പോളപ്പായൽ നിറഞ്ഞ് പെരിയാർ ടു പെരിയാർ തോട്; പുതുജീവനേകാൻ പരിസ്ഥിതി പ്രവർത്തകർ
text_fieldsആലുവ: പോളപ്പായൽ നിറഞ്ഞ് മൃതപ്രായമായ പെരിയാർ ടു പെരിയാർ തോട് വീണ്ടും ജീവിതത്തിലേക്ക്. ഒരു സംഘം പരിസ്ഥിതി പ്രവർത്തകരാണ് ഈ തണ്ണീർ തടത്തെ മരണത്തിൽ നിന്ന് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. ആലുവയിൽനിന്ന് രണ്ടായി പിരിയുന്ന പെരിയാറിന്റെ രണ്ട് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ തോട്.
പ്ലാൻ അറ്റ് എർത്ത് എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിലാണ് കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോടിനെ സംരക്ഷിക്കാൻ പദ്ധതി നടപ്പിലാക്കുന്നത്.
ലോക തണ്ണീർത്തട ദിനത്തിന് മുന്നോടിയായി തോട്ടിലെ വലിയൊരു പ്രദേശത്തെ പോളപ്പായൽ നീക്കിയിട്ടുണ്ട്. കരുമാലൂർ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി.
പ്ലാൻ അറ്റ് എർത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാഴ്ചയായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. അപ്പോളോ ടയേഴ്സ് ഫൗണ്ടേഷന്റെ സി.എസ്.ആർ തുക വിനിയോഗിച്ചാണ് ശുചീകരണം. രണ്ടാഴ്ച കൊണ്ട് 20 ടൺ പോളപ്പായൽ നീക്കിയതായി പ്ലാൻ അറ്റ് എർത്ത് പ്രോജക്ട് മാനേജർ ദീപക് ബാനർജി പറഞ്ഞു. വീണ്ടെടുത്ത കളകൾ ഉണക്കിയെടുത്ത്, ഖര ഇന്ധനമായി ഉപയോഗിക്കുന്നതിന് ബയോമാസ് ബ്രിക്കറ്റുകളാക്കി മാറ്റും.
വേമ്പനാട് കായലും പരിസരവുമുള്ള തണ്ണീർത്തടങ്ങൾ പോളപ്പായൽ നിർമാർജ്ജനം ചെയ്യുന്നതിനുള്ള പൈലറ്റ് പദ്ധതിയാണിത്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു ശുചീകരണം ഉദ്ഘാടനം ചെയ്തു. പ്ലാൻ അറ്റ് എർത്ത് പ്രസിഡൻറ് മുജീബ് മുഹമ്മദ്, സെക്രട്ടറി സൂരജ് എബ്രഹാം, സി.ഇ.ഒ ലിയാസ് കരീം, ട്രഷറർ എം.എ. റഷീദ്, പ്രൊജക്ട് ഓഫിസർമാരായ ആഷിക്, ഏക്പർണ ദാസ്, ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.