പ്രകൃതിയുടെ കുടപിടിച്ച് സാജിതയുടെ പറുദീസ
text_fieldsഏറ്റുമാനൂര്‍: വീടിനു ചുറ്റും പച്ചപ്പിന്റെ മനോഹാരിത ചാര്‍ത്തി പഴവര്‍ഗങ്ങളുടെയും ഓഷധച്ചെടികളുടെയും പൂങ്കാവനം തീര്‍ത്ത് ശ്രദ്ധേയയാകുകയാണ് സാജിതയെന്ന വീട്ടമ്മ.
ഏറ്റുമാനൂര്‍ കിഴക്കേ നട ഷാ മന്‍സിലില്‍ കെ.കെ. ഷാജഹാന്‍റെ ഭാര്യ സാജിത ഷാജഹാനാണ് സ്വന്തം വീട്ടുമുറ്റം ഫലവൃക്ഷാദികൾകൊണ്ട് പൂങ്കാവനമാക്കിയത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെ മംഗലകലിംഗിലേക്ക് അൽപം നടന്നാല്‍ പ്രകൃതിയുടെ കുടവിരിച്ച സാജിതയുടെ വീടു കാണാം. പുറത്തുനിന്നു നോക്കുമ്പോള്‍ ഏതോ വനാന്തരത്തിലെ ഏദന്‍ തോട്ടത്തിലേക്ക് ചെന്നെത്തിയ അനുഭൂതിയാണ്. ഉള്ളിലേക്കു കയറുംതോറും നമ്മെ അമ്പരിപ്പിച്ചുകൊണ്ട് വിവിധയിനം വിദേശികളും സ്വദേശികളുമായ പഴവര്‍ഗങ്ങളും ഫലവൃക്ഷങ്ങളും കാണാം.
പഴുത്തുതുടുത്തു കിടക്കുന്ന റംബൂട്ടാനും സിന്തോളും സ്റ്റാര്‍ ഫ്രൂട്ടും നമ്മളെ കൊതിപ്പിക്കും. അതിനിടയില്‍ വള്ളിപ്പടർപ്പുകളിൽ തൂങ്ങി നിന്നെത്തി നോക്കുന്ന നിരവധി അലങ്കാര പുഷ്പങ്ങള്‍. മുന്നോട്ട് ചെല്ലുമ്പോള്‍ മാല ബള്‍ബുകള്‍ പോലെ വിവിധ നിറത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന മുളക് ചെടികള്‍, ഓഷധസസ്യങ്ങള്‍, കുള്ളന്‍ കുരുമുളക് ചെടികള്‍, ഏലം, ഗ്രാമ്പൂ, കസ്തൂരി മഞ്ഞള്‍, ഇഞ്ചി, ചേന, നാരകം, പൈനാപ്പിള്‍, വിവിധയിനം പ്ലാവുകള്‍, വഴുതന, വെണ്ടക്ക തുടങ്ങി വലിയൊരു കലവറയാണ് സജിതയുടെ വീട്. മട്ടുപ്പാവിൽ കാനുകളില്‍ താമരയും ആമ്പലും. കൂട്ടിന് വള്ളിച്ചെടികളുമുണ്ട്. ഓര്‍ക്കിഡുകളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്.
വീടിന് ഒരുവശത്ത് നീളത്തില്‍ പണിതീര്‍ത്ത ചെറിയ മൂന്നുനാല് മുറികളുണ്ട്. അവിടെ നമ്മെ കാത്തിരിക്കുന്നത് രോമക്കുപ്പായങ്ങളണിഞ്ഞ പഞ്ഞിക്കെട്ടുപോലുള്ള പൂച്ചക്കുട്ടികളാണ്. പത്ത് സെന്റ് സ്ഥലത്താണ് സാജിത ഈ പൂങ്കാവനം തീര്‍ത്തിരിക്കുന്നത്. കൊടും ചൂടിൽ പോലും മൂന്നാറിനെ വെല്ലുന്ന കാലാവസ്ഥയാണിവിടെ. മൂന്നുവർഷത്തെ പരിശ്രമം കൊണ്ടാണ് കൃഷിത്തോട്ടം ഈ നിലയിലാക്കി മാറ്റിയതെന്ന് സാജിത പറയുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനൊപ്പം അതിലൂടെ ഒരു വരുമാന മാര്‍ഗംകൂടി ഉണ്ടാക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വീട്ടമ്മ. ഭര്‍ത്താവ് ഷാജഹാനും മക്കളായ ഷബ്ന, ഷംനാസ്, ഷബാന എന്നിവരും സാജിതക്ക് പിന്തുണയുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.