മീൻകൊത്തിപക്ഷികളേ നിങ്ങളും പറന്നുപോയോ....; കടലുണ്ടി പക്ഷി സങ്കേതത്തിൽനിന്ന് വീണ്ടും മുറിവേറ്റ വാർത്ത
text_fieldsകോഴിക്കോട്: ദേശാടനപക്ഷികളുടെ പറുദീസയായ കടലുണ്ടി സങ്കേതത്തിൽനിന്ന് മറ്റൊരു മുറിവേറ്റ വാർത്ത കൂടി. അപൂർവയിനം മീൻകൊത്തിപക്ഷികളും(പൊൻമാനുകൾ) ഇവിടെനിന്ന് അപ്രത്യക്ഷമാവുന്നു.
അഞ്ച് തരം മീൻകൊത്തികളാണ് ഇവിടെ ഉണ്ടായിരുന്നത്. അവയാണ് കടലുണ്ടിയുടെ ആകാശത്തോട് വിട പറയുന്നത്. ഇവിടെ ദേശാടനപ്പക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുള്ളതായി ഗവഷേകസംഘം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ജൈവസമ്പത്ത് കാത്തുസൂക്ഷിക്കുന്നതിലുള്ള ജാഗ്രതക്കുറവിെൻറ ഇരയാവുകയാണ് പറവകളുടെ മനോഹരതീരം.
കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്ന പക്ഷിസങ്കേതത്തിൽ നൂറിലേറെ തദ്ദേശീയ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടനപ്പക്ഷികളെയും കണ്ടെത്തിയിരുന്നു. ഇവയിൽ പലതും അപ്രത്യക്ഷമാണ്. പല ദേശാടനപ്പക്ഷികളെയും മുറിവേറ്റ നിലയിൽ ഇവിടെ കണ്ടെത്തിയത് അടുത്ത കാലത്താണ്.
കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവ് സെൻറർ കൂടിയായ കടലുണ്ടി പക്ഷിസങ്കേതത്തിൽനിന്ന് ഈയിടെയായി കേൾക്കുന്നത് നോവിെൻറ ചിറകടിയൊച്ചയാണ്.
ഉടൻ വരുമെന്ന് പറയുന്ന സിൽവർലൈൻ അതിവേഗ തീവണ്ടിപ്പാതയും ഈ സങ്കേതത്തിെൻറ ചിറകുകൾ അരിയുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. കാലാവസ്ഥ വ്യതിയാനവും മലിനീകരണവും കാരണമായുണ്ടാവുന്ന വിനാശത്തിനു പുറമെയാണ് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റമുണ്ടാക്കുന്ന ഭീഷണിയും.
ചളി പാടത്തുനിന്ന് ചെറു ജീവികൾ അപ്രത്യക്ഷമായതും ഇര തേടലിന് സൗകര്യപ്രദവും സുരക്ഷിതവുമായിരുന്ന തുറസ്സായ സ്ഥലം ഇല്ലാതായതും പറവകളെ ഇവിടെ നിന്നകറ്റിയിട്ടുണ്ട്.
കൃത്രിമമായി ഇവിടെ നട്ടുവളർത്തിയ കണ്ടലുകൾ പോലും പക്ഷികളുടെ വ്യവഹാരത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് ഗവേഷകരുടെ അഭിപ്രായം.
മന്ത്രി മറന്നോ, പറവകളുടെ കാര്യം
അന്താരാഷ്ട്ര ഗവേഷകസംഘം വനം- വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രനെ നേരിൽ കണ്ട് കാര്യത്തിെൻറ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പരിസ്ഥിതിയും ആവാസ വ്യവസ്ഥയും ഓർമയാവും. പക്ഷിസങ്കേതത്തിെൻറ പുനഃസ്ഥാപനത്തിന് അടിയന്തര നടപടികൾ വേണമെന്നാണ് ആവശ്യം. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങൾ നിയന്ത്രിക്കണം. അടിഞ്ഞു കൂടിയ മണൽ തിട്ട നീക്കണം. ചളി പാടങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കണ്ടലുകളെ മുറിച്ചു മാറ്റി സന്തുലിതാവസ്ഥ ഉറപ്പുവരുത്തണം. മാലിന്യം തള്ളൽ തടയാൻ കാമറകൾ സ്ഥാപിക്കണം. ചിട്ടയായ ഗവേഷണത്തിെൻറ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കണം തുടങ്ങിയ ആശയങ്ങളാണ് സംഘം മന്ത്രിയുടെ മുന്നിൽ വെച്ചിരിക്കുന്നത്. മന്ത്രിയുടെ സന്ദർശനവും ഇടപെടലും പ്രതീക്ഷിക്കുകയാണ് പക്ഷികളുടെ ലോകം.
