അടുത്ത പതിറ്റാണ്ടോടെ ഉത്തരധ്രുവത്തിൽ ഐസില്ലാതെയാവുമെന്ന് പഠനം
text_fieldsമഞ്ഞും ഐസ് പാളികളും നിറഞ്ഞ ഭൂമിയാണല്ലോ ഉത്തരധ്രുവം. എന്നാൽ പതിറ്റാണ്ടുകൾക്കുള്ളിൽ ഇവിടുത്തെ ഐസുരുകി ഇല്ലാതാവുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2035 മുതൽ 2067 വരെയുള്ള കാലയളവിലെ വേനൽക്കാലങ്ങളില്‍ എപ്പോഴെങ്കിലുമാകാം ഇതു സംഭവിക്കാൻ സാധ്യതയെന്ന് ഗവേഷകർ പറയുന്നു. ഭൂമിയിൽ കത്തുന്ന ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള വികിരണങ്ങൾ കൂടിയാൽ ഉത്തരധ്രുവമേഖലയിലെ കടൽഹിമം പൂർണതോതിൽ ഉരുകും.
എന്നാൽ ആർട്ടിക്കിലെ ഐസ് ഉരുകിമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് അവിടുത്തെ ജൈവവൈവിധ്യത്തെയും ധ്രുവക്കരടികൾ, സീലുകൾ, വാൽറസുകൾ തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കും. തീരത്ത് താമസിക്കുന്ന മനുഷ്യരെയും ഇതു ബാധിക്കും. ആർട്ടിക്കിലെ കട്ടിയേറിയ മഞ്ഞിൽ (പെർമഫ്രോസ്റ്റ്) പലതരത്തിലുള്ള സൂക്ഷ്മജീവികളും മറ്റും ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. മഞ്ഞ് പരിധിയിൽ കൂടുതൽ ഉരുകിയാൽ ഇവ പുറത്തെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല മഹാമാരികൾക്കും വഴി തെളിയിക്കും.
യു.എസിലെ കൊളറാഡോ സർവകലാശാലയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. വേനൽക്കാലങ്ങളിൽ നീലനിറത്തിലുള്ള സമുദ്രത്താൽ ചുറ്റപ്പെട്ടാകും വൻകരയുടെ സ്ഥാനമെന്ന് ഗവേഷകർ പറയുന്നു. കൂടാതെ സമുദ്രത്തിലെ തിരമാലകൾ വലുതാകുകയും തീരദേശ മണ്ണൊലിപ്പിന് കാരണമാവുകയും ഈ പ്രദേശങ്ങൾക്ക് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. എന്നാൽ പൂർണമായി ഐസ് ഉരുകിയാലും വികിരണത്തോത് ഗണ്യമായി കുറയുന്ന പക്ഷം ഉത്തരധ്രുവത്തിലെ ഐസ് പഴയരൂപത്തിലേക്ക് മടങ്ങിവരുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.