നൻമയുടെ കൂടുകൾ
text_fieldsപ്രകൃതിയോടും ജീവജാലങ്ങളോടും പ്രത്യേക സ്നേഹം പുലർത്തുന്നവരാണ് ഇമാറാത്തികൾ. മരങ്ങൾ വെട്ടിമാറ്റുന്നവർക്കും പക്ഷിമൃഗാദികളുടെ കൂടുകൾ നശിപ്പിക്കുന്നവർക്കും അൽ ഐനിൽ മാതൃകയുണ്ട്. ഇവിടെയുള്ള റോഡരികിലെ മരങ്ങളിൽ പക്ഷികൾക്കായി കൂടൊരുക്കിയിരിക്കുകയാണ്.മരങ്ങൾ ഭൂമിക്ക് തണൽ വിരിക്കുന്നതോടൊപ്പം അനേകം പക്ഷികൾ അവയിൽ കൂടൊരുക്കുന്നതും ആ കൂടുകളിൽ മുട്ടയിട്ട് അടയിരുന്ന് വിരിയിച്ചെടുക്കുന്നതുമെല്ലാം മനോഹര കാഴ്ചകളാണ്. അൽഐനിലെ റോഡരികിലും മറ്റും ഇത്തരം ധാരാളം മരങ്ങളും അതിൽ ധാരാളം പക്ഷികൂടുകളും കാണാം.
മരങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യത്തെ വിവിധ വകുപ്പുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. മരങ്ങൾ പടർന്നു പന്തലിക്കുമ്പോൾ കാറ്റിലും മറ്റും മറഞ്ഞു വീഴുന്നത് തടയാൻ ശിഖിരങ്ങൾ വെട്ടി മാറ്റുന്നത് പതിവാണ്. അത്തരത്തിൽ അൽഐൻ, ജീമിയിലെ ഒരു സിഗ്നലിനടുത്ത് ഗാഫ് മരത്തിന്‍റെ ശിഖരങ്ങൾ വെട്ടി മാറ്റുകയുണ്ടായി. തുടർന്ന് മരത്തിൽ പക്ഷികൾക്കായി നിരവധി കൂടുകൾ ഒരുക്കിയിരിക്കുകയാണ് അൽഐൻ നഗരസഭ.
കേരളത്തിൽ ഹൈവേ വികസനത്തിന്‍റെ പേരിൽ മരങ്ങൾ മുറിച്ചു കളയുന്നതും ആ മരങ്ങളിലെ പക്ഷി കൂടുകൾ തകർന്ന് നിരവധി പക്ഷികളും അവയുടെ കുഞ്ഞുങ്ങളും ചത്തതുമൊക്കെ അടുത്ത ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിന് കടുത്ത നിയമങ്ങളുള്ള യു.എ.ഇയിൽ റോഡ് വികസനത്തിനായി മരങ്ങൾ മുറിച്ചു കളയേണ്ടി വരുമ്പോൾ ആ മരങ്ങളിലെ പക്ഷികൂടുകളിലുള്ള കുഞ്ഞുങ്ങൾ പറന്നകലുന്നത് വരെ മരം മുറിക്കൽ മാറ്റിവച്ച അനുഭവങ്ങളുമുണ്ട്. ചില പ്രദേശങ്ങളിൽ മരങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ റോഡുകൾ പണിതതും ശക്തമായ കാറ്റിൽ കടപുഴകി വീണ വലിയ മരങ്ങൾ അതേ സ്ഥലത്ത് വലിയ കുഴിയെടുത്ത് പുനസ്ഥാപിച്ചത്തിന്‍റെയുമൊക്കെ ധാരാളം ഉദാഹരണങ്ങൾ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.