ഹരിതാഭം വ്യാപിപ്പിക്കൽ; മുസന്ദത്ത് രണ്ട് നഴ്സറികൾ സ്ഥാപിക്കും
text_fieldsമസ്കത്ത്: പച്ചപ്പ് വർധിപ്പിക്കുന്നതിന് മുസന്ദത്ത് വൃക്ഷതൈകൾക്കായി രണ്ട് നഴ്സറികൾ സ്ഥാപിക്കും. ഇതിനായി പരിസ്ഥിതി അതോറിറ്റി ടെൻഡർ ക്ഷണിച്ചു. പത്തു വർഷത്തിനുള്ളിൽ 10 ദശലക്ഷം കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കാൻ 2020ൽ ആരംഭിച്ച ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് രണ്ടു നഴ്സറികൾ സ്ഥാപിക്കുന്നത്. ഖസബ, ദിബ്ബ വിലായത്തുകളിലായിരിക്കും നഴ്സറികൾ ഒരുക്കുക.ഒക്ടോബർ 23 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. കാട്ടുമരങ്ങളുടെയും പച്ചപ്പിന്റെയും എണ്ണം വർധിപ്പിക്കുന്നതിനു പുറമേ, തദ്ദേശീയ ഇനം മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പദ്ധതിയിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ കഴിയുമെന്നാണ് അതോറിറ്റി കണക്കു കൂട്ടുന്നത്.
പെട്രോളിയം ഡെവലപ്മെന്റ് ഒമാനുമായി സഹകരിച്ച് 2020 ജനുവരിയിലാണ് 10 ദശലക്ഷം കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ഒരു സംരംഭം പരിസ്ഥിതി അതോറിറ്റി ആരംഭിച്ചത്. ഗാഫ്, സുമർ, സിദ്ർ, ടിക്, താൽ, മിതാൻ, സാർ, അലലൻ എന്നിവ കാട്ടുമരങ്ങളാണ് പദ്ധതിയിലൂടെ രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽവെച്ചുപിടിപ്പിക്കുന്നത്. ഈ സംരംഭത്തിന് കീഴിൽ, എല്ലാ ഗവർണറേറ്റുകളിലും സസ്യജാലങ്ങളുടെ വിസ്തൃതി വർധിപ്പിക്കുന്നതിനും മരുഭൂമിവത്കരണത്തെ ചെറുക്കുന്നതിനുമായി ഒമാനി കാട്ടുമരങ്ങളുടെ തൈകൾ സംഘടനകൾക്കും വ്യക്തികൾക്കും പരിസ്ഥിതി അതോറിറ്റി വിതരണം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഇതിനകം സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളലയായി 4.75 ദശലക്ഷം കാട്ടുമരങ്ങളുടെ തൈകളാണ് പരിസ്ഥിതി അതോറിറ്റി നട്ടുപിടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.