പ്രകൃതിസ്നേഹികളുടെ തണലിൽ പച്ചപുതച്ച് നെടുങ്ങല്ലൂർ പച്ച
text_fieldsപുനലൂർ: സഹ്യന്റെ മടിത്തട്ടിൽ ഒരുകാലത്ത് ഒളിപ്പോരാളികൾക്ക് ഒളിത്താവളമായിരുന്നതും മനുഷ്യ കൈയേറ്റത്തിൽ കുറ്റിക്കാടായതുമായ വനം വീണ്ടും ഹരിതമണിയുന്നു.
പിടിമുറ്റാത്ത വ്യത്യസ്തമായ മരങ്ങളും ആനക്കൂട്ടത്തെപ്പോലും മറക്കുന്ന ഇരുൾമൂടിയ വള്ളിക്കെട്ടുകളും ദുർഘടവും നിഗൂഢതകളും നിറഞ്ഞ ഭൂപ്രകൃതിയും വന്യമൃഗങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ കേന്ദ്രവും പ്രകൃതിരമണീയവുമായിരുന്നു ഒരുകാലത്ത് നെടുങ്ങല്ലൂർ പച്ച. ഇക്കാരണത്താൽ ചോള രാജാക്കന്മാരുടെ ആക്രമണകാലത്ത് തദ്ദേശീയരായ ചാവേറുകൾ ഈ വനം ഒളികേന്ദ്രമായാണ് ശത്രുവിനെതിരെ പോരാട്ടം നടത്തിയിരുന്നത്.
തെന്മല വനം റേഞ്ചിൽ ആനപെട്ടകോങ്കലിന് സമീപമാണ് 36 ഹെക്ടർ വിസ്തൃതിയുള്ള ഈ വനപ്രദേശം. വന സഞ്ചാര ലേഖകനായ കെ.സി. എന്ന പരമേശരൻ ‘അദ്ഭുത വനം’എന്നാണ് നെടുങ്ങല്ലൂർ പച്ചയെ വിശേഷിപ്പിച്ചത്.
1970 കാലത്ത് വനം വകുപ്പ് ഇവിടുള്ള മരങ്ങൾ മുറിച്ചുമാറ്റിയതോടെ നെടുങ്ങല്ലൂർ പച്ച വെറുമൊരു കുറ്റിക്കാടായി. വൻകിട കമ്പനികൾക്കായി യൂക്കാലിപ്റ്റസും മാഞ്ചിയവും വെച്ച് പിടിപ്പിച്ചതോടെ നെടുങ്ങല്ലൂർ പച്ച അടിമുടി മാറി. വീണ്ടും ഇവിടെ വനതുല്യമാക്കാൻ വനം വകുപ്പ് നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലായി.
പന്നിക്കൂട്ടങ്ങൾ ഒഴികെയുള്ള പക്ഷിമൃഗാദികളെല്ലാം ഇവിടംവിട്ട് ഒഴിഞ്ഞുപോയി. പന്നികളാകട്ടെ പെറ്റുപെരുകി തീറ്റക്കായി അകലെയുള്ള ജനവാസമേഖല തേടിയെത്തി. ഭൂപ്രകൃതി അപ്പാടെ മാറിയതോടെ മഴയുടെ കുറവും കാലാവസ്ഥയിലെ വലിയമാറ്റവും നെടുങ്ങല്ലൂരിന്റെ തലവര മാറ്റിയെഴുതി.
നെടുങ്ങല്ലൂർ പച്ചയുടെ ഭൂതവും വർത്തമാനവും മനസ്സിലാക്കിയ ഒരു സംഘം പ്രകൃതിസ്നേഹികളുടെ ഇടപെടലാണ് വീണ്ടും ഇവിടം പഴയപ്രതാപത്തിലേക്ക് തിരിച്ചുപോകാൻ ഇടയാക്കിയത്. സമീപത്തെ ജനവാസ മേഖലയിൽപെട്ട ആനപ്പെട്ടകൊങ്കലിലുള്ളവർ പരിസ്ഥിതി പ്രവർത്തകനായ എ.ടി. ഫിലിപ്പിെൻറ നേതൃത്വത്തിൽ ഒത്തുകൂടി നെടുങ്ങല്ലൂർ പച്ച വനയാത്ര സമിതി രൂപവത്കരിച്ചു.
നെടുങ്ങല്ലൂർ പച്ചയുടെ നശീകരണം മനസ്സിലാക്കാനും പരിഹാരം കാണാനും ഇവിടേക്ക് വർഷത്തിലൊരിക്കൽ വനയാത്ര ഉൾപ്പെടെ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു. വനം വകുപ്പിന്റെ മേൽനോട്ടത്തിൽ വനവത്കരണത്തിന് പര്യാപ്തമായ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഫലം കണ്ടുതുടങ്ങി.
നീണ്ട 12 വർഷത്തെ സമിതിയുടെ നിദാന്ത ജാഗ്രതയിൽ വനവനവത്കരണം നടത്തി ഈ പ്രദേശം ഊഷരതയിൽനിന്നും ഊർവരയിലേക്ക് മാറുകയാണ്. ഈ കാട്ടിൽ വീണ്ടും മലമുഴക്കി വേഴാമ്പലും മലയണ്ണാനും മയിലും കാട്ടുകുയിലുമെല്ലാം ആവാസത്തിന് എത്തിക്കഴിഞ്ഞു. അടുത്ത കാലങ്ങളിലായി വെച്ച് പിടിപ്പിച്ച ഫലവൃക്ഷങ്ങളടക്കം പൂവിടുന്നതോടെ കൂടുതൽ സമ്പൽ സമൃദ്ധമാകുന്ന ഈ പച്ചതുരുത്ത് വീണ്ടും പഴയപ്രതാപത്തിലേക്ക് എത്തിക്കുകയാണ് സമിതി ലക്ഷ്യമാക്കുന്നത്.
ഇത്തവണത്തെ വനയാത്ര പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും പങ്കെടുത്തു. പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയായി വളരുന്ന നെടുങ്ങല്ലൂർ പച്ച വനയാത്ര സമിതി കേരളത്തിലുടനീളം ഇതിനകം പല പരിസ്ഥിതി പ്രശ്നങ്ങളിലും ഇടപെട്ടുകഴിഞ്ഞു. പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കി ആനപെട്ടകോങ്കലിൽ ഇൻഫർമേഷൻ സെന്ററും ഒരു വായനശാലയും അടുത്തിടെ തുറന്നു.
അന്യമാകുന്ന കാട്ടുഫലങ്ങളും പച്ചമരുന്നുകളും കാട്ടിലും നാട്ടിലും വ്യാപിപ്പിക്കാനും സമിതിയുടെ പരിശ്രമം ഫലം കണ്ടുതുടങ്ങി. കാട്ടിൽ മാത്രം ഉണ്ടായിരുന്ന മൂട്ടിപ്പഴം പോലുള്ള ഫലങ്ങൾ നാട്ടിൻപുറത്തും ഇപ്പോൾ സുലഭമായിട്ടുണ്ട്. എ.ടി. ഫിലിപ് പ്രസിഡന്റായും വി. അശോകൻ സെക്രട്ടറിയായും ലത്തീഫ് മാമൂട് കോഓഡിനേറ്ററുമായുള്ള സമിതിയാണ് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.