പെരിയാർ മലിനീകരണം: നിരീക്ഷണ സമിതി രൂപവത്കരിക്കണമെന്ന് ഹരിത ട്രൈബ്യൂണൽ
text_fieldsന്യൂഡല്‍ഹി: പെരിയാർ നദി മലിനീകരണം തടയാൻ നടപടിയുണ്ടാകണമെന്ന് സംസ്ഥാന സർക്കാറിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. നടപടി ഉറപ്പാക്കാന്‍ പരിസ്ഥിതി, തദ്ദേശ സ്വയംഭരണ, ജലവിഭവ, ധനകാര്യ വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി നിരീക്ഷണസമിതിയെ നിയോഗിക്കണമെന്നും ട്രൈബ്യൂണൽ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പരിസ്ഥിതി സെക്രട്ടറിയായിരിക്കണം കോഓഡിനേറ്റര്‍.
രണ്ടാഴ്ചക്കുള്ളില്‍ ആദ്യ യോഗം ചേരണം. മാസത്തിലൊരിക്കൽ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പെരിയാര്‍ മലിനീകരണം സംബന്ധിച്ച മൂന്ന് പരാതികളാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്. ശുദ്ധമായ പരിസ്ഥിതി ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ്. മലിനീകരണം മാനവരാശിക്കെതിരായ കുറ്റമാണെന്നും ശബ്ദമുയര്‍ത്താന്‍ ശേഷിയില്ലാത്ത പാവപ്പെട്ടവരാണ് അതിന്‍റെ ഇരകളെന്നും ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സൻ ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.
മലിനീകരണം തടയുന്നതില്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്തതായി 2019 മേയിലെ റിപ്പോര്‍ട്ടില്‍ കേരളം അറിയിച്ചിരുന്നൂവെന്നും എന്നാൽ നടപ്പാക്കിയത് സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.