പാരിസ്ഥിതിക മൂല്യം തിരിച്ചറിയണം
text_fieldsനമ്മുടെ പരിസ്ഥിതി സംരക്ഷണം ഏറെ പിന്നാക്കമാണ്. പരിസ്ഥിതി സംരക്ഷണത്തിൽ അടിസ്ഥാന പ്രശ്നങ്ങൾ നാം മനസ്സിലാക്കുന്നില്ല. ഒരു പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണം എന്നാൽ അവിടെയുള്ള ആവാസ വ്യവസ്ഥ സംരക്ഷിക്കുകയാണ്. അവിടെയുള്ള ഒരു മരം സംരക്ഷിച്ചിട്ടു കാര്യമില്ല. കാട് മുഴുവനായി സംരക്ഷിക്കേണ്ടതുണ്ട്. തണ്ണീർത്തടങ്ങളുടെയും നെൽപ്പാടങ്ങളുടെയും മൂല്യം മനസ്സിലാകേണ്ടതുണ്ട്. അത് പ്രധാനമാണ്.
കാലാവസ്ഥ വ്യതിയാനം കൂടി മുന്നിൽ കണ്ടുകൊണ്ടാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടത്. ജൈവ വൈവിധ്യ സംരക്ഷണം എന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതത്തെ കുറക്കാനുള്ള പ്രവർത്തനമാണ്. നമ്മൾ ജീവിക്കുന്ന ആവാസ വ്യവസ്ഥ സംരക്ഷിക്കുകയാണ് ഓരോയാളും ചെയ്യേണ്ടത്. തണ്ണീർത്തടങ്ങൾക്കും കാടുകൾക്കും നെൽവയലുകൾക്കുമൊക്കെ അതിന്റേതായ പാരിസ്ഥിതിക മൂല്യമുണ്ട്.
ആ മൂല്യം എത്രയാണെന്ന് മനസ്സിലാക്കുമ്പോഴാണ് നാം അത് സംരക്ഷിക്കേണ്ടതാണെന്ന് തിരിച്ചറിയുന്നത്. അതാണ് സർക്കാറിനോടും പദ്ധതി വിദഗ്ധന്മാരോടും ഒക്കെ പറയേണ്ടത്. അതു മനസിലാക്കിയില്ലെങ്കിൽ ഒന്നും ചെയ്യാനാവില്ല. പ്രകൃതിയുടെ മൂല്യം എന്താണെന്ന് രാഷ്ട്രീയക്കാരെ അറിയിക്കുകയാണ് സമൂഹം ചെയ്യേണ്ടത്.
നെൽപ്പാടം ഒരു ഹെക്ടർ സംരക്ഷിച്ചാൽ 98 ലക്ഷം രൂപയുടെ പാരിസ്ഥിതിക മൂല്യമാണ് നമുക്ക് ലഭിക്കുന്നത്. അത് നമുക്ക് ഓരോ വർഷവും ലഭിക്കുന്നു. ഉദാഹരണമായി ആറന്മുള വിമാനത്താവളം സ്ഥാപിക്കാൻ തീരുമാനിച്ച നീർത്തടത്തിൽ പഠനം നടത്തിയപ്പോഴാണ് അതിന്റെ പാരിസ്ഥിതിക മൂല്യം തിരിച്ചറിയാനായത്. ആറന്മുള വിമാനത്താവളത്തിന് ഏറ്റെടുക്കേണ്ട തണ്ണീർത്തടത്തിന്റെ ഒരു വർഷത്തെ പാരിസ്ഥിതിക മൂല്യം 1,388 കോടിയാണെന്ന് പഠനത്തിൽ കണ്ടെത്തി. അതൊരു ചെറിയ തുകയല്ല.
വിമാനത്താവളം വന്നാൽ ഉണ്ടാകുന്ന ലാഭം ഇതുമായി താരതമ്യം ചെയ്യണമെന്നാണ് യു.എൻ പറയുന്നത്. അവിടെ വിമാനത്താവളം വന്നാൽ അതിന്റെ പകുതി പോലും കിട്ടില്ല. അതുപോലെ ഓരോ പദ്ധതി നടപ്പാക്കുമ്പോഴും പാരിസ്ഥതിക മൂല്യം കണക്കാക്കണം. സർക്കാർ അതുകൂടി പരിശോധിച്ചാണ് വിമാനത്താവളം വേണ്ടെന്ന് വെച്ചത്. ആ റിപ്പോർട്ട് ഹരിത ട്രിബ്യൂണലിനും അയച്ചിരുന്നു. അതാണ് തണ്ണീർതടത്തിന്റെ പ്രാധാന്യം. പാരിസ്ഥിതിക മൂല്യം തിരിച്ചറിയുന്നവർ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടും.
നമ്മുടെ വികസന നയം മാറ്റേണ്ടതുണ്ട്. പ്രകൃതിയെ നശിപ്പിച്ചുള്ള വികസനം വികസനമല്ലെന്ന് സർക്കാറും ഇപ്പോൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അക്കാര്യം പരിസ്ഥിതി പ്രവർത്തകർ പറഞ്ഞുതുടങ്ങിയിട്ട് വർഷങ്ങളായി. ആ ഫിലോസഫി സമൂഹം സ്വീകരിക്കണം. തണ്ണീർത്തടങ്ങളെയും കാടുകളെയും നെൽപ്പാടങ്ങളെയും നിലനിർത്തിക്കൊണ്ടുള്ള വികസന നയം ആവിഷ്കരിക്കണം.
മൂലധന സൗഹൃദമാകണം വികസനമെന്ന് പറയുമ്പോൾ പാരിസ്ഥിതിക മൂല്യം കൂടി പരിശോധിക്കണം. മൂലധന നിക്ഷേപത്തിനെത്തുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് ഇവിടുത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ താൽപര്യമുണ്ടാവില്ല. പരിസ്ഥിതിയുടെ മൂലധനത്തിനൊപ്പമാണ് സർക്കാർ നിൽക്കേണ്ടത്. സർക്കാർ ആ നിലയിൽ തീരുമാനമെടുക്കണം.
കൃഷിക്കാർക്ക് കൃഷിഭൂമി സംരക്ഷിക്കുന്നതിന് പ്രത്യേക ഫണ്ട് നീക്കിവെക്കണം. പരിസ്ഥതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം മതിയെന്ന് ജനങ്ങൾ ആവശ്യപ്പെടണം. നമുക്ക് നാളെയും ഈ ഭൂമിയിൽ ജീവിക്കണമല്ലോ. നാളത്തെ തലമുറക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കരുത്.
(ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ആണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.