളയഞ്ചാലിലെ ഉൾവനത്തിൽ കുരങ്ങുകൾ ചത്തതായി കണ്ടെത്തിയത്.
ജഡ പരിശോധനയിൽ കുരങ്ങുകൾക്ക് ബാഹ്യ പരിക്കുകളൊന്നും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങളുടെ പരിശോധനക്കായി സാമ്പിളുകൾ വയനാട്ടിലെ വന്യജീവി സങ്കേതം ലാബിലേക്ക് അയക്കുകയായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശ പ്രകാരം ആറളം വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ആറളം, കണ്ണൂർ ഡിവിഷനുകളുടെ നേതൃത്വത്തിൽ വന്യജീവി സങ്കേതത്തിനുള്ളിൽ വ്യാപക പരിശോധന നടത്തിയിരുന്നു.
വളയംചാൽ. പൂക്കുണ്ട്, ചീങ്കണ്ണിപുഴയോരം , ആറളം ഫാമുമായി അതിർത്തിപങ്കിടുന്ന പ്രദേശം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കൂടുതൽ കുരങ്ങുകളുടെ ജഡം കണ്ടെത്തുകയോ അസ്വഭാവികമായ തരത്തിലുള്ള കുരങ്ങുകളെയോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.