സുനാമി 'മുന്നറിയിപ്പില്‍' പരിഭ്രാന്തരായി ജനം: മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ ആശ്വാസം
text_fieldsകൊച്ചി: സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി എടവനക്കാട് അണിയില്‍ ബീച്ചില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. എടവനക്കാട് അണിയില്‍ ബീച്ചില്‍ സുനാമി മുന്നറിയിപ്പുമായി പോലീസ് വാഹനം എത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. പിന്നാലെ ഫയര്‍ ഫോഴ്‌സ് വാഹനവും ആംബുലന്‍സുകളും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ജനപ്രതിനിധികളും പാഞ്ഞെത്തി.
അധികം വൈകാതെ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. വീടുകളില്‍ നിന്നും ജനങ്ങളെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്കും ക്യാമ്പുകളിലേക്കും മാറ്റി. ആദ്യം ജനങ്ങള്‍ പരിഭ്രമിച്ചെങ്കിലും സുനാമി മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച മോക്ക് ഡ്രില്‍ ആണെന്നറിഞ്ഞപ്പോള്‍ അവര്‍ സഹകരിച്ചു. കേരളത്തില്‍ സുനാമി ദുരന്തം വിതച്ചതിന്റെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യന്‍ സമുദ്ര വിവര കേന്ദ്രം (ഇന്‍കോയിസ് ) എന്നിവര്‍ സംയുക്തമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. യുനെസ്‌കോ വിഭാവനം ചെയ്ത സാമൂഹികാധിഷ്ഠിത ദുരന്തലഘൂകരണ പരിപാടിയായ സുനാമി റെഡിയുടെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.
മോക്ക് ഡ്രില്ലിന് ശേഷം പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈപ്പിന്‍കര പോലെ പ്രകൃതി ദുരന്ത ഭീഷണി എപ്പോഴും നിലനില്‍ക്കുന്ന പ്രദേശത്ത് മുന്നൊരുക്ക പരിശീലന പരിപാടികള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് എം.എൽ.എ പറഞ്ഞു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ ഡോ. രേണു രാജ് ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുത്തു. സുനാമിയുടെ പ്രത്യാഘാതങ്ങള്‍ നേരിട്ടവരാണ് വൈപ്പിന്‍ ജനത. ഇത്തരം പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറച്ച് കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ഒപ്പം ജനങ്ങളും കൂട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലെ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിയൂ. ഇതിനായി ജനങ്ങള്‍ക്കും അറിവു നല്‍കുകയാണ് ഇത്തരം പരിശീലന പരിപാടിയുടെ ലക്ഷ്യമെന്നും കലക്ടര്‍ പറഞ്ഞു.
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്റെ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുല്‍ സലാം, വാര്‍ഡ് മെമ്പര്‍ സാജു, ജില്ലാ പഞ്ചായത്ത് അംഗം എം.ബി ഷൈനി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, കൊച്ചി തഹസീല്‍ദാര്‍ സുനിത ജേക്കബ്, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍വീനര്‍ ടി.ആര്‍. ദേവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ഡോ. ആല്‍ഫ്രഡ് ജോണി തീരദേശ ദുരന്തങ്ങളെ കുറിച്ച് അവബോധ ക്ലാസ് നയിച്ചു. പ്രദേശവാസികള്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.