രാക്ഷസത്തിരമാല ലോകത്തെ വിറപ്പിച്ചിട്ട് രണ്ടു പതിറ്റാണ്ട്; സുനാമിയുടെ ഓർമയിൽ വിറങ്ങലിച്ച് ഇരകൾ
text_fieldsരണ്ട് വയസ്സുള്ള മകളുടെ കണ്ണുകളിലേക്ക് സിൽവിയ 20 വർഷം മുമ്പ് അവസാനമായി നോക്കിയത് ഓർക്കുമ്പോൾ വേദനയും ഭയവും ഇപ്പോഴും ആ കൂറ്റൻ തിരമാല പോലെ തള്ളിവരുന്നു. വടക്കൻ സുമാത്രയിലെ ഇന്തോനേഷ്യൻ തീരനഗരമായ ബന്ദ ആചെയിലെ ഒരു സാധാരണ പ്രഭാതമായിരുന്നു അന്നത്തേത്. പെട്ടെന്നാണ് കടൽ ആർത്തലച്ചു വരുന്നുവെന്ന മുന്നറിയിപ്പ് നൽകിക്കൊണ്ട് ആളുകൾ വീടിനു മുന്നിലൂടെ പ്രാണരക്ഷാർഥം ഓടുന്നത് സിൽവിയയും ഭർത്താവും കണ്ടത്.
ഓടിച്ചെന്ന് കൈക്കുഞ്ഞായ മകൾ സിതിയെ കൈകളിൽ എടുത്തതേയുള്ളൂ, നിമിഷങ്ങൾക്കകം സിൽവിയ വീട്ടിലേക്കടിച്ചു കയറിയ തിരമാലയിൽപ്പെട്ടു. ‘ഞാൻ അവളുടെ കണ്ണുകളിലേക്കും അവൾ എന്റെ കണ്ണുകളിലേക്കും പരസ്പരം തുറിച്ചു നോക്കിയ ആ നിമിഷം എനിക്കിപ്പോഴും വിവരിക്കാൻ കഴിയില്ല -സിൽവിയ പറഞ്ഞു.
അവൾ കരയുകയോ ഒന്നും പറയുകയോ ചെയ്തില്ല. എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വേർപിരിയുകയാണെന്ന് എനിക്കറിയാമായിരുന്നു -അവൾ പറഞ്ഞു. സിതി എന്നു പേരുള്ള പെൺകുഞ്ഞ് സുനാമിയിൽ എവിടേക്കോ ഒഴുകിപ്പോയി. കുറച്ചുനേരത്തേക്ക് ഒരു വാഷിംങ്മെഷീനിൽ കുടുങ്ങിപ്പോയ അവസ്ഥയിൽ ആയിരുന്ന സിൽവിയ. മുങ്ങിത്താഴുന്നതിനു തൊട്ടുമുമ്പ് ഒരു വീടിന്റെ മേൽക്കൂരയിലേക്ക് പിടിച്ചു കയറി.
സിൽവിയയുടെ ഭർത്താവ് ബുഡി പെർമനയും ഒഴുകിപ്പോയി. കടൽ വെള്ളം ഉയർന്നു പൊങ്ങിയപ്പോൾ ഒരു തെങ്ങിന്റെ മണ്ടയിൽ സുരക്ഷിതത്വം കണ്ടെത്തിയെങ്കിലും പിന്നീട് കുടുംബത്തെ തിരയുന്നതിനിടയിൽ ക്ഷീണം മൂലം കുഴഞ്ഞുവീണു. റെഡ് ക്രോസ് അംഗങ്ങളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യം മരിച്ചുവെന്ന് കരുതിയെങ്കിലും ആ ശരീരത്തിൽ ജീവൻ അവശേഷിച്ചിരുന്നു.
സിൽവിയയും ബുഡിയും ഒരാഴ്‌ക്കുശേഷം ബന്ദ ആചെയിലെ അവരുടെ തകർന്ന വീട്ടിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള മേദാൻ നഗരത്തിലാണ് വീണ്ടും കണ്ടത്. സിതിയുടെ ഒരു അടയാളവും ഇതുവരെ കണ്ടെത്തിയിട്ടില്ല. മനുഷ്യചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും മാരകവും വിനാശകരവുയ സുനാമിയുടെ 20-ാം വാർഷികം ലോകം ആചരിക്കുമ്പോൾ തങ്ങളുടെ ഇളയ മകളെക്കുറിച്ച് ഒരു വിവരമില്ലാതെ ഈ ദമ്പതികൾ തീരാവേദനയിൽ കഴിയുന്നു.
2004 ഡിസംബർ 26ന് പ്രാദേശിക സമയം രാവിലെ 8 മണിയാവുന്നതിന് നിമിഷങ്ങൾക്കു മുമ്പാണ് വടക്കൻ സുമാത്രയിലെ ഇന്തോനേഷ്യൻ പ്രവിശ്യയായ ആചെയുടെ പടിഞ്ഞാറൻ തീരത്ത് 9.2 മുതൽ 9.3 വരെ തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. ഇന്ത്യൻ മഹാസമുദ്രത്തിൽ തുടർന്നുണ്ടായ സുനാമിയിൽ 14 രാജ്യങ്ങളിലായി 2,27,898 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു.
ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. 1,31,000 ആളുകൾ കൊല്ലപ്പെട്ടതോടെ ഇന്തോനേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തമായി ഇത് മാറി. കൂറ്റൻ തിരമാലകൾ ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റും സഞ്ചരിച്ചശേഷം ശ്രീലങ്ക, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെത്തി. അവ മണിക്കൂറിൽ 800 കിലോമീറ്ററിലധികം സഞ്ചരിച്ചു. ബുള്ളറ്റ് ട്രെയിനിൻ്റെ ഇരട്ടിയിലധികം വേഗതയിൽ!
ശ്രീലങ്കയിൽ 35,000ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ 16,389 പേരും തായ്‌ലൻഡിൽ 8,345 പേരും സൊമാലിയയിൽ 300ഓളം പേരും മാലിദ്വീപിൽ 100 ലധികം പേരും മലേഷ്യയിലും മ്യാൻമറിലും ഡസൻ കണക്കിനാളുകളും കൊല്ലപ്പെട്ടു.
ഇതുവരെ നിരീക്ഷിച്ച ഭൂകമ്പത്തിൽ നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ ‘ഫോൾട്ട്ലൈൻ’ വിള്ളലാണ് സുനാമിക്ക് കാരണമായത്. ഇന്ത്യാ ഫലകത്തിനും ബർമ മൈക്രോപ്ലേറ്റിനും ഇടയിൽ സമുദ്രത്തിന്റെ അടിത്തട്ട് കുറഞ്ഞത് 1,200 കിലോമീറ്റർ നീളത്തിൽ വിണ്ടുകീറി! ഇത് 30 മീറ്ററിലധികം (100 അടി) ഉയരമുള്ള തിരമാലകൾ സൃഷ്ടിച്ചു. 23,000 ഹിരോഷിമ അണുബോംബുകൾക്ക് തുല്യമായ ഊർജം പുറത്തുവിടുകയും അതിഭീകരമായ നാശം വിതക്കുകയും ചെയ്തു.
ദുരന്തത്തിനു ശേഷമുള്ള രണ്ട് ദശാബ്ദങ്ങളിൽ സുനാമി ഗവേഷണം, കടൽ പ്രതിരോധം, മുന്നറിയിപ്പ് സംവിധാനങ്ങളുടെ വികസനം എന്നിവയിൽ വലിയ പുരോഗതി കൈവരിച്ചുവെങ്കിലും 2004ലെ നാശത്തിന്റെ വ്യാപ്തിയുടെ ഓർമകൾ മങ്ങുന്തോറും അലംഭാവം പ്രകടമാവുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സുനാമിയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 6 ന് ലണ്ടനിൽ നടന്ന സിമ്പോസിയത്തിൽ ലോകത്തിലെ പ്രമുഖ സുനാമി എൻജിനീയറിങ് വിദഗ്ധർ ഒത്തുകൂടുകയുണ്ടായി. സുനാമി ഗവേഷണത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അവലോകനം ചെയ്യവെ ഇതിനു നേർക്കുള്ള അലംഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ അവിടെ ഉയർന്നു.
സുനാമി ഒരു അപൂർവ അപകടമാണ് എന്ന തെറ്റിദ്ധാരണയുണ്ട്. യഥാർത്ഥത്തിൽ ഇത് താരതമ്യേന സാധാരണമായ ഒരു അപകടമാണ് -ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റിയിലെ സീനിയർ ലക്ചററും സുനാമി വിദഗ്ധനുമായ ഡേവിഡ് മക്ഗവൺ പറയുന്നു. ഏഴു വർഷത്തിന് ശേഷം 2011 ൽ ജപ്പാനിൽ ഉണ്ടായ മാരകമായ സുനാമിയെ അദ്ദേഹം ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ നാലാമത്തെ ഭൂകമ്പമാണത്. ഒരു വർഷം ശരാശരി രണ്ട് സുനാമികൾ മരണത്തിനും നാശത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുനാമി ഗവേഷകർ സ്ഥാപിച്ച മൾട്ടിഇൻസ്റ്റിറ്റ്യൂഷണൽ -മൾട്ടിനാഷണൽ പ്രോജക്ടായ MAKEWAVESലെ പ്രധാന ഗവേഷകനാണ് ഡേവിഡ് മക്ഗവൺ.
ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി മുതൽ തിരമാലകൾ എങ്ങനെയാണ് വിനാശകാരികൾ ആവുന്നത് എന്നതുൾപ്പെടെ നീണ്ട പഠനമാണ് രണ്ട് പതിറ്റാണ്ടിലേറെയായി ഇവർ നടത്തിയത്. സുനാമി വേവ് ജനറേഷൻ ടെക്നോളജിയിൽ ഒരു പയനിയറിങ് മെഷീനായി ‘പ്രോട്ടോടൈപ്പ് ഡിസൈൻ’ വികസിപ്പിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പ്രോജക്ട്. സുനാമികൾ വരുമ്പോൾ എങ്ങനെ നാശമുണ്ടാക്കുന്നുവെന്നത് മാത്രമല്ല, കടലിലേക്ക് മടങ്ങുമ്പോഴും അവ എങ്ങനെ നാശമുണ്ടാക്കുന്നുവെന്നും ഇതു കാണിക്കും.
സുനാമി ഒരു അപൂർവ പ്രതിഭാസമാണെന്ന തെറ്റിദ്ധാരണമൂലം MAKEWAVES ലെ ഗവേഷകർ ഇതിന്റെ ഗവേഷണത്തിനായി എപ്പോഴും ഫണ്ടിന്റെ അഭാവം നേരിടുന്നുവെന്നും മക്ഗവൺ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.