100 വർഷങ്ങൾക്ക് മുമ്പ് കാണാതായ അപൂർവ ലിപ്സ്റ്റിക് ചെടികളെ അരുണാചലിൽ കണ്ടെത്തി
text_fieldsഇറ്റാനഗർ: 100 വർഷങ്ങൾക്കു മുമ്പ് കാണാതായ അപൂർവമായ ലിപ്സ്റ്റിക് സസ്യങ്ങളെ അരുണാചൽ പ്രദേശിൽ വീണ്ടും കണ്ടെത്തി ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യ. പൂക്കളെക്കുറിച്ച് പഠിക്കുന്നതിന്‍റെ ഭാഗമായി അരുണാചൽ പ്രദേശിലെ ഹ്യൂലിയാങ്ങിൽ നിന്നും ചിപ്രുവിൽ നിന്നും 2021 ഡിസംബറിൽ ശേഖരിച്ച സാമ്പിളിൽ നിന്നാണ് ലിപ്സ്റ്റിക് ചെടികളെ തിരിച്ചറിഞ്ഞത്. എസ്കിയാന്തസ് ജനുസിൽപെടുന്ന ട്യുബുലർ റെഡ് ഇതളുകളുള്ള സസ്യ വർഗങ്ങളെയാണ് ലിപ്സ്റ്റിക് സസ്യങ്ങളെന്ന് പറയുന്നതെന്ന് ബി.എസ്.ഐ ശാസ്ത്രജ്ഞൻ കൃഷ്ണ ചൗലു പറഞ്ഞു.
1912ൽ ബ്രിട്ടീഷ് സസ്യ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ട്രോയിറ്റി ഡൺ, മറ്റൊരു സസ്യശാസ്ത്രജ്ഞനായ ഇസാക് ഹെന്‍റി ബർക്കിൽ അരുണാചൽ പ്രദേശിൽ നിന്ന് ശേഖരിച്ച സാമ്പിളുകളെകുറിച്ച് പഠിക്കവെയാണ് ആദ്യമായി ലിപ്സ്റ്റിക് സസ്യങ്ങളെ തിരിച്ചറിയുന്നത്. പിന്നീട് ഇവയെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. ബർക്കിൽ ലിപ്സ്റ്റിക് സസ്യങ്ങളെ കണ്ടത്തിയതിനുശേഷം ഇതാദ്യമായാണ് ഈ സസ്യവർഗങ്ങളെ വീണ്ടും ഇന്ത്യയിൽ കണ്ടെത്തുന്നത്.
വംശനാശഭീഷണി നേരിടുന്ന ഈ സസ്യങ്ങൾ ഈർപ്പമുള്ളതും നിത്യഹരിത വനങ്ങളിലുമാണ് കാണപ്പെടുന്നത്. ഒക്ടോബർ-ജനുവരി മാസങ്ങളിൽ ഇവ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. നേരത്തെയും നിരവധി അപൂർവയിനം സസ്യങ്ങളെ അരുണാചലിൽ കണ്ടെത്തിയിരുന്നു. എന്നാൽ വർധിച്ചു വരുന്ന വനനശീകരണവും നിർമാണപ്രവർത്തനങ്ങളും ജൈവവൈവിധ്യത്തെ തകർക്കുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.