നാലു പതിറ്റാണ്ടിനിപ്പുറം ബംഗാളിൽ വിരുന്നെത്തി ആസ്‌ത്രേലിയൻ പുൽമൂങ്ങ; വിപ്ലവകരമായ കണ്ടെത്തലെന്ന് പക്ഷി നിരീക്ഷകർ
text_fieldsകൊൽക്കത്ത: ബംഗാളിൽ 40 വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം ഗംഗയിലെ ഫറാക്ക ഇംപോർട്ടന്റ് ബേർഡ് ഏരിയയിൽ (ഐ.ബി.എ) പക്ഷി നിരീക്ഷകർ അപൂർവവും ഒറ്റപ്പെട്ടതുമായ ആസ്‌ത്രേലിയൻ പുൽമൂങ്ങയെ കണ്ടെത്തി.
സംസ്ഥാന വനം വകുപ്പിന്റെ മാൾഡ ഡിവിഷനും ഗ്രീൻ പീപ്പിൾസ് ഇന്ത്യ, മാൾഡ, ബേർഡ് വാച്ചേഴ്‌സ് സൊസൈറ്റി, കൽക്കട്ട എന്നീ രണ്ട് സംഘടനകളും ചേർന്നാണ് നിരീക്ഷണം നടത്തുന്നത്. ‘മാർച്ച് 9ന് പക്ഷി നിരീക്ഷകരായ സന്ദീപ് ദാസ്, സ്വരൂപ് സർക്കാർ, സൈകത് ദാസ് എന്നിവർ പക്ഷിയെ കണ്ടെത്തുകയും ആസ്‌ത്രേലിയൻ പുൽമൂങ്ങയുടെ (ടൈറ്റോ ലോംഗിമെംബ്രിസ്) ഫോട്ടോഗ്രാഫിക് റെക്കോർഡ് രേഖപ്പെടുത്തുകയും ചെയ്തു. ബംഗാളിൽ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു’ -മാൾഡയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ജിജു ജെയ്‌സ്‌പർ ജെ. പറഞ്ഞു.
സംസ്ഥാനത്ത് മുമ്പ് ഈ ഇനത്തെ വളരെ അപൂർവമായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നതിനാൽ ഈ കണ്ടെത്തലിന് വലിയ പക്ഷിശാസ്ത്ര പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിൽ പക്ഷിയുടെ അവസാന സാന്നിധ്യം 1980ൽ അജോയ് ഹോമിന്റെ ‘ചേന അച്ചേന പഖി’യിൽ ഉണ്ടെന്നും, ബിർഭത്തിലെ ശാന്തിനികേതനിൽ ഇതിന്റെ സാന്നിധ്യം പരാമർശിക്കുന്നുവെന്നും ഫോറസ്റ്റർ പറഞ്ഞു.
ഇതിനുമുമ്പ്, ബംഗാളിൽ ആസ്‌ത്രേലിയൻ പുൽമൂങ്ങയുടെ സാന്നിധ്യത്തെക്കുറിച്ച് 1920ൽ ബംഗാളിലെ ജൽപൈഗുരി ഡിസ്ട്രിക്റ്റിന്റെ വെർട്ടെബ്രേറ്റുകളുടെ താൽക്കാലിക പട്ടികയിൽ പരാമർശിച്ചിരുന്നുവെന്നും ഫോറസ്റ്റ് ഓഫിസർ പറഞ്ഞു. പിന്നീട് ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനും പക്ഷിശാസ്ത്രജ്ഞനുമായ ഇ.സി. സ്റ്റുവർട്ട് ബേക്കർ മാൾഡയിൽ പക്ഷിയെ കണ്ടതായി പരാമർശിക്കുന്നു.
വനപാലകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംഘം പക്ഷിയുടെ സ്ഥാനവും സാന്നിധ്യവും വീണ്ടും സ്ഥിരീകരിക്കാൻ സ്ഥലം സന്ദർശിച്ചു. സ്ഥലത്തിന്റെ സംരക്ഷണത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. കൂടാതെ ഭാവിയിൽ അതിന്റെ മെച്ചപ്പെട്ട സംരക്ഷണത്തിനായി സ്വീകരിക്കാവുന്ന നടപടികൾ മനസ്സിലാക്കാൻ പക്ഷി സർവേ സംഘങ്ങളുമായി കൂടിയാലോചന നടത്തുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.