മടമ്പം-അലക്സ് നഗർ റോഡിൽ പുഴയോരം വീണ്ടും ഇടിഞ്ഞു, ഗതാഗതം പ്രതിസന്ധിയിൽ
text_fieldsശ്രീകണ്ഠപുരം: മടമ്പം-അലക്സ് നഗർ റോഡിൽ പുഴയോരം വീണ്ടും ഇടിഞ്ഞ് അപകടാവസ്ഥയിൽ. 2020ലെ പ്രളയ സമയത്താണ് ഈ ഭാഗം ആദ്യമായി പുഴയെടുത്തത്. അന്ന് അലക്സ് നഗർ കുരിശുപള്ളിക്കു സമീപത്തെ റോഡിന്റെ പകുതിയോളം പുഴയിലേക്കിടിഞ്ഞിരുന്നു. ഇതിന് സമീപത്തായാണ് നിലവിൽ വീണ്ടും ഇടിഞ്ഞിട്ടുള്ളത്.
റോഡിനോടുചേർന്ന് പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം വേരിളകി അപകടാവസ്ഥയിലാണ്. മരത്തിന്റെ വേരുകൾ പൊട്ടിയ നിലയിലായതിനാൽ റോഡ് ആഴത്തിൽ വിണ്ടുകീറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ശക്തമായ മഴകൂടി ആയപ്പോൾ റോഡ് പകുതിയോളം ഇടിഞ്ഞ അവസ്ഥയിലാണ്. ഈ മരം മുറിച്ചുമാറ്റാൻ പി.ഡബ്ല്യു.ഡി എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാധികൃതർ അറിയിച്ചു.
റോഡിടിഞ്ഞതിനാൽ നിലവിൽ ചെറിയ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യമേയുള്ളൂവെങ്കിലും അപകടാവസ്ഥ മനസ്സിലാക്കാതെ മറ്റു വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഉടൻ സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളിൽ കരയിടിയുന്നതറിയാതെ ഈ മേഖലകളിലെ പുഴയോരത്തുകൂടി പലരും നടന്നുപോകാറുണ്ട്. ഇത് കൂടുതൽ അപകടമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
മടമ്പത്തുനിന്ന് അലക്സ് നഗർ, ഐച്ചേരി ഭാഗത്തേക്ക് പോകുന്ന ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് ദിവസേന പോകുന്നത്. കാഞ്ഞിലേരി -അലക്സ് നഗർ പാലത്തിന്റെ നിർമാണം പൂർത്തിയായാൽ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർധിക്കും. ഇടിഞ്ഞ ഭാഗം ഇതിനുമുമ്പ് പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി.ഫിലോമിന സംഭവത്തിന്റെ ഗൗരവം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. അരികുകെട്ടി ബലപ്പെടുത്താൻ 2.5 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. സജീവ് ജോസഫ് എം.എൽ.എയും വിഷയം ചീഫ് എൻജിനീയറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
പുഴയിലേക്കിടിഞ്ഞ ഭാഗം നഗരസഭാധ്യക്ഷ ഡോ. കെ.വി.ഫിലോമിനയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. ചന്ദ്രാംഗദൻ, ജോസഫീന വർഗീസ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ കെ.വി. കുഞ്ഞിരാമൻ, പി. മീന, മടമ്പം ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട്, കെ.ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.