കടൽ സംരക്ഷണത്തിന് കരാർ: 2030ഓടെ സമുദ്രത്തിന്റെ 30 ശതമാനം സംരക്ഷിത പ്രദേശങ്ങളാക്കും
text_fieldsയുനൈറ്റഡ് നാഷൻസ്: സമുദ്ര ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ചരിത്രപരമായ കരാറിലെത്തി രാജ്യങ്ങൾ. 2030ഓടെ സമുദ്രത്തിന്റെ 30 ശതമാനം ഭാഗം സംരക്ഷിത പ്രദേശങ്ങളാക്കി മാറ്റുമെന്നതാണ് പ്രധാന വ്യവസ്ഥ. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് 38 മണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷമാണ് ധാരണയിലെത്തിയത്. പത്തു വർഷമായി നടക്കുന്ന നയതന്ത്ര ചർച്ചകൾക്കുശേഷമാണ് ഉടമ്പടിക്ക് രാജ്യങ്ങൾ സമ്മതിച്ചത്.
മത്സ്യബന്ധന അവകാശവും സമുദ്ര സംരക്ഷണത്തിനുള്ള സാമ്പത്തിക വിഹിതവും സംബന്ധിച്ചുള്ള തർക്കങ്ങളാണ് ചർച്ച നീളാനിടയാക്കിയത്. 40 വർഷം മുമ്പ് ഒപ്പുവെച്ച സമുദ്ര സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര കരാർ ആണ് പരിഷ്കരിച്ചത്. സമുദ്ര ജീവികളുടെ പത്തുശതമാനം കാലാവസ്ഥ വ്യതിയാനം, അമിത മത്സ്യബന്ധനം, കപ്പൽ ഗതാഗതം, ആഴക്കടൽ ഖനനം തുടങ്ങിയ കാരണങ്ങളാൽ വംശനാശ ഭീഷണി നേരിടുന്നതായാണ് ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റിപ്പോർട്ട് പറയുന്നത്. പുതിയ ഉടമ്പടി പ്രകാരം സംരക്ഷിത പ്രദേശങ്ങളിൽ ആഴക്കടൽ ഖനനം, എത്രത്തോളം മീൻപിടിക്കാം, കപ്പൽ ഗതാഗതത്തിനുള്ള പാത എന്നിവയിൽ നിയന്ത്രണമുണ്ടാകും. ആഴക്കടലിലെ ഏതൊരു പ്രവർത്തനവും ഇനി പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കും മേൽനോട്ടത്തിനും വിധേയമായിരിക്കുമെന്ന് ലൈസൻസിങ്ങിന് മേൽനോട്ടം വഹിക്കുന്ന ഇന്റർനാഷനൽ സീബെഡ് അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.