ഇവിടെ, 1750 മീറ്റർ ഉയരത്തിൽ വനം പുനർജനിക്കുന്നു...
text_fieldsമറയൂരിൽ നിന്ന് ചെങ്കുത്തായ മലനിരകളിലേക്ക് ഒരു ഓഫ്റോഡ് യാത്ര നടത്തിയാൽ മുതുവാൻ സെറ്റിൽമെന്റുകളിലൊന്നായ കമ്മാളൻകുടിയിലെത്താം. അവിടെ നിന്ന് കുത്തിയൊഴുകുന്ന കാട്ടരുവിയൊക്കെ കടന്ന് രണ്ടര കിലോമീറ്ററോളം മല കയറണം അഞ്ചുനാട്ടുപാറയിലെത്താൻ. പൗരാണിക കാലത്ത് മറയൂർ ഉൾപ്പെടുന്ന പ്രദേശം അഞ്ചുനാട് എന്നാണ് അറിയപ്പെട്ടിരുന്നത്. മറയൂർ, കാന്തല്ലൂർ, കാരയൂർ, കീഴാന്തൂർ, കൊട്ടകുടി എന്നീ അഞ്ച് നാടുകളിലെ തർക്കങ്ങൾ പരിഹരിക്കാനും കുറ്റവാളികൾക്ക് ശിക്ഷ വിധിക്കാനും സുപ്രധാന തീരുമാനങ്ങളെടുക്കാനുമൊക്കെ അക്കാലത്ത് ആളുകൾ ഒത്തുകൂടിയിരുന്നത് ഈ അഞ്ചുനാട്ടുപാറയിലായിരുന്നു. ഗതകാലത്തെ ആ നാട്ടുക്കൂട്ടത്തിനെ അനുസ്മരിപ്പിച്ച് സുപ്രധാന തീരുമാനങ്ങളെടുത്ത് ഇപ്പോൾ അഞ്ചുനാട്ടുപാറയിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഒരു ഒത്തുചേരൽ നടക്കുന്നുണ്ട്. പ്രകൃതിക്ക് ദോഷം വരുത്തുന്ന ചില ‘കുറ്റവാളികളെ’ ശിക്ഷിക്കാനാണത്. സ്വാഭാവിക വനവും മനുഷ്യ നിർമ്മിത തോട്ടവും തമ്മിലുള്ള ചില ‘തർക്കങ്ങൾ’ പരിഹരിക്കാനാണ്. ഇവിടെ സമുദ്ര നിരപ്പിൽ നിന്നും 1750 മീറ്റർ ഉയരത്തിലുള്ള മലഞ്ചെരുവിൽ എന്നോ നഷ്ടപ്പെട്ടു പോയ ജൈവ സമ്പത്തിനെ വീണ്ടെടുക്കാനാണ്.
മുമ്പ് ഷോലയും പുൽമേടുകളുമാൽ സമൃദ്ധമായിരുന്നു ഇവിടം. പിന്നീട് മുതുവാന്മാർ കേപ്പ (റാഗി) കൃഷിയും മറ്റും നടത്തി ഇത് കൃഷിഭൂമിയാക്കി. 1980കളിലാണ് ഇവരിൽ നിന്ന് ഈ ഭൂമി ഏറ്റെടുത്ത് വനം വകുപ്പ് അക്കേഷ്യയുടെ കുടുംബത്തിൽപ്പെട്ട കറുത്ത വാറ്റിൽ നട്ടുപിടിപ്പിക്കുന്നത്. വാറ്റിലിന് കൂട്ടായി യൂക്കാലിയും കളകളായ ലന്താന (കൊങ്ങിണി), യൂപട്ടോറിയം (കമ്മ്യൂണിസ്റ്റ് പച്ച) എന്നിവയുമെത്തിയത് ഈ പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തിന് ഭീഷണിയായി. ഈ അധിനിവേശ സ്പീഷീസുകളെ തുരത്തി, നിലവിലെ പരിസ്ഥിതി തകർച്ചയെ തിരുത്തി, മുമ്പുണ്ടായിരുന്ന ആവാസ്ഥ വ്യവസ്ഥ പുനഃസൃഷ്ടിക്കാനുള്ള നടപടികളാണ് ഇവിടെ വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
‘‘അഞ്ചുനാട്ടുപാറയിലെ 48 ഹെക്ടർ സ്ഥലത്താണ് ഈ പരിസ്ഥിതി പുനഃസ്ഥാപനം (eco-restoration) നടക്കുന്നത്. ഇതുവരെ 10 ഹെക്ടറിലെ പണികൾ പൂർത്തിയായിട്ടുണ്ട്. യു.എന്നിന്റെ എക്കോ റിസ്റ്റോറേഷൻ ദശാബ്ധാചരണത്തിന്റെ ഭാഗമായി 2021ലാണ് പദ്ധതി തുടങ്ങിയത്. യു.എൻ പരിപാടിയുടെ ഭാഗമായി 2030 വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിനിവേശ സ്പീഷീസുകളെ നശിപ്പിച്ചു വരികയാണ്. യു.എൻ.ഡി.പി ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ പദ്ധതി ആരംഭിച്ചത്. ഇപ്പോൾ നബാർഡിൽ നിന്നാണ് ഫണ്ട് ലഭിക്കുന്നത്’’-മറയൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ (ഡി.എഫ്.ഒ) എം.ജി. വിനോദ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
