പുകഞ്ഞ് മാത്രം തീരില്ല; വിഷപ്പുക, വരാനിരിക്കുന്നത് വലിയ പരിസ്ഥിതി നാശം
text_fieldsതിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക വരുത്തിവെക്കാൻ പോകുന്നത് വലിയ പരിസ്ഥിതി നാശം. വെള്ളം, വായു, മണ്ണ്, മനുഷ്യർ മറ്റ് ജീവജാലങ്ങൾക്കുൾപ്പെടെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതി പ്രവർത്തകരടക്കം ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചുകഴിഞ്ഞു.
2019ൽ ബ്രഹ്മപുരത്തുണ്ടായ മൂന്നുദിവസം നീണ്ട തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി സഹകരിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) നടത്തിയ പഠനത്തിൽ വിഷപ്പുകയുണ്ടാക്കാവുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അതിന്മേൽ ഒരു നടപടിയും സർക്കാറോ, കോർപറേഷനോ കൈക്കൊണ്ടില്ല. വീണ്ടും ടൺ കണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ ബ്രഹ്മപുരത്ത് കൊണ്ടുതള്ളുകയായിരുന്നു. 2019 ലെ തീപിടിത്തത്തിലെ വിഷപ്പുക പ്രദേശത്തെ 13 ലക്ഷം ആളുകളെ ബാധിക്കുമെന്നായിരുന്നു റിപ്പോർട്ട്. അന്ന് മൂന്നുദിവസം ആറ് ഏക്കറിലെ മാലിന്യം കത്തിയെങ്കിൽ ഇന്നത് 10 ദിവസത്തിലേറെയായി 30 ഏക്കർ കത്തിയമർന്നിരിക്കുകയാണ്. അർബുദം ഉൾപ്പെടെ മാരകരോഗങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ബ്രഹ്മപുരത്ത് കത്തുന്നത്. പ്ലാസ്റ്റിക് കത്തുമ്പോഴുള്ള ഡയോക്സിൻ, പ്ലാസ്റ്റിക്കിനൊപ്പം കത്തുന്ന മറ്റ് മാലിന്യങ്ങളിൽനിന്ന് ഉയരുന്ന പോളി ഹൈഡ്രോ കാർബൺ, മീതൈൻ ഗ്യാസ് എന്നിവ അന്തരീക്ഷത്തിലേക്ക് വമിക്കുന്നു. മനുഷ്യശരീരത്തിന് ഉൾക്കൊള്ളാവുന്നതിലും എത്രയോ ഇരട്ടി വിഷമാണ് 2019ൽ അന്തരീക്ഷത്തിൽ കണ്ടെത്തിയത്.
അന്ന് അന്തരീക്ഷത്തിലെ ഡയോക്സിന്റെ അളവ് 72 മി.ഗ്രാം ആയിരുന്നു. മാലിന്യക്കൂനക്ക് 20 സെ.മീ താഴേക്ക് മാത്രമാണ് അന്ന് തീ ആഴ്ന്നിറങ്ങിയത്. ഇപ്പോൾ അതിലും ആഴത്തിലേക്ക് തീ പോയിട്ടുണ്ട്. അങ്ങനെ കണക്കുകൂട്ടുമ്പോൾ കുറഞ്ഞത് 400 മില്ലി. ഗ്രാമിലധികം ഡയോക്സിൻ അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ടാകും. നല്ല ആരോഗ്യമുള്ള 65 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് താങ്ങാനാകുന്നത് 70 പീക്കോ ഗ്രാം ഡയോക്സിൻ മാത്രമാണ്. (0.000 000 000 001 മില്ലി ഗ്രാം ആണ് ഒരു പീക്കോ ഗ്രാം). ശാരീരികമായി ദുർബലരായവർക്കും കുട്ടികൾക്കുമാകട്ടെ, ഇതൊട്ടും താങ്ങാനാകുകയുമില്ല. അതിനാലാണ് സമീപത്തെ 13 ലക്ഷം ആളുകൾക്ക് വിഷപ്പുകയിൽ നിന്നുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് എൻ.ഐ.ഐ.എസ്.ടി റിപ്പോർട്ട് നൽകിയത്. അതിനുശേഷം പ്രകൃതിക്കും മനുഷ്യർക്കും എന്തുനാശം സംഭവിച്ചെന്നത് സംബന്ധിച്ച് ഒരു പരിശോധനയും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.