മുളയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക കർമ പദ്ധതി തയാറാക്കുമെന്ന് പി. രാജീവ്
text_fieldsകൊച്ചി: മുളയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പ്രത്യേക കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി പി. രാജീവ്. മുള, കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ഉന്നമനത്തിനായി സംസ്ഥാന ബാംബൂ മിഷന്‍ ഒരുക്കുന്ന 19-ാമത് കേരള ബാംബൂ ഫെസ്റ്റ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉൽപന്നങ്ങൾക്കായുള്ള ഓൺലൈൻ വിപണി ഉടൻ തയാറാക്കും. പ്രിന്റിംഗ് ഉൾപ്പടെയുള്ള മേഖലകളിൽ മുളയുടെ ആവശ്യം കൂടുതലാണ്. ഇതിനായി മുളയുടെ കൃഷി വ്യാപിപ്പിക്കുക എന്നതാണ് മാർഗം. വന നിയമങ്ങൾ മൂലം മുള വെട്ടുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് സാരമായ നിയന്ത്രണങ്ങളുണ്ട്. മന്ത്രിസഭ തലത്തിൽ ഇതിൽ ഇളവു നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കേരള ബാംബൂ എന്ന പേരിൽ മുളയുടെ ബ്രാൻഡിംഗ് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിലേക്ക് കരകൗശല മേഖലയിലുള്ള തൊഴിലാളികൾ കടന്നു വരണം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 5400 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് ഇതു വരെ ഉണ്ടായത്. 2.09 ലക്ഷം പുതിയ തൊഴിലാവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.
ഉമ തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭാ മേയര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ ബില്ല, സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ശ്യാം വിശ്വനാഥ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, കെബിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. സൂരജ്, നാഷണൽ ബാംബൂ മിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ. എസ് ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഡിസംബര്‍ നാലു വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് ബാംബൂ ഫെസ്റ്റ് നടക്കുന്നത്. മേളയില്‍ വിവിധ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാലു വരെ രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണു മേള.
കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ മിഷന്‍ പരിശീലകര്‍ രൂപകല്‍പ്പന ചെയ്ത വിവിധ കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ഗാലറിയും സജ്ജമാക്കുന്നുണ്ട്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.