1550 മീറ്റർ ഉയരത്തിലാണ് ഇപ്പോൾ പരിസ്ഥിതി പുനഃസ്ഥാപന നടപടികൾ പുരോഗമിക്കുന്നത്. അഞ്ച് വർഷം കൊണ്ട് 1750 മീറ്റർ ഉയരത്തിൽ വരെ ഷോലയും പുൽമേടുകളുമടങ്ങുന്ന സ്വാഭാവിക അവാസ വ്യവസ്ഥ തിരികെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നിടത്തെല്ലാം നാശം വരുത്തിയ വാറ്റിൽ
ലോകത്തിലെ ഏറ്റവും മോശം അധിനിവേശ സസ്യമെന്ന ‘ചീത്തപ്പേരുണ്ട്’ കറുത്ത വാറ്റിലിന്. ആസ്ത്രേലിയയിൽ ജനിച്ച് ലോകം മുഴുവൻ വ്യാപിച്ച വാറ്റിൽ ചെന്നിടത്തെല്ലാം അവിടുത്തെ സസ്യജാലത്തിനും ജൈവ വൈവിധ്യത്തിനും നാശം വരുത്തിയിട്ടുണ്ട്. പലയിടത്തും ചിന്നിച്ചിതറിയ വനമേഖലകൾ സൃഷ്ടിച്ചിട്ടുള്ള വാറ്റിൽ ഇവിടെ നട്ടുപിടിപ്പിച്ചത് പരിസ്ഥിതി തകർച്ചയിലേക്കാണ് നയിച്ചത്. ‘വിദേശികൾ’ സ്വഭാവിക വനത്തിലെ മരങ്ങളെയും പുൽമേടുകളെയും കൊന്നൊടുക്കിയപ്പോൾ ഇവരുടെ കൂട്ടാളികളായെത്തിയ അടിക്കാടുകൾ (ലന്താന, യൂപട്ടോറിയം തുടങ്ങിയവ) സ്വാഭാവിക ചെറുചെടികളെ ഉന്മൂലനം ചെയ്തു. ഇങ്ങനെ നൂറുകണക്കിന് ചെടികൾ അപ്രത്യക്ഷമായതോടെ അവയെ ആശ്രയിക്കുന്ന ജീവജാലങ്ങൾ മറ്റിടം തേടിപ്പോകുകയോ ഇല്ലാതാകുകയോ ചെയ്തു. ഒപ്പം ജലവിധാനം താറുമാറായി. പല ജീവികളും തീറ്റ തേടി നാട്ടിൽ എത്താൻ തുടങ്ങി. ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരമെന്ന നിലക്ക് കൂടിയാണ് ഈ പദ്ധതി വനംവകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഡി.എഫ്.ഒ വിനോദ് കുമാർ പറയുന്നു.
‘‘ഈ അധിനിവേശ സസ്യങ്ങളുടെ ജന്മദേശത്തെ ആവാസ വ്യവസ്ഥയിൽ ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രാണികളും മറ്റും ഉണ്ടാകും. ഇവിടെ അവ ഇല്ലാത്തത് കൊണ്ടാണ് ഇവ തഴച്ചുവളർന്നത്. ഇവയെ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം’’- വനംവകുപ്പിനുവേണ്ടി അഞ്ചുനാട്ടുപാറയിലെ എക്കോ റിസ്റ്റോറേഷൻ പദ്ധതി ഏറ്റെടുത്തിരിക്കുന്ന സസ്യശാസ്‍ത്ര ഗവേഷകൻ പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ് പറയുന്നു. പദ്ധതി തുടങ്ങുമ്പോൾ അകത്തു കടക്കാൻ കഴിയാത്ത വിധം ലന്താനയും മറ്റും തഴച്ചുവളർന്നിരുന്ന സ്ഥലമായിരുന്നു ഇത്. ഇവ മൊത്തം വെട്ടി മാറ്റുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് വാറ്റിൽ മരങ്ങൾ മുറിച്ചത്. അവ വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. പ്രദേശം വൃത്തിയാക്കിയെടുക്കുമ്പോഴുണ്ടാകുന്ന ചപ്പ് മുഴുവൻ പൊടിച്ചും കത്തിച്ചും കളയും. ഈ കത്തിക്കുന്ന സ്ഥലം ഒരു റിസർച്ച് സ്പോട്ട് ആണെന്ന് ഡി.