സമുദ്രത്തിന്റെ ചൂട് ഉയരുന്നു; വിചാരിച്ചതിലും വളരെ വേഗത്തിൽ
text_fieldsലണ്ടൻ: ലോകസമുദ്രങ്ങൾ ചൂടാകുന്ന നിരക്കിനെ കുറിച്ച് ആശങ്കയേറ്റുന്ന പഠനം. ‘റീഡിങ്’ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ആഗോള ശരാശരി സമുദ്രോപരിതല താപനില (GMSST) 1980കളുടെ അവസാനത്തേതിനേക്കാൾ 400 ശതമാനം വേഗത്തിൽ ഉയരുന്നുവെന്നാണ്. സമുദ്രം കൂടുതൽ ചൂടാകുന്നതിൽ അതിശയിക്കാനില്ലെന്നും എന്നാൽ, ഈ നിരക്ക് ഭയാനകമാണെന്നും അവർ മുന്നറിയിപ്പു നൽകുന്നു.
1985 മുതൽ ഈ കാലം വരെയുള്ള ഉപഗ്രഹ നിരീക്ഷണങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾക്കൊള്ളുന്ന സ്ഥിതിവിവരക്കണക്കുകളുടെ മാതൃകകൾ എന്നിവ പരിശോധിച്ചതിൽ 80കളുടെ അവസാനം മുതലുള്ള ഒരു ദശാബ്ദത്തിൽ സമുദ്രം ഏകദേശം 0.06 ഡിഗ്രി സെൽഷ്യസ് എന്ന നിരക്കിൽ ചൂടായെന്നും ഇപ്പോളിത് ഒരു ദശകത്തിൽ 0.27 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നുവെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.
എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. സമുദ്രത്തിന്റെ മൊത്തത്തിലുള്ള ചൂട്, ഭൂമിയുടെ അധികരിക്കുന്ന ഊർജ്ജ അസന്തുലിതാവസ്ഥയുടെ ഫലമാണെന്ന് ഗവേഷകർ പറയുന്നു. കാർബൺ ഡൈ ഓക്സൈഡിന്റയും മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയും സാന്ദ്രത ഉയരുമ്പോൾ, ബഹിരാകാശത്തേക്ക് മടങ്ങുന്നതിനേക്കാൾ സൂര്യനിൽ നിന്നുള്ള കൂടുതൽ ഊർജം സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നു. അതിന്റെ ഫലമായി അവ ചൂടു പിടിക്കുന്നു.
കാർബൺ ഉദ്‌വമനം ലഘൂകരിച്ചില്ലെങ്കിൽ കഴിഞ്ഞ 40 വർഷമായി ഉണ്ടായ വർധനവിടെ 20 വർഷത്തിനുള്ളിൽ മറികടക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇതിന്റെ തെളിവിനായി സമീപകാല ചരിത്രം മാത്രം നോക്കിയാൽ മതിയെന്നും ഇവർ പറയുന്നു. 2023 മുതൽ 2024 വരെ സമുദ്രം തുടർച്ചയായി 450 ദിവസത്തേക്ക് ഉയർന്ന താപനില രേഖപ്പെടുത്തിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.