ബുലുസൻ അഗ്നിപർവതത്തിൽ നിന്ന് പൊടിപടലങ്ങൾ; ഫിലിപ്പീൻസിൽ ജാഗ്രതാ നിർദേശം
text_fieldsമനില: ഫിലിപ്പീൻസിലെ ബുലുസൻ അഗ്നിപർവതത്തിൽ നിന്ന് പൊടിപടലങ്ങൾ ഉയർന്നതിൽ പരിഭ്രാന്തരായി പ്രദേശവാസികൾ. ഒരു കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ച പൊടിപടലങ്ങൾ 17 മിനിറ്റ് നീണ്ടുനിന്നു. അഗ്നിപർവതം പൊട്ടിത്തെറിക്കാൻ സാധ്യതയില്ലെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് വോൾക്കാനോളജി ആന്‍റ് സീസ്മോളജി വാർത്താകുറിപ്പിൽ അറിയിച്ചു. ഫിലിപ്പീൻസിന്‍റെ തെക്ക്-കിഴക്കൻ മേഖലയിലുള്ള സൊർസൊഗൻ പ്രവിശ്യയിലാണ് ബുലുസൻ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്.
പൊടിപടലങ്ങൾ ഉയർന്ന സാഹചര്യത്തിൽ പർവതത്തിന്‍റെ നാല് കിലോമീറ്റർ ചുറ്റളവിൽ ആളുകൾ പ്രവേശിക്കുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തി. പ്രദേശവാസികൾ മാസ്ക് ധരിക്കാനും വീടിനുള്ളിൽ തന്നെ കഴിയാനും നിർദേശം നൽകിയിട്ടുണ്ട്. ജുബാൻ പട്ടണത്തിന് അടുത്തുള്ള ഏഴ് ഗ്രാമങ്ങളിലേക്കാണ് പൊടിപടങ്ങൾ വ്യാപിച്ചത്.
അഗ്നിപർവതം ഇപ്പോൾ സുരക്ഷിത അവസ്ഥയിലല്ലെന്നും ലെവൽ അഞ്ച് ആണ് നിലവിലെ അവസ്ഥയെന്നും ഫിലിപ്പീൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് വോൾക്കാനോളജി ആന്‍റ് സീസ്മോളജി വ്യക്തമാക്കി. പൊടിപടലങ്ങൾ ഉയരുന്നതിന് 24 മണിക്കൂർ മുമ്പ് 77 അഗ്നിപർവത ഭൂകമ്പങ്ങൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു.
മഴക്കാലത്ത് പർവതത്തിൽ നിന്ന് ചെളിവെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ളത് കൊണ്ട് താഴ്വരകളിലും പുഴകളുടെ തീരത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മനിലയിൽ നിന്ന് 600 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന സൊർസൊഗൻ പ്രദേശത്തിന് മുകളിൽ വിമാനങ്ങൾ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഫിലിപ്പീൻസിൽ 12ഓളം സജീവ അഗ്നിപർവതങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.