പെരുമഴക്ക് പിന്നാലെ മെലിഞ്ഞുണങ്ങി നദികൾ
text_fieldsകോട്ടയം: ആഴ്ചകൾക്ക് മുമ്പ് കരകവിഞ്ഞൊഴുകിയ മീനച്ചിലാറും മണിമലയാറും മെലിയുന്നു. മണിമലയാറിെൻറ പലയിടങ്ങളിലും വലിയ മണല്‍ത്തിട്ടകള്‍ പ്രത്യക്ഷപ്പെട്ടു. മിക്കയിടങ്ങളിലും നദി തീരത്തുനിന്ന് ചുരുങ്ങി നടുവിലൂടെ മാത്രമാണ് ഒഴുകുന്നത്. ജലമൊഴുക്കിന്റെ ശക്തിയും കുറഞ്ഞു. മഴസമയത്ത് പഴയിടം കോസ്വേ പാലത്തിലൂടെ ഒരാൾ പൊക്കത്തിൽ വെള്ളമാണ് ഒഴുകിയത്. എന്നാലിപ്പോൾ വെള്ളം താഴ്ന്ന് മണൽതിട്ടകൾ കാണാം. മുണ്ടക്കയം കോസ്വേ അടക്കം വെള്ളം നിറഞ്ഞൊഴുകിയ സ്ഥലങ്ങളിലും സമാനമാണ് സ്ഥിതി.
മീനച്ചിലാറ്റിൽ വെള്ളം ഉയർന്ന് പല റോഡുകളിലും വെള്ളം കയറിയിരുന്നു. ഇപ്പോൾ മീനച്ചിലാറ്റിലെ ജലനിരപ്പും വലിയോതിൽ താഴ്ന്നു.
മഹാപ്രളയത്തിനു ശേഷവും ആഴ്ചകൾക്കുള്ളിൽ നദികളിലെ ജലം കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലും സമാനമായിരുന്നു സ്ഥിതി. ഒഴുകിയെത്തിയ വെള്ളം സംഭരിക്കപ്പെടാതെ പോകുന്നതാണ് കാരണമാകുന്നതെന്ന് വിദഗ്ധർ പറയുന്നു. ജലം സംഭരിച്ചുവെക്കാനുള്ള മണ്ണിെൻറ കഴിവ് നഷ്ടപ്പെട്ടു. ഇപ്പോൾ ഉപരിതല ജലപ്രവാഹമാണ് നടക്കുന്നത്. മഴയിൽ ഭൂമിയിലേക്കെത്തുന്ന ജലം മണ്ണിലേക്ക് ഇറങ്ങാതെ ഒഴുകിപ്പോകുകയാണ്. ഇത് ചൂട് വർധിക്കാനും കാരണമാണെന്ന് വിദഗ്ധർ പറയുന്നു.
ഭൂമിക്കടിയിലേക്ക് വെള്ളം ഇറങ്ങാത്തതുമൂലം അന്തരീക്ഷത്തിലും മണ്ണിലും ജലാംശം നിൽക്കാത്ത സ്ഥിതിയായി.
അതിനിടെ, ജില്ലയിൽ ചൂട് കനക്കുകയാണ്. പകല്‍ താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. പുനലൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തുന്നതും ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്. പകൽ കനത്ത വെയിലാണ് അനുഭവപ്പെടുന്നത്. ചിങ്ങമാസത്തിൽ ഇത്തരത്തിൽ കനത്തചൂട് അനുഭവപ്പെടുന്നത് പതിവില്ലായിരുന്നുവെന്ന് പഴയ തലമുറക്കാർ പറയുന്നു.
ജില്ലയിൽ പെയ്തിറങ്ങിയ മഴയുടെ അളവിലും കുറവുണ്ട്. ജൂണ്‍ ഒന്നു മുതല്‍ കഴിഞ്ഞദിവസം വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ മഴക്കുറവ് 22 ശതമാനമാണ്. ഏതാനും ദിവസം അതിശക്ത മഴ രേഖപ്പെടുത്തിയതൊഴിച്ചാല്‍ കാലവര്‍ഷം ഇത്തവണ ദുര്‍ബലമായിരുന്നു.
ഇതിനിടെ അടുത്തദിവസം മുതൽ മഴ കനക്കുമെന്ന് കലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
മഴ കുറഞ്ഞത് ഓണവിപണിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. വാഴ, പച്ചക്കറി കൃഷികൾ ഉണങ്ങുമോയെന്ന ആശങ്കയാണ്. റബര്‍ ടാപ്പിങ്ങിനു ഗുണകരമാണെങ്കിലും ഇല കൊഴിഞ്ഞതിനാല്‍ ഉൽപാദനം കുറവാണ്.
ഇഞ്ചി പോലുള്ള വിളകളും പൊള്ളുന്ന വെയിലില്‍ ഉണങ്ങി നശിക്കുകയാണ്. കാലാവസ്ഥ തുടര്‍ച്ചയായി മാറുന്നത് കാര്‍ഷിക വിളകളുടെ ഉൽപാദനത്തെ ബാധിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.