യു.എസിൽ ശീതക്കൊടുങ്കാറ്റ്: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് സംസ്ഥാനങ്ങൾ
text_fieldsവാഷിംങ്ടൺ: ഏറ്റവും കനത്ത മഞ്ഞുവീഴ്ചക്കും ഏറ്റവും കുറഞ്ഞ താപനിലക്കും ഇടയിൽ ദശാബ്ദത്തിനിടയിലെ വലിയ ശീതകാല കൊടുങ്കാറ്റിനെ നേരിട്ട് ദശലക്ഷക്കണക്കിന് അമേരിക്കക്കാർ. കെന്റക്കി, വിർജീനിയ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്.
യു.എസിന്റെ മധ്യഭാഗത്ത് ആരംഭിച്ച കൊടുങ്കാറ്റ് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കിഴക്കോട്ട് നീങ്ങുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പെതുവെ കഠിനമായ തണുപ്പ് ശീലമില്ലാത്ത മിസിസിപ്പി, ഫ്ലോറിഡ എന്നിവയുൾപ്പെടെയുള്ള യു.എസിൻ്റെ ചില ഭാഗങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആർട്ടിക് പ്രദേശത്തിന് ചുറ്റും പ്രചരിക്കുന്ന തണുത്ത വായുവിന്റെ ‘പോളാർ വോർട്ടക്സ്’ ആണ് തീവ്രമായ കാലാവസ്ഥക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
‘ചിലർക്ക് ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയായിരിക്കാം’- നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഇത് 2011 ന് ശേഷമുള്ള യു.എസിലെ ഏറ്റവും തണുപ്പുള്ള ജനുവരിയിലേക്ക് നയിച്ചേക്കാമെന്ന് അക്യുവെതർ പ്രവചകൻ ഡാൻ ഡിപോഡ്വിൻ പറഞ്ഞു.
ചരിത്രത്തിലെ ശരാശരിയേക്കാൾ വളരെ താഴെയുള്ള താപനില ഒരാഴ്ചത്തേക്ക് നീണ്ടുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകുന്നേരത്തോടെ കൊടുങ്കാറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്ന കിഴക്കൻ തീരത്തും താഴ്ന്ന താപനില ഉണ്ടാകും. ഇത് ഒരു ദുരന്തമായിരിക്കുമെന്നും ഇത് ഞങ്ങൾ കുറച്ചുകാലമായി കാണാത്ത കാര്യമാണെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകൻ റയാൻ മൗ പറഞ്ഞു.
കൊടുങ്കാറ്റ് യാത്രയെ അങ്ങേയറ്റം അപകടകരമാക്കുമെന്നും വാഹനമോടിക്കുന്നവർ കുടുങ്ങിപ്പോകാനുള്ള ഉയർന്ന അപകടസാധ്യതയുണ്ടെന്നും നാഷണൽ വെതർ സർവിസ് അധികൃതർ മുന്നറിയിപ്പ് നൽകി.
മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലും മഞ്ഞുവീഴ്ചയും മരവിപ്പിക്കുന്ന മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. കൊടുങ്കാറ്റ് കിഴക്കോട്ട് നീങ്ങുമ്പോൾ, ദശലക്ഷക്കണക്കിന് അമേരിക്കക്കാർ റെക്കോർഡ് താഴ്ന്ന താപനില അനുഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാഷിങ്ടൺ ഡി.സി, ബാൾട്ടിമോർ, ഫിലാഡൽഫിയ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ഞായറാഴ്ച മുതൽ തിങ്കളാഴ്ച വരെ മഞ്ഞുവീഴ്ചയുണ്ടാവും. അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നിവയുൾപ്പെടെ തെക്കൻ യു.എസിൻ്റെ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലുമുണ്ടായേക്കാം. അമേരിക്കൻ, ഡെൽറ്റ, സൗത്ത്‌വെസ്റ്റ്, യുണൈറ്റഡ് എയർലൈനുകളുടെ ഫ്ലൈറ്റുകൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.