തീവണ്ടി പായും ഈ സങ്കേതത്തിലൂടെ
സിൽവർലൈനിലൂടെ തീവണ്ടി പറക്കുന്ന കാലം വന്നാൽ കടലുണ്ടി പക്ഷിസങ്കേതത്തിെൻറ അവസ്ഥ എന്താവും?. സങ്കേത ഹൃദയത്തിലൂടെയാണ് പാത കടന്നുപോവുന്നത്. ഇവിടുത്തെ കണ്ടൽകാടുകൾക്കും പരിസ്ഥിതിക്കും ആഘാതമേൽക്കുമെന്നാണ് ആശങ്ക. ബേപ്പൂർ, കരുവൻതുരുത്തി വില്ലേജുകളിൽ മാത്രം നാല് ഹെക്ടറിലധികം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. പദ്ധതി കടലുണ്ടി പക്ഷിസങ്കേതത്തിെൻറ നാശം ഉറപ്പുവരുത്തുമെന്ന് പരിസ്ഥിതി സംഘടനകളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. 800 മീറ്റര് പാലം നിർമിച്ച് അതിന് മുകളിലൂടെയാണ് ഇതുവഴി സിൽവർലൈൻ കടന്നുപോവുക എന്നാണ് കെ റെയിൽ അധികൃതരുടെ വാഗ്ദാനം. പാലം നിർമിക്കുന്നതോടെ പറവ സങ്കേതത്തിെൻറ ആത്മാവ് പറന്നുപോവുമെന്ന് കരുതാൻ ന്യായമേറെയുണ്ട്.
അഞ്ചു തരം മീൻകൊത്തികൾ
ചെറിയ മീൻകൊത്തി, പുള്ളി മീൻകൊത്തി, മീൻകൊത്തിചാത്തൻ, കരിന്തലയൻ മീൻകൊത്തി, കാക്ക മീൻകൊത്തി തുടങ്ങി അഞ്ച് മീൻകൊത്തികളാണ് സാങ്കേതത്തിൽ കാണപ്പെടുന്നത്. കൂട്ടത്തിൽ ചെറുത് ചെറിയ മീൻകൊത്തിയും വലുത് കാക്കമീൻകൊത്തിയുമാണ്. പ്രാദേശിക കുടിയേറ്റക്കാരിൽ പെട്ട കരിന്തലയൻ മീൻകൊത്തി തണുപ്പ് കാലത്ത് എത്തുന്ന അതിഥിയാണ്.
വർഷംതോറും ഇവയുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ കുറയുന്നുണ്ടെന്ന് സൗദി കിങ്ഫഹദ് യൂനിവേഴ് സിറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ. കെ.എം. ആരിഫിെൻറ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിെൻറ പഠനം സൂചിപ്പിക്കുന്നു. പുള്ളി മീൻകൊത്തി പ്രാദേശിക വംശനാശത്തിെൻറ ആദ്യത്തെ ഇരയാണ്. 2017 ൽ ആണ് അവയെ കടലുണ്ടി സങ്കേതത്തിൽ അവസാനമായി കണ്ടത്. തവള, ഞണ്ട്, ഓന്ത്, മത്സ്യം, മറ്റു ചെറു ജീവികൾ തുടങ്ങി വൈവിധ്യമായ ഇരകളെ മീൻകൊത്തികൾ ആഹാരമാക്കാറുണ്ടെങ്കിലും പുള്ളി മീൻകൊത്തി കൂടുതലും മത്സ്യങ്ങളെയാണ് ആശ്രയിക്കാറുള്ളത്. കടലുണ്ടിയിലെ മത്സ്യ സമ്പത്ത് കുറയുന്നു എന്ന യാഥാർഥ്യം പുള്ളി മീൻകൊത്തികളുടെ തിരോധാനത്തിെൻറ സൂചനയാണെന്ന് ഗവേഷക വിദ്യാർഥിയായ സി.ടി. ഷിഫ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ നശീകരണം, ഇരകളുടെ ലഭ്യതക്കുറവ്, മലിനീകരണം, ഇര പിടിയന്മാരിൽനിന്നുള്ള ഭീഷണി, ജലം, മണ്ണ് തുടങ്ങിയവയുടെ ഗുണമേന്മക്കുറവ് തുടങ്ങിയവ മറ്റു കാരണങ്ങളിൽപെടുമെന്നാണ് സംഘത്തിെൻറ വിലയിരുത്തൽ. ഡോ. കെ.എം. ആരിഫ് ( കിങ് ഫഹദ് യൂനിവേഴ്സിറ്റി -സൗദി അറേബ്യ), ഡോ. സാബിർ ബിൻ മുസാഫിർ (യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റി), ഡോ. അയ്മൻ നെഫ് ല (തുനീഷ്യ ), ടി.ആർ. ആതിര ( കാലിക്കറ്റ് യൂനിവേഴ്സിറ്റി), സി.ടി. ശിഫ കാലിക്കറ്റ് യൂനിവേഴ്സിറ്റി) എന്നിവരടങ്ങുന്ന ഗവേഷകസംഘം മേഖലയിൽ 2005 മുതൽ പഠനം നടത്തിവരുകയാണ്. ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്ന ദീർഘദൂര ദേശാടനപ്പക്ഷികളുടെ ഇന്ത്യയിലെ സുപ്രധാന ഇടത്താവളങ്ങളിൽ പ്രധാനപ്പെട്ടതാണ് കടലുണ്ടി പക്ഷിസങ്കേതം. ദേശാടനപ്പക്ഷികളുടെ പറുദീസയായാണ് ഇത് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.