വേനൽ ചൂട്: മൃഗങ്ങൾക്ക് വനത്തിൽ ജലം ഒരുക്കി വനം വകുപ്പ്
text_fieldsതൊടുപുഴ: വേനൽ കടുത്തതോടെ കാട്ടാനയടക്കം വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് ഒഴിവാക്കാൻ കാട്ടിൽ തന്നെ വന്യമൃഗങ്ങൾക്ക് ജല ലഭ്യതയൊരുക്കി വനം വകുപ്പ്. സ്വാഭാവിക ജല സ്രോതസ്സുകൾ സംരക്ഷിച്ചും ഇല്ലാതായവ വീണ്ടെടുത്തും കാട്ടിൽ പരമാവധി ജലലഭ്യത ഉറപ്പുവരുത്താനാണ് ശ്രമം. കാട്ടിലെ കുളങ്ങൾ, നീർച്ചാലുകൾ, വെള്ളക്കെട്ടുകൾ എന്നിവ വന്യമൃഗങ്ങളെ ആകർഷിക്കുന്ന രീതിയിൽ പുനരുദ്ധരിക്കും.
അടിഞ്ഞു കൂടിയ ചളി കോരിക്കളഞ്ഞ് ചപ്പു ചവറുകൾ മാറ്റുന്നുണ്ട്. അടിമാലി വനത്തിലെ പെരുമാൻ കുത്തിലെ 20 മീറ്റർ കുഴിയിലെ ചളി കോരി ജല സമൃദ്ധമാക്കി.
വേനൽ കനക്കുന്നതോടെ തമിഴ്നാട് മേഖലയിൽ വ്യാപകമായി കുളങ്ങൾ വറ്റും. എന്നാൽ, ജില്ലയിൽ കടുത്ത വേനലിലും നീർച്ചാലുകളിൽ വലിയ പ്രതിസന്ധി ഉണ്ടാകാറില്ലെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു.
ജനവാസ മേഖലയിലേക്ക് വെള്ളംതേടി വന്യ മൃഗങ്ങൾ ഇറങ്ങുന്ന സംഭവങ്ങൾ കുറവാണ്. എങ്കിലും വേനൽ കനക്കുന്ന സാഹചര്യത്തിൽ വന മേഖലയോട് ചേർന്ന ജനവാസ മേഖലകളിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വേനൽ കാലത്ത് എവിടെയെങ്കിലും ജലക്ഷാമം മൂലം വന്യ മൃഗങ്ങൾ ഇറങ്ങി വരുന്നുണ്ടോയെന്നും അവയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്ന് നിരീക്ഷിച്ചു വരുന്നതായും അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. രതീഷ് 'മാധ്യമത്തോട്' പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.