എഫ്.ഒ വിനോദ് കുമാർ ചൂണ്ടിക്കാട്ടുന്നു. ‘‘ചൂട് അടിച്ചാൽ മുളക്കുന്നവയാണ് വാറ്റിൽ വിത്തുകൾ. എക്കോ റിസ്റ്റോറേഷൻ പൂർത്തിയാക്കി പത്ത് വർഷം കഴിഞ്ഞാലും ഒരു കാട്ടുതീ ഉണ്ടായാൽ അവ മുളക്കാനുള്ള സാധ്യത കൂടുതലാണ്. കത്തിച്ചുനോക്കുമ്പോൾ അവിടെ എത്ര വർഷം, എത്ര തവണ വാറ്റിലിന്റെ വിത്ത് മുളക്കുമെന്ന് അറിയാൻ കഴിയും. ഇവയുടെ തിരിച്ചുവരവ് പഠിക്കാനായി എല്ലാ ഓരോ ഹെക്ടറിലും 10x10 മീറ്റർ റിസർച്ച് പ്ലോട്ടുകൾ തയാറാക്കിയിട്ടുണ്ട്’’- അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷത്തെ ഫലം ഒറ്റ വർഷത്തിൽ
മാലിന്യം അപ്പപ്പോൾ ഇല്ലാതാക്കുന്നത് കൊണ്ട് അഞ്ച് വർഷം കൊണ്ടുണ്ടാകേണ്ട റിസൾട്ട് ഇവിടെ ഒരു വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞെന്നാണ് പ്രദീപ് പറയുന്നത്. സാധാരണ ഈ മാലിന്യങ്ങൾ അഴുകി വരാൻ മൂന്നുനാല് വർഷമെടുക്കും. ഇതൊക്കെ പരിസ്ഥിതി പുനഃസ്ഥാപനത്തെ വൈകിപ്പിക്കും. വാറ്റിൽ മരത്തിന്റെ തടി കുറേയൊക്കെ മുതുവാന്മാർക്ക് കൊടുക്കും. ബാക്കിയുള്ള തടി സോയിൽ ബണ്ടിങിന് എടുക്കും. ചരിവ് കൂടുതൽ ഉള്ളയിടങ്ങളിൽ നിന്ന് കളകൾ പറിക്കുകയും മരങ്ങൾ വെട്ടുകയും ചെയ്യുമ്പോൾ പിന്നെ പെയ്യുന്ന മഴയിൽ മണ്ണെല്ലാം ഒഴുകിപ്പോകാൻ സാധ്യതയുണ്ട്. ഇത് തടയാൻ തട്ടുതട്ടായി വാറ്റിൽ തടികൾ ബണ്ട് കെട്ടിയതെന്ന പോലെ വെക്കും. ക്രമേണ ഒന്നര വർഷംകൊണ്ട് ഈ തടിയും മണ്ണാകും. വാറ്റിൽ തടികൾ പാറയിൽ കൂട്ടിവെച്ചാൽ മറ്റൊരു അപകടമുണ്ട്. കുറേ കഴിയുമ്പോൾ ധാരാളം ടാനിൻ ഉള്ള ഇവയിൽ നിന്ന് ടാൻ ഊർന്ന് വരും. ഇവിടെ പിന്നെ ഒരു വിത്തും മുളക്കില്ല. പായൽ പോലും വളരില്ല.
വാറ്റിലിന്റെയും ലന്താനയുടെയും വിത്തുകൾ ദീർഘകാലം മണ്ണിൽ കിടക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് പദ്ധതി തീരുന്നത് വരെ എല്ലാ വർഷവും ഇവയെ വേരോടെ പിഴുതെറിഞ്ഞ്, വിത്തുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ഡി.എഫ്.ഒ വിനോദ് കുമാറും പ്രദീപും ചൂണ്ടിക്കാട്ടുന്നു.
ഈ പദ്ധതി പൂർത്തിയാകുമ്പോൾ അതിന്റെ പ്രയോജനം തമിഴ്നാടിനും ലഭിക്കും. കിഴക്കോട്ട് ഒഴുകുന്ന പാമ്പാറിന്റെ പ്രധാന ഉറവകൾ എല്ലാം തന്നെ ഇരവികുളം ഉൾപ്പെടുന്ന ഈ മലനിരകളിലുള്ള ഷോലകളിൽ നിന്നാണ്. അഞ്ചുനാട്ടുപാറയുടെ മുകളിൽ താമസിച്ചാണ് പ്രദീപും കൂട്ടരും പരിസ്ഥിതി പുനഃസ്ഥാപന ജോലികൾ ചെയ്യുന്നത്. അടിക്കാടുകൾ വേരോടെ പിഴുതെടുക്കാനും ദുരെ നിന്ന് വെട്ടാനും ചപ്പ് വലിച്ചുമാറ്റാനും പൊടിച്ചുകളയാനുമുള്ള ഉപകരണങ്ങൾ പ്രദീപ് വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.