മഴ തകർത്തു പെയ്തു; ചാലക്കുടിയിൽ വെള്ളക്കെട്ട്
text_fieldsചാലക്കുടി: ചൊവ്വാഴ്ച വൈകീട്ട് ചാലക്കുടിയിൽ പെയ്ത അതിവൃഷ്ടിയിൽ റോഡുകളിലും ബസ് സ്റ്റാൻഡിലും വെള്ളക്കെട്ട് മൂലം യാത്രക്കാർ വിഷമിച്ചു. അതിരപ്പിള്ളി, പരിയാരം, മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിലും മഴ തകർത്തു പെയ്തു. ഇടിവെട്ടും ഉണ്ടായി. വൈകീട്ട് മൂടിക്കെട്ടിനിന്ന അന്തരീക്ഷത്തിൽ 5.30ഓടെയാണ് മഴ ശക്തമായി പെയ്തത്. സൗത്ത് ബസ് സ്റ്റാൻഡ് യാർഡും പരിസരവും പൂർണമായും വെള്ളത്തിലായി.
പണികഴിഞ്ഞ് തൊഴിലാളികളും ഓഫിസുകൾ വിട്ട് ജീവനക്കാരും ധാരാളമായി എത്തിയ സമയമായിരുന്നു. യാത്രക്കാരും പൊതുജനങ്ങളും സ്റ്റാൻഡ് മുറിച്ചുകടക്കാനാകാതെ ബുദ്ധിമുട്ടി. ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിന്റെ ദുരിതം പരിഹരിക്കാൻ നഗരസഭ അധികൃതർ കാനകളുടെ ശുചീകരണം കാര്യക്ഷമമായി ചെയ്യണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.മറ്റ് പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗത്തെല്ലാം മഴ വെള്ളക്കെട്ട് സൃഷ്ടിച്ചു.
മേലൂരിൽ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിൽ പെട്രോൾ പമ്പ് ജങ്ഷൻ ഭാഗത്ത് റോഡിൽ വെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇരുവശത്തും കാനയുണ്ടെങ്കിലും വെള്ളം റോഡിൽ തളംകെട്ടി. റോഡ് ഉയർത്തി നിർമിക്കാൻ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന്റെ മുടങ്ങിക്കിടക്കുന്ന നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.