പരിധി വിട്ട് പകൽച്ചൂട്: പാർക്കുകൾ രാവിലെ 11 മുതൽ തുറക്കാൻ നിർദേശം
text_fieldsകൊച്ചി: കൊടും വേനലിെൻറ പ്രതീതി ഉയർത്തി പകൽച്ചൂട് പരിധി വിട്ട് ഉയരുന്ന സാഹചര്യത്തിൽ വൃക്ഷങ്ങളും തണലുമുള്ള പൊതുസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയവ പകൽ വിശ്രമത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ നിർദേശം. രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ തുറക്കണം. പൊതുസ്ഥലങ്ങളിൽ ജല കിയോസ്കുകൾ സ്ഥാപിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായി അപ്രതീക്ഷിതമായ അന്തരീക്ഷവും ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ജലാശയങ്ങളിലെ വെള്ളത്തിെൻറ ഗുണമേന്മ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട ക്വാറികൾ, മലിനീകരിക്കപ്പെട്ട മറ്റ് ജല സ്രോതസ്സുകൾ തുടങ്ങിയവയിലെ ജലം മലിനീകരണ നിയന്ത്രണ ബോർഡ്, ജല അതോറിറ്റി, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ജലവിഭവ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധിക്കണം. ജലക്ഷാമം രൂക്ഷമായാൽ അവ ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കണം. സൂര്യാതപം സംബന്ധിച്ച ബോധവത്കരണ കാമ്പയിൻ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ വർക്കിങ് ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്താം. പൊതുജനങ്ങൾ കൂടുന്നയിടങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പൊതുമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ ക്രമീകരണം നടത്തി താൽക്കാലിക വിശ്രമ സൗകര്യവും കുടിവെള്ള ലഭ്യതയും ഒ.ആർ.എസ് ലായനിയും ഉറപ്പ് വരുത്തണം. ചൂട് പ്രതിരോധിക്കാൻ ശേഷിയുള്ളതും നഗരങ്ങളിൽ ചൂട് വർധിപ്പിക്കാത്തതുമായ കെട്ടിട നിർമാണ രീതികളെ പ്രോത്സാഹിപ്പിക്കണമെന്നും മുറ്റം ഇന്റർലോക്ക് ചെയ്യുന്നത് പോലെയുള്ള പ്രവണതകളെ നിരുത്സാഹപ്പെടുത്തണമെന്നും അറിയിച്ചു.
ചൂട് 33 ഡിഗ്രിയിൽ എത്തി
കൊച്ചി: പുതുവർഷം പിറന്ന് ഓരോ ദിനവും പകൽച്ചൂടിൽ പൊള്ളുകയാണ് ജില്ല. ജനുവരി ഒന്നിന് 32 ഡിഗ്രിയായിരുന്ന കൂടിയ താപനില രണ്ടിന് 33 ഡിഗ്രിയിലേക്ക് ഉയർന്നു. 32, 30 ഡിഗ്രിയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലെ താപനില. ഈമാസം വരും ദിവസങ്ങളിൽ 31, 32 ഡിഗ്രിയായി താപനില തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഏജൻസികളുടെ മുന്നറിയിപ്പ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.