കോട്ടൂളി തണ്ണീർത്തടത്തിന്റെ 44 ശതമാനത്തിലേറെ നഷ്ടമായതായി പഠനം
text_fieldsകോഴിക്കോട്: നഗരഹൃദയത്തിലുള്ള പ്രകൃതി ദത്തമായ കോട്ടൂളി തണ്ണീർത്തടത്തിന്റെ 44.26 ശതമാനം ഭൂമി തണ്ണീർത്തടമല്ലാതായി മാറിയെന്ന് പഠന റിപ്പോർട്ട്. 42.88 ശതമാനം തണ്ണീർത്തടമായി നിലനില്ക്കുന്നതായും 12.86 ശതമാനം സ്ഥലം തണ്ണീർത്തടമായി സംരക്ഷിക്കുന്നതായുമാണ് കണ്ടെത്തൽ.
വേഗത്തിലുള്ള നഗരവത്കരണമാണ് തണ്ണീർത്തടത്തിന് മുഖ്യ വിപത്ത്. ഐ.ഐ.എമ്മിലെയും എൻ.ഐ.ടി.യിലേയും പ്രഫസർമാരായ ദീപക് ദയാനിധി, അഞ്ജനാ ഭാഗ്യനാഥൻ എന്നിവർ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. റോയൽ ജ്യോഗ്രഫിക്കൽ സൊസൈറ്റിയുടെ ഏരിയ ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2022ൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഈ കൊല്ലം പുറത്തിറങ്ങിയത്. സരോവരം ബയോപാർക്കിൽ തണ്ണീർത്തടത്തിന്റെ 12.86 ശതമാനം വരുന്ന 177 ഏക്കർ സ്ഥലം സംരക്ഷിക്കുന്നതായാണ് കണ്ടെത്തൽ. പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കനോലി കനാലും തണ്ണീർത്തടത്തിന് വിഘാതമായെന്ന് റിപ്പോർട്ടിലുണ്ട്. ഇപ്പോൾ സരോവരവും ചുറ്റുമുള്ള പ്രദേശവും മാത്രമാണ് കോട്ടൂളി തണ്ണീർത്തടമായി കണക്കാക്കുന്നത്.
കനാലുണ്ടാക്കുന്നതിന് മുമ്പ് കനാലിനിരുപുറവും തണ്ണീർത്തടമുണ്ടായിരുന്നു. എട്ട് മീറ്റർ ആഴത്തിൽ 13 മീറ്റർ വീതിയിൽ 11.2 കിലോമീറ്റർ നീളത്തിൽ പണിത കനാലിന് ഇപ്പോഴും ഒന്ന് മുതൽ 13 മീറ്റർ വരെ ആഴമുണ്ട്. കുണ്ടൂപ്പറമ്പ്, കാരപ്പറമ്പ് ഭാഗങ്ങളിൽ വലിയ കിണറിന്റെ ആഴം വരെ കനാലിന് കാണാനാവും.
കനാൽ വന്നതോടെ കല്ലായിപ്പുഴയിലും കോരപ്പുഴയിലും നിന്നുള്ള ഉപ്പ് വെള്ളം കയറി തണ്ണീർത്തടത്തിന്റെ ജൈവാവസ്ഥക്ക് മാറ്റമുണ്ടായി. കനാൽ വഴി വെള്ളം തണ്ണീർത്തടത്തിൽനിന്ന് ഒഴിഞ്ഞ് പോവുമ്പോൾ മൺതിട്ടകളുണ്ടാവുന്നു. ഭൂമിക്കിടയിൽ കെട്ടിക്കിടക്കുന്ന വെള്ളം കുറയാനും ഇത് ഇടയാക്കി.
2010 ന് ശേഷമാണ് നഗരവത്കരണം ശക്തമായത്. 15 മീറ്റർ ഉയരത്തിൽ റോഡ് വന്നതോടെ ചുറ്റും സ്ഥലം നികത്തൽ നടന്നു. തണ്ണീർത്തടത്തിന് ചുറ്റും നടപ്പാതയൊരുക്കി കൈയേറ്റങ്ങൾ കുറക്കാനാവുമെന്നും സ്വാഭാവികത നിലനിർത്തണമെന്നും കനാൽ സംരക്ഷണം മാത്രമാണ് കാര്യമായി നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
നിലവിൽ 150 ഏക്കറിൽ 240 ഇനം സസ്യങ്ങളും 90 ഇനം പൂമ്പാറ്റകളും 134 ഇനം പക്ഷികളും 44 ജാതി തുമ്പികളും അഞ്ചിനം കണ്ടൽ മരങ്ങളും എട്ട് ആൽ ഇനങ്ങളും 30 ഇനം മീനുകളുമെല്ലാമുള്ളതാണ് കോട്ടൂളി വെറ്റ് ലാൻഡ്. പ്രത്യേക സംരക്ഷണം ലഭിക്കേണ്ട റാംസർ പദവിയുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ കോട്ടൂളിയെയും ഉൾപ്പെടുത്താൻ സംസ്ഥാന തണ്ണീർത്തട സാങ്കേതിക സമിതി തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.