മക്കയിൽ ശക്തമായ കാറ്റും മഴയും
text_fieldsമക്ക: മക്കയിലും പരിസര പ്രദേശങ്ങളിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. മഴയിൽ നിരവധി നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. സമീപകാലത്തെ ഏറ്റവും ശക്തമായ കാറ്റാണ് ബുധനാഴ്ച മക്കയിൽ വീശിയടിച്ചത്. അതിശക്തമായ കാറ്റും മഴയും മിന്നലുമാണ് മക്കയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. ചില സ്ഥലങ്ങളിൽ ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടായി. ഉച്ചയോടെയാണ് മഴ പെയ്ത് തുടങ്ങിയത്. വൈകീട്ടോടെ മഴക്കൊപ്പം കാറ്റും മിന്നലും ശക്തിപ്രാപിച്ചു. ഇതോടെ മക്കയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മഴയുടെ തുടക്കത്തിൽ നനഞ്ഞുകൊണ്ട് വിശ്വാസികൾ നമസ്കാരവും ത്വവാഫും ചെയ്തുവെങ്കിലും, കാറ്റ് ശക്തിപ്രാപിച്ചതോടെ വിശ്വാസികളും ഹറം പള്ളിയിലെ ജീവനക്കാരും നിലതെറ്റിവീഴാൻ തുടങ്ങി. ഹറം പള്ളിയിലെ ക്ലീനിങ് ഉപകരണങ്ങളും ബാരിക്കേഡുകളും ശക്തമായ കാറ്റിൽ പാറിപ്പോയി. റോഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോർഡുകൾ കാറ്റിൽ ഉലഞ്ഞ് നിലംപൊത്തി.
പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതം
മക്ക: കഴിഞ്ഞ ദിവസം മക്കയിൽ പെയ്ത മഴ 60 വർഷത്തിനിടെയുണ്ടായ ഏറ്റവും കനത്തതാണെന്ന രൂപത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാലാവസ്ഥ വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. സൗദിയിലെ കാലാവസ്ഥ സംബന്ധിച്ച ചരിത്രരേഖയിൽ ഇങ്ങനെയൊരു വിവരമില്ല.
കഴിഞ്ഞ 10 വർഷത്തിനിടയിൽ മക്കയിൽ ഇതേ നിരക്കിൽ മഴയും ശക്തമായ കാറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. വീശിയടിച്ച കാറ്റിന്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ കവിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ മഴ പെയ്തത് കഅ്കിയയിൽ ആണ്. അവിടെ 45 മില്ലിമീറ്റർ മഴ പെയ്തെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.