കുവൈത്തിൽ ആശ്വാസമഴ, താപനിലയിൽ കുറവ്
text_fieldsകുവൈത്ത് സിറ്റി: നീണ്ട വേനൽക്കാലത്തിന്റെ പൊള്ളും ചൂടിന് വിരാമമിട്ട് കുവൈത്ത് കാലാവസ്ഥ മാറ്റത്തിന്റെ പുതിയ ഘട്ടത്തിലേക്കു കടന്നു. വ്യാഴാഴ്ച രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു. രാവിലെ ആരംഭിച്ച മഴ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ ശക്തിയോടെ പെയ്തു.
മറ്റിടങ്ങളിൽ മഴ ശക്തമായില്ലെങ്കിലും കാലാവസ്ഥയിലെ മാറ്റം പ്രകടമായിരുന്നു. മഴ എത്തിയതോടെ വ്യാഴാഴ്ച താപനിലയിൽ കുറവുണ്ടായി.
വൈകാതെ താപനില കുറഞ്ഞുവരുകയും കടുത്ത തണുപ്പുകാലത്തേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും. തണുപ്പുകാല വരവിന്റെ സൂചനയായാണ് മഴയെ കണക്കാക്കുന്നത്. വരുംദിവസങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. കടുത്ത ചൂടും തണുപ്പുമില്ലാത്ത കാലാവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്.
രാജ്യത്ത് ശൈത്യകാലം ഒക്ടോബർ 15ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ നേരത്തേ വ്യക്തമാക്കിയിരുന്നു. ശൈത്യകാലം നാലു ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും. ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും. അതിന്റെ ഫലമായി പകൽസമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും.
അതേസമയം, വരുംദിവസങ്ങളിലും മഴക്കു സാധ്യതയുണ്ട്. രാജ്യത്ത് മഴക്കാലം മുന്നിൽകണ്ട് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന് റൂം സജ്ജമാക്കും. മഴയത്ത് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.